ജനീവ:ചൈനയുമായുള്ള അതിർത്തി സംഘർഷം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കത്തിനിൽക്കേ, ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ താൽക്കാലിക അംഗമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയ്‌ക്ക് വലിയ നയതന്ത്ര വിജയമായി.
എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യാ- പസഫിക് പ്രതിനിധിയായാണ് ഇന്ത്യയുടെ വിജയം.
193 അംഗ യു. എൻ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ ഇന്ത്യ നേടി.
കാനഡ വിട്ടു നിന്നതിനാൽ 192 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
ജയിക്കാൻ128 വോട്ടുകളാണ് വേണ്ടിയിരുന്നത്. 2021 ജനുവരി മുതൽ രണ്ടുവർഷമാണ് അംഗത്വ കാലാവധി.ബുധനാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയ്ക്കൊപ്പം അയർലൻഡ്, മെക്സിക്കോ, നോർവെ എന്നീ രാജ്യങ്ങളും വിജയിച്ചു.
ചൈനയും പാകിസ്ഥാനും ഉൾപ്പെടുന്ന 55 അംഗ ഏഷ്യ-പസഫിക് ഗ്രൂപ്പ് കഴിഞ്ഞ ജൂണിൽ ഇന്ത്യയുടെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. യു.എൻ ജനറൽ അസംബ്ലിയുടെ 75ാം സെഷനിലേക്കുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സെക്യൂരിറ്റി കൗൺസിലിൽ സ്ഥിരാംഗത്വം ഇല്ലാത്ത പത്ത് അംഗങ്ങൾക്കും, സാമ്പത്തിക സാമൂഹിക സമിതി അംഗങ്ങൾക്കും യു.എൻ ആസ്ഥാനത്ത് പ്രത്യേക വോട്ടെടുപ്പ് ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണിത്. തുർക്കി നയതന്ത്രജ്ഞൻ വോൾക്കാൻ ബോസ്‌കിർ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. താത്കാലികമായ 10 സീറ്റുകളെ ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങൾക്ക് അഞ്ച്, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾക്ക് ഒന്ന്, ലാറ്റിൻ അമേരിക്കൻ, കരീബിയൻ രാജ്യങ്ങൾക്ക് രണ്ട് , പടിഞ്ഞാറൻ യൂറോപ്പ്, മറ്റ്രാജ്യങ്ങൾ രണ്ട് എന്നിങ്ങനെ പ്രാദേശിക അടിസ്ഥാനത്തിൽ വിഭജിച്ചിട്ടുണ്ട്.
1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92, 2011-12 എന്നീ വർഷങ്ങളിലാണ് മുമ്പ് ഇന്ത്യ രക്ഷാ സമിതിയിൽ അംഗമായിട്ടുള്ളത്.
ഐക്യരാഷ്ട്രസഭയുടെ 75-ാം വാർഷികവും 2022 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ആഘോഷിക്കുന്ന സമയത്ത് രക്ഷാ സമിതിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം മഹനീയമാണ്. ഇത് 'വസുധൈവകുടുംബകം' എന്ന ഭാരതധർമ്മം ലോകം മുഴുവൻ എത്തിക്കാൻ സഹായിക്കും. ഐക്യരാഷ്ട്രസഭയുമായുള്ള ഇന്ത്യയുടെ യാത്ര വളരെ ശ്രദ്ധേയമാണ്. സ്ഥാപക അംഗമെന്ന നിലയിൽ, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെ ലക്ഷ്യങ്ങൾ നടപ്പാക്കുന്നതിനും യു.എൻ പ്രത്യേക ഏജൻസികളുടെയും പരിപാടികളുടെയും വികാസത്തിനും ഇന്ത്യ നൽകിയ സംഭാവനകൾ വലുതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഗോള നേതൃത്വത്തിനും ദീർഘവീക്ഷണത്തിനുമുള്ള സമ്മതപത്രമാണ് ഈ സുരക്ഷാസമിതി അംഗത്വം. -യു.എന്നിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി “
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |