ജില്ലാ കോടതി പാലം പുനർനിർമ്മിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്
ആലപ്പുഴ: നഗരത്തിലെ തിരക്കേറിയതും കാലപ്പഴക്കം ചെന്നതുമായ ജില്ലാ കോടതി പാലം പുനർ നിർമ്മിക്കാനുള്ള പദ്ധതി അന്തിമഘട്ടത്തിലേക്ക്. ഇരുകരകളിലും നാൽക്കവലകളോടു കൂടിയായിരിക്കും പാലം വികസനം. നിരവധി വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാലാണ് മുൻകാലങ്ങളിൽ പാലം പുതുക്കി പണിയുന്നതിനുള്ള പദ്ധതികൾ പലതും മുടങ്ങിപ്പോയത്. നഗരവികസനത്തിന്റെ ഭാഗമായി ഇപ്പോൾ തയ്യാറാക്കുന്ന പദ്ധതിയിൽ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നതും ഉൾപ്പെടുത്തിയിട്ടുണ്ട്.
പാലത്തിന്റെ നിർമ്മാണചുമതലയുള്ള കെ.ആർ.എഫ്.ബി (കേരള റോഡ് ഫണ്ട് ബോർഡ്) രൂപരേഖ തയ്യാറാക്കി സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കും. ഹെറിറ്റേജ് കെട്ടിടമായ എസ്.ഡി.വി സ്‌കൂൾ, ആർ.ഡി.ഒ ഓഫീസ് തുടങ്ങിയവ അതേപടി നിലനിർത്തും. സർക്കാർ ഓഫീസുകൾക്ക് പുനരധിവാസം ഒരുക്കുമ്പോൾ എന്തൊക്കെ സൗകര്യങ്ങൾ വേണമെന്ന് ബന്ധപ്പെട്ടവരോട് ആരായും. പദ്ധതി സംബന്ധിച്ച് പൊതുജനങ്ങൾക്ക് വ്യക്തത വരുത്താൻ വീഡിയോ തയ്യാറാക്കും.
പദ്ധതിക്കാവശ്യമായ സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ പഠനം പൂർത്തിയായതായി പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു. സർവ്വേ നടപടികൾ പുരോഗമിക്കുന്നു. സാങ്കേതികാനുമതിക്ക് ഡി.പി.ആർ പൂർത്തിയാക്കി. സ്ഥലം ഏറ്റെടുക്കുന്നതിന് കളക്ടർക്ക് റിക്വിസിഷൻ സമർപ്പിച്ചു. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായാൽ ഉടൻ ടെണ്ടർ ചെയ്യുമെന്നും പൊതുമരാമത്ത് പാലം വിഭാഗം അറിയിച്ചു.
258 : പാലം പുതുക്കി പണിയുന്നതിനായി ഇരു കരകളിൽ നിന്ന് 258സെന്റ് സ്ഥലം ഏറ്റെടുക്കും
പുനരധിവാസം ഇങ്ങനെ
ഏറ്റെടുക്കുന്ന സ്ഥലത്തെ വ്യാപാരികളുടെയും സർക്കാർ ഓഫീസുകളുടെയും പുനരധിവാസം ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് ആവശ്യമായ തുക കിഫ്ബിയിൽ നിന്ന് ലഭ്യമാക്കും. നഗരസഭയുടെ ഭൂമിയിലായിരിക്കും കെട്ടിട സമുച്ചയം നിർമ്മിക്കുക. പുനരധിവാസം വേണ്ട കടകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം,വിസ്തൃതി തുടങ്ങിയ കാര്യങ്ങൾ തിട്ടപ്പെടുത്തും. പാലത്തോടൊപ്പം പുനരധിവാസ കെട്ടിട സമുച്ചയത്തിന്റെ നിർമാണവും ആരംഭിക്കാൻ തക്കവിധത്തിൽ ഒരുക്കങ്ങൾ വേഗത്തിലാക്കണം. പുനരധിവസിപ്പിക്കേണ്ടി വരുന്നവരുടെയും നഗരസഭ അധികൃതരുടെയും യോഗം കളക്ടർ മുൻകയ്യെടുത്ത് വിളിച്ചു ചേർക്കും.
'' ജില്ല കോടതി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനുൾപ്പെടെ കെട്ടിട സമുച്ചയം നിർമ്മിക്കാൻ കിഫ്ബിയിൽ നിന്ന് പണം ലഭ്യമാക്കും. ആധുനിക ഷോപ്പിംഗ് മാൾ എന്ന നിലയ്ക്കാകും കെട്ടിട സമുച്ചയം. പാലം നിർമ്മിക്കുമ്പോൾ സ്ഥലം നഷ്ടപ്പെടുന്ന വ്യാപാരസ്ഥാപനങ്ങൾ,അഭിഭാഷക ഓഫീസുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം പര്യാപ്തമായ വിധം പുനരധിവാസം ഉറപ്പാക്കും
മന്ത്രി തോമസ് ഐസക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |