ന്യൂഡൽഹി: മഹാരാഷ്ട്രയിൽ 19 ദിവസത്തിനിടെ ഉണ്ടായത് അരലക്ഷത്തിലേറെ പുതിയ കൊവിഡ് രോഗികൾ. ജൂണിലെ ആദ്യ 12 ദിവസത്തിൽ 30,000 പുതിയ രോഗികളുണ്ടായി. 1431 പേർക്ക് ജീവൻ നഷ്ടമായി.
മാർച്ച് 9 നാണ് ആദ്യ കൊവിഡ് കേസ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഗൾഫിൽ നിന്ന് പൂനെയിലേക്ക് മടങ്ങിയെത്തിയ ദമ്പതികൾക്കായിരുന്നു രോഗബാധ. ഇതിന് ശേഷം ആകെ കേസുകൾ അരലക്ഷം കടക്കാൻ 77 ദിവസമെടുത്തു. രണ്ടാമത്തെ അരലക്ഷം കടന്നത് വെറും 19 ദിവസം കൊണ്ടാണ്. രോഗികൾ ഒരു ലക്ഷം കടക്കാൻ ആകെ എടുത്തത് 96 ദിവസം.
പ്രതിദിന രോഗികളുടെ എണ്ണം മൂവായിരം കടന്നു. ദിവസേന നൂറിലേറെ മരണവും സംഭവിക്കുന്നു. ആകെ മരണം നാലായിരത്തോടടുക്കുകയാണ്. മരണനിരക്ക് 3.68 ശതമാനം. ദേശീയ ശരാശരിയെക്കാൾ കൂടുതലാണിത്.
മഹാരാഷ്ട്ര ഒരു രാജ്യമായിരുന്നെങ്കിൽ നിലവിൽ ആഗോളതലത്തിൽ 17-ാമതാകും സ്ഥാനം. ചൈനയെയും കാനഡയെയും നേരത്തെ തന്നെ മഹാരാഷ്ട്ര മറികടന്നിരുന്നു.
55,000 കേസുകളുള്ള മുംബയാണ് രാജ്യത്ത് കൊവിഡ് ഏറ്റവും രൂക്ഷമായ നഗരം. മുംബയിൽ മരണം 2000 കടന്നു. മഹാരാഷ്ട്രയിലെ ആകെ മരണത്തിന്റെ പകുതിയിലേറെയും മുംബയിലാണ്. താനെ 16,000 കടന്നു. പൂനെയിൽ 11,000 പിന്നിട്ടു. ഔറംഗബാദ്, പാൽഘർ എന്നീ ജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ദേശീയ ലോക്ക്ഡൗണിന് മുമ്പ് മാർച്ച് 23ന് മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അന്നുണ്ടായത് 97 കേസുകളാണ്. ഇപ്പോൾ ആകെ കേസുകൾ ഒരു ലക്ഷം പിന്നിട്ടു.
കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണത്തിൽ ദിവസം ശരാശരി മൂന്നു ശതമാനമാണ് വർദ്ധന. പത്തുലക്ഷത്തിൽ 828 പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |