എഴുത്തുകാരനുംസംവിധായകനുമെന്നനിലയിൽ മലയാള
സിനിമയുടെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു സച്ചി എന്ന സച്ചിദാനന്ദൻ. ആ തൂലികയിൽ നിന്ന് ഇനി എത്രയോ മികച്ച
സിനിമകൾ വരാനിരുന്നു. ഒരുപാട് ഹിറ്റുകൾബാക്കിവച്ച് യാത്രയായ സച്ചി അവസാന അഭിമുഖം നൽകിയത്
കൗമുദി ടി.വിക്കും ഫ്ളാഷ് മൂവീസിനുമായിരുന്നു
സച്ചി കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത
അയ്യപ്പനും കോശിയും സൂപ്പർഹിറ്റായിരുന്നു.ഈ
പശ്ചാത്തലത്തിലായിരുന്ന എറണാകുളത്ത് തമ്മനത്തുള്ള വസതിയിൽ വച്ച് സച്ചിദാനന്ദൻ എന്ന സച്ചി സംസാരിച്ചത്
മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഒരു സിനിമ
എങ്ങനെ പ്രേക്ഷകർക്ക് വിരസമാകാതെ പിടിച്ചിരുത്താൻ കഴിഞ്ഞു?
ഒരു ടെംപോ നിലനിറുത്തിക്കൊണ്ട് പോകുന്ന സിനിമകൾ ഞാൻ ഇതിനു മുൻപും ചെയ്തിട്ടുണ്ട്. അത് രാമലീല ആയാലും റൺ ബേബി റൺ ആയാലും ഒക്കെ അങ്ങനെയാണ്. പക്ഷെ അവയെല്ലാം 2:30 അല്ലെങ്കിൽ 2:35 മണിക്കൂർ ഒക്കെ ദൈർഘ്യമുള്ളവയായിരുന്നു. പക്ഷെ 'അയ്യപ്പനും കോശിയും' ഒരു പക്കാ സിനിമാറ്റിക് രീതിയിലല്ല, മറിച്ച് കുറച്ചു റിയലിസ്റ്റിക്ക് രീതിയിലാണ് ഞാൻ സമീപിച്ചത്. അത് നിലനിറുത്താനായി സംഗീതത്തിന് പലയിടത്തും പ്രാധാന്യം നൽകേണ്ടി വന്നു. മറ്റൊന്ന് അട്ടപ്പാടി പോലൊരു സ്ഥലത്ത് സിനിമ ചെയ്തതിന്റെ ഒരു ജൈവ സ്വാഭാവവും നിലിർത്താനും ശ്രമിച്ചു. അതുകൊണ്ടാണ് സിനിമയിൽ കട്ടുകൾ ഒന്നും വേണ്ട എന്ന് ശാഠ്യം പിടിച്ചത്. എന്റെ ആ തീരുമാനം വിജയിച്ചു എന്നാണ് ലാഗ് ഫീൽ ചെയ്യുന്നില്ല എന്ന് കേൾക്കുമ്പോൾ തോന്നുന്നത്. നേരെ മറിച്ച് സിനിമ ലാഗ് ഫീൽ ചെയ്യുന്നു എന്ന് കേട്ടിരുന്നെങ്കിൽ എന്റെ ജഡ്ജ്മെൻറ് തെറ്റായേനെ.
താരങ്ങൾ മണ്ണിലേക്ക് ഇറങ്ങി വന്ന മാസ്സ് സിനിമ
ആണോ 'അയ്യപ്പനും കോശിയും' ?
താരങ്ങളെ ഞാൻ എന്റെ സിനിമയിൽ കാണാറില്ല. ഞാൻ നോക്കുന്നത് കഥാപാത്രങ്ങളെയാണ്. എന്റെ സിനിമയിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളുടെ താര ഭാരങ്ങൾ ഒന്നും തന്നെ എന്നെ ബാധിക്കാറില്ല. അവരെ അത് ബാധിക്കും എന്ന് തോന്നിയാൽ അവർക്ക് ആ സിനിമയിൽ നിന്ന് പിന്മാറാം. ഞാൻ ചെയ്താൽ ശരിയാകില്ല എന്ന് പറയാം. എന്നാൽ അവർ റെഡി എന്ന് പറയുമ്പോൾ പിന്നെ നമ്മൾ എന്ത് നോക്കാൻ... പൃഥിയും ബിജുവും കഥാപാത്രങ്ങളെ കഥാപാത്രങ്ങളായി കാണാൻ കഴിയുന്നവരാണ്. കഥയിലെ ഓരോ സന്ദർഭത്തിലും ഒരാൾ തോൽക്കുമ്പോൾ മറ്റെയാൾ ജയിക്കുമ്പോൾ അത് സിനിമയുടെ ഭാഗമാണ്, കഥയുടെ വളർച്ചയുടെ അവിഭാജ്യഘടകമാണ് എന്നൊക്കെ മനസ്സിലാക്കാൻ കഴിയുന്ന രണ്ടു ബുദ്ധിമാന്മാരായ നടന്മാർ ആണ് എനിക്ക് ഈ കഥാപാത്രങ്ങളാകാൻ കിട്ടിയത്. ഞാൻ കൊമേഴ്സ്യൽ സിനിമയുടെ വക്താവാണ്. എന്നാലും ഇതൊരു വലിയ മാസ്സ് പടം ആകാമെന്നൊന്നും എനിക്ക് ആദ്യം തോന്നിയിരുന്നില്ല. എങ്കിലും ഒരു മാസ്സ് സ്വഭാവം സിനിമയുടെ രണ്ടാം പകുതിയിൽ കിടക്കുന്നത് കൊണ്ടാണ് ഞാൻ പറഞ്ഞത് ഇതിൽ ചെറിയൊരു മാസ്സ് സ്വഭാവം ഉണ്ട് എന്നത്. എന്നാൽ അത് ശരിക്കും ജൈവ സ്വഭാവമുള്ള മാസ്സ് രംഗങ്ങൾ ആണ്. ഒരുപാട് ജനക്കൂട്ടം ഇരച്ചു കയറി കാണുന്ന സിനിമ എന്നത് കൊണ്ടാണല്ലോ അതിനെ മാസ്സ് സിനിമ എന്ന് നമ്മൾ പറയുന്നത്. അപ്പോൾ ഇഷ്ടപ്പെട്ടാൽ ജനം ഇരച്ചു കയറും. ചിത്രത്തിൽ നായികയായി ഒരു സുന്ദരിക്കോതയെ ഒന്നുമല്ല നമ്മൾ കൊണ്ട് വന്നത്. കാരണം ഒരു ആദിവാസി സ്ത്രീയാണ് നായിക. അതും മണ്ണിൽ ചവിട്ടിക്കാൻ വേണ്ടി തന്നെ ചെയ്തതാണ്. ചിത്രത്തിൽ ബിജു മേനോൻ അവതരിപ്പിക്കുന്ന അയ്യപ്പൻ നായർ എന്ന കഥാപാത്രം പലയിടങ്ങളിലും പൃഥിയുടെ കോശി കുര്യൻ എന്ന കഥാപാത്രത്തെ നിഷ്പ്രഭമാക്കുന്നുണ്ട്..ശരിക്കും ഒരു വില്ലൻ കഥാപാത്രത്തെയാണ് പൃഥി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. അത് അദ്ദേഹം പറയുകയും ചെയ്തിരുന്നു.
തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്ത്
നിൽക്കുന്ന പൃഥി എങ്ങനെയാണ് കോശി എന്ന കഥാപാത്രത്തെ ഏറ്റെടുത്തത് ?
എല്ലാ സിനിമകളിലും ഞാൻ കഥയായിട്ടല്ല നടന്മാരോട് സിനിമ പറയാറുള്ളത്. മുഴുവൻ തിരക്കഥയും കൊണ്ടാകും ഞാൻ അവരുടെ അടുക്കൽ എത്തുക. പൂർണ്ണമായ തിരക്കഥ വായിച്ചു കേൾക്കുമ്പോൾ ഇവർക്ക് ഒരു അവ്യക്തതയും ഉണ്ടാകില്ല.ഇതൊക്കെ തന്നെയാണ് സിനിമയിൽ ഷൂട്ട് ചെയ്യാൻ പോകുന്നതും സ്ക്രീനിൽ വരാൻ പോകുന്നതും എന്ന ധാരണ അവർക്ക് ഉണ്ടാകും. മറിച്ച് കഥ പറഞ്ഞിട്ട് പിന്നെ തിരക്കഥ എഴുതി വരുമ്പോൾ എന്റെ കഥാപാത്രം താണു പോയോ എന്ന തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ ഉണ്ടായേക്കാം. ഞാൻ മുഴുവൻ തിരക്കഥയാണ് രാജുവിനും ബിജുവിനും വായിച്ചു കേൾപ്പിച്ചത്. ആദ്യം കേട്ടത് ബിജുവാണ്. ആദ്യം കേട്ട ഉടൻ ബിജു എന്നോട് ചോദിച്ചത്, എടാ രാജു ഇത് ചെയ്യുമോ?എന്നായിരുന്നു. രാജു പലയിടത്തും താണു പോകുന്നില്ലേ ?അപ്പോൾ ഞാൻ പറഞ്ഞു രാജുവല്ല താഴുന്നത്, ആ കഥാപാത്രമാണ്.അത് മനസ്സിലാക്കാനുള്ള വിവേകം രാജുവിന് ഉണ്ടെന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്. രാജു ഈ കഥാപാത്രം ചെയ്യില്ലെന്ന് ഞാൻ 2 ശതമാനം മാത്രമേ വിശ്വസിക്കുന്നുള്ളൂ. അത് നീ വിട്ടേക്ക് എന്നാണ് ഞാൻ ബിജുവിനോട് പറഞ്ഞത്. അതിനു ശേഷം കുട്ടിക്കാനത്ത് ഒരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഇടയിൽ രാത്രി 9 മണിക്ക് ഷൂട്ട് കഴിഞ്ഞ് വന്നപ്പോഴാണ് രാജുവിനോട് ഈ കഥ ഞാൻ വായിച്ചു കേൾപ്പിക്കുന്നത്. ഇന്റർവെൽ വരെ വായിച്ചു തീർത്തപ്പോൾ തന്നെ രാത്രി 1 മണി ആയി. കാരണം വളരെ വിശദമായി തന്നെയാണ് ഞാൻ തിരക്കഥ വായിക്കുന്നത്. അപ്പോൾ ഞാൻ പറഞ്ഞു ഒരു മണിയായില്ലേ..നിങ്ങൾ പോയി കിടന്നോ ഞാൻ നാളെ ഒരു ദിവസം കൂടി ഇവിടെ നിന്നിട്ട് നാളെ രാത്രി അടുത്ത ഭാഗം വായിച്ചു കേൾപ്പിക്കാമെന്ന്. അപ്പോൾ രാജു പറഞ്ഞത് നിങ്ങൾക്ക് കുഴപ്പമില്ലെങ്കിൽ ഇന്ന് രാത്രി തന്നെ ബാക്കി കൂടെ വായിക്കണം, കാരണം എനിക്ക് ഇത് മുഴുവൻ കേൾക്കാതെ ഇനി ഉറങ്ങാൻ പറ്റില്ല എന്ന്. അങ്ങനെ രാത്രി ഏകദേശം 3 മണിയോട് അടുത്തപ്പോഴാണ് ഞാൻ മുഴുവൻ തിരക്കഥയും വായിച്ചു തീർത്തത്. വായിച്ചു കഴിഞ്ഞ ഉടൻ ഞാൻ രാജുവിനോട് ചോദിച്ചു, എന്ത് തോന്നുന്നു ? അപ്പോൾ രാജു പറഞ്ഞു, "എന്ത് തോന്നാൻ, ഞാൻ ഇത് ചെയ്യുന്നു. ഇത്രയും ഗംഭീര ഡയമെൻഷൻസ് ഒക്കെയുള്ള കഥാപാത്രമല്ലേ..." രണ്ടുദിവസം ഒന്ന് ആലോചിച്ചിട്ട് പറയാം അല്ലെങ്കിൽ ഏതെങ്കിലും ഒരു സീനിനെ പറ്റിയോ അല്ലെങ്കിൽ ഒരു ഡയലോഗിനെക്കുറിച്ചോ ഒന്നും ചോദിക്കാതെ ഉടനടി യെസ് എന്ന് പറഞ്ഞ ആളാണ് രാജു. ഈ ഒരു മനോഭാവമുള്ള നടന്മാർ ഒക്കെയാണ് ഇങ്ങനെയുള്ള സിനിമകൾ ഉണ്ടാകാൻ സഹായിക്കുന്നത്.
എന്ത് കൊണ്ട് സിനിമകൾക്കിടയിൽ വലിയ ഇടവേളകൾ സംഭവിക്കുന്നു?
തിരക്കഥാരചന ഒരു ക്രാഫ്റ്റ് ആണ്. ഒരു കഥ നമ്മൾ കൺസീവ് ചെയ്തു, ഇതാണ് നമ്മൾ അടുത്തതായി ചെയ്യുന്നത് എന്ന് തീരുമാനിച്ച്, ആ തീരുമാനത്തിന് പുറകിൽ പല തവണ ഇരുന്ന്, ചിലപ്പോൾ നമുക്ക് പരിചയമില്ലാത്ത മേഖലയാണെങ്കിൽ അതിനെക്കുറിച്ച് പഠിച്ച് വളരെ സാവധാനമാണ് ഞാൻ തിരക്കഥയിലേക്ക് കടക്കുന്നത്. കഥാപാത്രങ്ങൾ ഒക്കെ രൂപപ്പെട്ട് അതിന്റെ പല പോയിന്റുകളും ആലോചിച്ച് ക്ളൈമാക്സിന്റെ സ്വഭാവം ഒക്കെ മനസ്സിൽ വന്ന് വ്യക്തമായി നിന്നാൽ മാത്രമേ ഞാൻ പേന എടുക്കാറുള്ളൂ. എഴുത്ത് തുടങ്ങിയാൽ തന്നെ എവിടെയെങ്കിലും ഇടിച്ചു നിൽക്കുകയോ തൃപ്തികരമായി തോന്നുകയോ ചെയ്താൽ അവിടെ വച്ച് എഴുതിയാതൊക്കെ കീറി കളഞ്ഞിട്ട് യാത്രകളൊക്കെ പോകും. ചിലപ്പോൾ ഒന്നൊന്നര മാസമൊക്കെ കഴിഞ്ഞിട്ടാകും വന്ന് വീണ്ടും സിനിമയിലേക്ക് കടക്കുന്നത്. തിരക്കഥയിൽ പെർഫക്ഷന് വേണ്ടി അദ്ധ്വാനിക്കുന്നത് കൊണ്ടാണ് ഇത്രയും സമയം എടുക്കുന്നത്. അല്ലാതെ ജോലി തീർക്കുന്നത് പോലെ പെട്ടന്ന് എഴുതി തീർക്കാനൊന്നും എനിക്ക് കഴിയില്ല. തിരക്കഥ രചനയിൽ എനിക്ക് തോന്നുന്ന സമയം എടുക്കാം. പക്ഷെ തിരക്കഥ ലോക്ക് ചെയ്ത് ചിത്രീകരണം പ്ലാൻ ചെയ്താൽ പിന്നീട് നമ്മളെ ഭരിക്കുന്നത് ഒരു കലണ്ടർ ആണ്. കാരണം അതിനു ശേഷം ഇത്ര ദിവസത്തിനകം ഷൂട്ട് തീർത്തിരിക്കണം, ഇന്ന ദിവസം പോസ്റ്റ് പ്രൊഡക്ഷൻ തീരണം, ഇന്ന ദിവസം റിലീസ് ചെയ്യണം എന്നൊക്കെയുള്ള ഒരുപാട് കാര്യങ്ങൾ സമയബന്ധിതമായി തീർക്കേണ്ടതുണ്ട്.
'ഡ്രൈവിങ് ലൈസൻസ്' ആണെങ്കിലോ 'അയ്യപ്പനും കോശിയും' ആണെങ്കിലോ രണ്ടിലും രണ്ടു വ്യക്തികൾ തമ്മിലുള്ള സംഘർഷമാണ് വിഷയമാകുന്നത്.. അത് ഒരു സാമ്യത അല്ലേ?
'ഡ്രൈവിങ് ലൈസൻസ്' എന്ന ചിത്രത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർ ആയ കുരുവിളയ്ക്ക് അയാൾ ദൈവതുല്യം സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന ഒരു വ്യക്തിയിൽ നിന്ന് ഉണ്ടായ ഒരു ദുരനുഭവം അയാളുടെ ആത്മാഭിമാനത്തിനു ക്ഷതം എൽപ്പിക്കുമ്പോൾ ആരാധനകൾ എല്ലാം അഴിച്ചു വച്ച് അയാൾ മറ്റൊരാളായി മാറുന്നു. ഇവിടെ 'അയ്യപ്പനും കോശി'യിലും രണ്ടു വ്യത്യസ്ത രീതിയിൽ ജനിച്ചു വളർന്ന രണ്ടു അപരിചിതർ ആണ്. 'ഡ്രൈവിങ് ലൈസൻസി'ൽ ഒരു വലിയ സൂപ്പർ താരവും പുൽക്കൊടിയും തമ്മിലുള്ള യുദ്ധം പറയുമ്പോൾ 'അയ്യപ്പനും കോശിയി'ലും ഏറെക്കുറെ രണ്ടു തുല്യർ, രണ്ടു അപരിചിതർ തമ്മിലുള്ള യുദ്ധമാണ്. രണ്ടു പേർ തമ്മിലുള്ള പ്രശ്നം ആണെന്നതിൽ കവിഞ്ഞ് ഇതിൽ എവിടെയാണ് സാമ്യം ? മാത്രമല്ല, 'അയ്യപ്പനും കോശിയിലും' ഒരു വർഗ്ഗ സമരത്തിന്റെ സ്വഭാവമുണ്ട്. ഒരു അപരിചിതനോട് പോലും അയ്യപ്പൻ നായർ പറയുന്നുണ്ട്, അയ്യപ്പൻ എന്നത് എന്റെ അമ്മയുടെ അച്ഛന്റെ പേരാണ്, നായരുടെ പാടത്തായിരുന്നു വീട്ടുകാർക്ക് പണി.അച്ഛനാണ് നായർ. എന്നെ സ്കൂളിൽ ചേർത്തപ്പോൾ നായർ എന്ന് ചേർത്തത് അമ്മയുടെ പ്രതിഷേധമായിരുന്നു എന്ന്. അമ്പതാം വയസിനോടടുത്ത് നിൽക്കുന്ന സമയത്ത് ഒരു ആദിവാസി സ്ത്രീയെ വിവാഹം കഴിച്ച് അവളെ സംരക്ഷിക്കുന്ന ആളാണ് അയ്യപ്പൻ നായർ. അങ്ങനെ അടിസ്ഥാന വർഗത്തിന്റെ ഒരു പ്രതിനിധിയാണ് ഒരു വശത്ത്. മറുവശത്ത് സമ്പന്നതയും എല്ലാ രാഷ്ട്രീയ പിടിപാടുകളും ഉള്ള എല്ലാ പ്രിവിലേജുകളും എനിക്ക് കിട്ടാൻ അർഹതയുണ്ട് എന്ന് അഹങ്കരിക്കുന്ന അല്ലെങ്കിൽ ആ ധാർഷ്ട്യം ഉള്ള , പൊതുസമൂഹത്തിൽ പരസ്പരബഹുമാനത്തോടെ എങ്ങനെ ജീവിക്കണം എന്ന് പഠിച്ചിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ. അങ്ങനെ നോക്കുമ്പോൾ നേരത്തെ പറഞ്ഞത് പോലെ ഇത് ഒരു മിനി ക്ലാസ് വാർ ആണ്. അങ്ങനെ ഒരു ഘടന കൂടി 'അയ്യപ്പനും കോശി'യിലും ഉണ്ട്.
ക്രിമിനൽ അഡ്വക്കേറ്റ് ആയിരുന്നു സച്ചി, അഭിഭാഷകൻ ആയിരുന്നത് കൊണ്ടാണോ താങ്കളുടെ ഒട്ടുമുക്കാലും സിനിമകളിലും പൊതുജനങ്ങൾക്ക് അധികം അറിവില്ലാത്ത ഒരു നിയമപ്രശ്നം വരുന്നത്. അത് ബോധപൂർവ്വം ആണോ?
ശരിയാണ്..എന്റെ എല്ലാ സിനിമകളിലും ഒരു നിയമപ്രശ്നമോ നിയമ കുരുക്കോ ആയിരിക്കും ഒരു പുതിയ ട്വിസ്റ്റ് ഉണ്ടാക്കുന്നത് അല്ലെങ്കിൽ കഥയ്ക്ക് ഒരു ഡ്രൈവ് നൽകുന്നത്. അതിനു ശരിക്കും എന്റെ അഭിഭാഷകവൃത്തിയും നിയമ പഠനവും ഒക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. നിരവധി കക്ഷികൾ ഉണ്ടായിരുന്നു. അവയിൽ 90ശതമാനവും ക്രിമിനൽ കേസുകൾ ആയിരുന്നു. അപ്പോൾ എന്തായിരുന്നു അവരുടെ കേസ് എന്നും അതിൽ എങ്ങനെ പോലീസ് ഇടപെട്ടുവെന്നും ആ സംഭവം അവരുടെ കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നും അതിൽ ഇരയാക്കപ്പെട്ടവരുടെ ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചു എന്നതൊക്കെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയല്ലേ. ശരിക്കും എന്റെ എഴുത്തിനൊക്കെ അത് ഒരുപാട് സഹായിച്ചിട്ടുണ്ട്.
സച്ചി മലയാളത്തിലെ 'മോസ്റ്റ് വാണ്ടഡ്' തിരക്കഥാകൃത്തും സംവിധായകനുമായി മാറിക്കഴിഞ്ഞു. അടുത്ത സിനിമയ്ക്കും വലിയ ഒരു ഗ്യാപ്പ് ഉണ്ടാകുമോ?
കഴിഞ്ഞ രണ്ടു സിനിമകൾ വിജയമായി, ശരിയാണ് ഇപ്പോൾ നിർമ്മാതാക്കളൊക്കെ പഴയതിനെക്കാൾ കൂടുതലായി വിളിക്കുന്നുണ്ട്. പക്ഷെ ഉടനെ അടുത്ത ഒരു സിനിമ തട്ടിക്കൂട്ടി ഇപ്പോൾ ഉള്ള പേര് കളയണോ ? എനിക്ക് പൂർണ്ണമായും തൃപ്തികരമായ ഒരു തിരക്കഥ പൂർത്തിയാക്കാതെ അടുത്ത സിനിമയിലേക്ക് കടക്കില്ല.
അടുത്ത സിനിമയിലെ റോൾ സംവിധായകൻ + തിരക്കഥാകൃത്ത് ആയിരിക്കുമോ അതോ തിരക്കഥാകൃത്ത് മാത്രം ആയിരിക്കുമോ?
ശരിക്കും പറഞ്ഞാൽ 'അയ്യപ്പനും കോശിയും' ഇതു വരെ തലയിൽ നിന്ന് ഇറങ്ങിയിട്ടില്ല. അത് ഒന്ന് ഇറങ്ങി ബാലൻസ് ആയതിനു ശേഷം വേണം അടുത്ത വർക്കിലേക്ക് കടക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |