ചാർട്ടർ വിമാനം പലതും റദ്ദാക്കേണ്ടി വന്നേക്കും
തിരുവനന്തപുരം: നാട്ടിലേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ കയറാൻ 48 മണിക്കൂർ മുമ്പുള്ള കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ നിർബന്ധമാക്കിയതോടെ, ഇതു നേടാൻ മതിയായ സൗകര്യമില്ലാത്ത ഗൾഫ് രാജ്യങ്ങളിലെ ആയിരക്കണക്കിന് പ്രവാസികൾ ആശങ്കയിലായി. ശനിയാഴ്ച മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രം യാത്രാനുമതിയെന്നാണ് സംസ്ഥാന നിലപാട്.
സർക്കാർ നിർദ്ദേശപ്രകാരം എംബസികൾ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് ഈ നിബന്ധനയില്ല. ഇതോടെ, കേരളം അനുമതി നൽകിയ 829 ചാർട്ടർ വിമാനങ്ങളിൽ നല്ലൊരു പങ്കും റദ്ദാക്കേണ്ടി വന്നേക്കും.
ഗൾഫിൽ രോഗ ലക്ഷണങ്ങളുള്ളവർക്കു മാത്രമാണ് സർക്കാർ ആശുപത്രികളിൽ പരിശോധന. സ്വകാര്യാശുപത്രികളിൽ 8000 മുതൽ 30000 രൂപവരെയാണ് നിരക്ക്. ജോലിനഷ്ടമായും വിസ തീർന്നും മടങ്ങുന്നവർക്ക് ഭാരിച്ച പരിശോധനാച്ചെലവ് താങ്ങാനാവുന്നതല്ല.
കൈയിൽ പണമുണ്ടെങ്കിൽ തന്നെ സ്രവമെടുക്കാൻ ബുക്കു ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കണം. ഫലം കിട്ടാൻ 96 മണിക്കൂർ വരെയെടുക്കും. എസ്.എം.എസായാണ് ഫലം കിട്ടുക. സർക്കാർ ആവശ്യപ്പെടും പോലെ സർട്ടിഫിക്കറ്റ് മിക്കയിടത്തുമില്ല.
ബെഹ്റിനിൽ 8 സ്വകാര്യാശുപത്രികൾക്ക് മാത്രമാണ് പരിശോധനാനുമതി. ഒമാനിലെ സലാലയിൽ പരിശോധനാ സൗകര്യമില്ലാത്തതിനാൽ മസ്കറ്റിലേക്ക് സാമ്പിളയയ്ക്കുകയാണ്.
റാപ്പിഡ് ടെസ്റ്റിന്
അനുമതിയില്ല
അതേസമയം, ഇന്നലെ മന്ത്രിസഭായോഗം നിശ്ചയിച്ച ബ്ളഡ് റാപ്പിഡ് ടെസ്റ്റിന് (ട്രൂനാറ്റ് പരിശോധന) സൗദി അറേബ്യയിലടക്കം അനുമതിയില്ല. സ്ട്രിപ്പിൽ രക്തത്തുള്ളി പതിപ്പിച്ചുള്ള പരിശോധനയാണ്. അരമണിക്കൂറിനുള്ളിൽ ഫലം കിട്ടുമെങ്കിലും കൃത്യതയില്ലെന്നാണ് സൗദിയുടെ നിലപാട്.
കൊവിഡ് പരിശോധനാ
ചെലവ്
സൗദിഅറേബ്യ: 1522 റിയാൽ (30,900 രൂപ)
കുവൈറ്റ്: 113ദിനാർ (28000 രൂപ)
ഒമാൻ: 75റിയാൽ (14,900 രൂപ)
ബെഹ്റിൻ: 50 ദിനാർ (10,101രൂപ)
യു.എ.ഇ: 370 ദിർഹം: (7700 രൂപ)
പ്രശ്‌നങ്ങൾ
1. പരിശോധനാ ഫലത്തിന് 48 മണിക്കൂറേ സാധുതയുള്ളൂ
2. വിമാനം ചാർട്ടർ ചെയ്തശേഷം കൂട്ട പരിശോധന പ്രയാസം
3. സമയത്ത് ഫലം കിട്ടിയില്ലെങ്കിൽ വിമാനം റദ്ദാക്കേണ്ടിവരും
4. ടെസ്റ്റ് നടത്തിയ ശേഷവും യാത്രയ്ക്കിടെ രോഗമുണ്ടാകാം
ബദൽ നിർദ്ദേശങ്ങൾ
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പി.പി.ഇ കിറ്റ് എന്നിവ നിർബന്ധമാക്കാം
പനി, രക്തസമ്മർദം, ഓക്‌സിജൻ നില പരിശോധിച്ച് യാത്രാനുമതി നൽകാം
ഇന്ത്യക്കാരുടെ ആശുപത്രികളിൽ നോർക്കവഴി പരിശോധനാ സൗകര്യമൊരുക്കാം
സർക്കാർ ഭയക്കുന്നത്
മടങ്ങിയെത്തുന്നവരിൽ മൂന്നു ശതമാനം പേർ കൊവിഡ് പോസിറ്റീവാണ്. രണ്ടു ലക്ഷത്തോളം പ്രവാസികളെത്തിയാൽ ഒരു മാസത്തിനിടെ ആറായിരം രോഗികൾ. രോഗവ്യാപന നിരക്ക് മൂന്നാവുകയും 10 ശതമാനം രോഗികളെ 28ദിവസം കിടത്തിചികിത്സിക്കേണ്ടിയും വരും. എങ്കിൽ സംസ്ഥാനത്ത് ആശുപത്രി സൗകര്യങ്ങൾ തികയില്ല.
''നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യം. ചാർട്ടേർഡ് വിമാനങ്ങൾ റദ്ദാക്കേണ്ട ഗുരുതര സ്ഥിതിയുണ്ടാവും''
-ഉമ്മൻചാണ്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |