കാരേറ്റ്: കഴിഞ്ഞ കുറെക്കാലമായി നിരവധി വികസന പരിപാടികളാണ് കാരേറ്റിനോട് ചേർന്ന് നടക്കുന്നത്. കോടികൾ മുടക്കി ഇതൊക്കെ ചെയ്തിട്ടും കാരേറ്റിന്റെ കഥ മാറുന്നില്ല. സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നായ കാരേറ്റിന് ബുദ്ധിമുട്ടുകളുടെ കഥ മാത്രമാണ് പറയാനുള്ളത്. നാലു റോഡുകൾ സന്ധിക്കുന്ന കരേറ്റു ജംഗ്ഷനിൽ നിരവധി കച്ചവട സ്ഥാപനങ്ങളും ബാങ്കും, പഞ്ചായത്ത് ബസ് സ്റ്റാൻഡും ചന്തയും സ്ഥിതി ചെയ്യുന്നു.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊൻമുടിയെ ബന്ധിപ്പിച്ചു കൊണ്ട് കാരേറ്റ് - കല്ലറ- ഭരതന്നൂർ-പൊൻമുടി റോഡിന്റെ പണി തുടങ്ങിയെങ്കിലും കാരേറ്റ് ജംഗ്ഷനിൽ നിന്നും ഒരു കിലോ മീറ്റർ ഭാഗം ഇപ്പോഴും വെട്ടി പൊളിച്ചിട്ടിരിക്കുന്നതല്ലാതെ മറ്റൊരു പണിയും നടന്നിട്ടില്ല. സ്ഥലം ഏറ്റെടുക്കുകയോ ഓടകൾ നിർമ്മിക്കുകയോ ചെയ്യാത്തതിനാൽ ഇറക്കമായ ഈ സ്ഥലത്തു കൂടി ഒലിച്ചു വരുന്ന വെള്ളം പ്രദേശത്തെ കടകളിലും കാരേറ്റ് ജംഗ്ഷനിൽ എത്തി വെള്ളക്കെട്ടുണ്ടാക്കുന്നു. കല്ലറയിൽ നിന്നും വരുന്ന റോഡിലൂടെ ഒഴുകിയെത്തുന്ന വെള്ളവും സംസ്ഥാന പാതയിൽ വെള്ളക്കെട്ടുണ്ടാക്കുന്നു. കെ.എസ്.ആർ.ടി.സി ദീർഘ ദൂര സർവീസുകൾ ഉൾപ്പെടുന്ന നിറുത്തുന്ന കാരേറ്റ് ജംഗ്ഷനിൽ യാത്രക്കാർക്ക് വേണ്ടി ഒരു വെയ്റ്റിംഗ് ഷെഡ് പോലുമില്ല.
മഴക്കാലത്ത് റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വാഹനങ്ങൾ കടന്നുപോകുമ്പോൾ യാത്രക്കാരുടെ ദേഹത്തും സമീപത്തെ കച്ചവട സ്ഥാപനങ്ങളിലും മലിനജലവും ചെളിയും തെറിക്കുന്നത് നിത്യസംഭവമാണ്.
പൊതുചന്ത വികസിപ്പിക്കുന്നതിനോ അടിസ്ഥാന സാഹചര്യങ്ങൾ ഒരുക്കി പഞ്ചായത്തിന്റെ വരുമാനം വർദ്ധിപ്പിക്കുന്നതിനോ വേണ്ട നടപടികൾ ഒന്നും പഞ്ചായത്ത് സ്വീകരിക്കുന്നില്ല. പഞ്ചായത്ത് കെട്ടിടത്തിന്റെ 100മീറ്റർ അകലെ മാത്രം സ്ഥിതി ചെയുന്ന പഞ്ചായത്ത് കുളത്തിൽ ഒരു ബാരിക്കേഡ് സ്ഥാപിക്കുക എന്നുള്ളത് നാട്ടുകാരുടെ കാലാകാലങ്ങളായുള്ള ആവശ്യമാണ്. ദിവസേന നൂറുകണക്കിന് വാഹനങ്ങളും ആയുർവേദ ആശുപത്രിയിലേക്കുള്ള രോഗികളും ദേവസ്വം ഹൈസ്കൂളിലെ കുട്ടികളും ഈ കുളത്തിന് സമീപത്തുകൂടിയാണ് യാത്ര ചെയ്യുന്നത്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് പഞ്ചായത്ത് അധികൃതർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |