കല്ലമ്പലം: രണ്ട് പതിറ്റാണ്ടായി കല്ലമ്പലം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ വേണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തിന് പ്രസക്തിയേറുന്നു. വർദ്ധിച്ചു വരുന്ന അപകടങ്ങളും പ്രകൃതി ദുരന്തവും സ്റ്റേഷൻ അനിവാര്യമെന്നതിന്റെ തെളിവാണ്. കാലാകാലങ്ങളിലുള്ള തിരഞ്ഞെടുപ്പ് പര്യടനങ്ങളിൽ ഫയർ സ്റ്റേഷൻ പ്രധാന വിഷയമായിരുന്നു.
തിരക്കേറിയതും വ്യാപാരവ്യവസായ സമുച്ചയങ്ങൾ കൊണ്ട് സമ്പന്നവുമായ കല്ലമ്പലം മേഖല അടിയന്തര സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പകച്ചു നിൽക്കുന്ന അവസ്ഥയിലാണ്.
കല്ലമ്പലം മേഖലയിൽ ഒരു അഗ്നിശമനസേനാ യൂണിറ്റ് വേണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുന്നില്ല. ദേശീയ പാതയിലെ അപകടങ്ങൾ നേരിടുന്നതിനായി ആറ്റിങ്ങൽ വർക്കല മണ്ഡലങ്ങളിൽ ഓരോ ഫയർ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവയ്ക്കൊന്നും തന്നെ കല്ലമ്പലം മേഖലകളിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. പ്രധാനമായും തിരക്കേറിയ റോഡുകളിൽ കൂടി വകുപ്പിന്റെ വാഹനങ്ങൾക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നില്ല. ഇത് നാട്ടുകാരുടെയും മേലുദ്യോഗസ്ഥരുടെ അപ്രീതിക്കും ഇടയാക്കുന്നു. പള്ളിക്കൽ മേഖലകളിൽ അപകടങ്ങളും തീപിടിത്തങ്ങളും ഉണ്ടായാൽ ആറ്റിങ്ങൽ നിന്നും വർക്കല നിന്നും ഫയർ യൂണിറ്റുകൾ എത്താൻ അരമണിക്കൂറിൽ കൂടുതൽ സമയം എടുക്കും. ദേശീയ പാതയിലെ സ്ഥിതിയും വ്യത്യസ്തമല്ല.
അപകടത്തിൽ പെട്ട് തകരുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും കാലതാമസം ഉണ്ടാകുന്നത് ദുരന്തങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നു. ക്വാറികൾ ധാരാളമുള്ള പള്ളിക്കൽ, മടവൂർ, കരവാരം പ്രദേശങ്ങളിൽ മുങ്ങിമരണങ്ങൾ ഉപ്പെടെയുള്ളവ പതിവാണെങ്കിലും സമയത്തെത്താൻ കഴിയാത്ത അഗ്നിശമനാ യൂണിറ്റിന്റെ ദുരവസ്ഥയിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. നാവായിക്കുളം കേന്ദ്രീകരിച്ച് ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമായാൽ കല്ലമ്പലം, പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനങ്ങൾക്ക് ഗുണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |