പുൽപ്പള്ളി: നരഭോജിയായ കടുവയെ കൂടുവച്ച് പിടികൂടാൻ ഉത്തരവിറങ്ങി. ഇത് സംബന്ധിച്ച ഉത്തരവ് തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച ഉച്ചയോടെയാണ് എത്തിയത്. തുടർന്ന് കൂടും മറ്റും കദവാക്കുന്നിലെ വനത്തിലെത്തിച്ചു.
കടുവയെ നിരീക്ഷിക്കാനായി വനത്തിൽ പലയിടങ്ങളിലായി 15 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറ പരിശോധനയിൽ കടുവയുടെ സാമിപ്യം വ്യക്തമായി. ഇതേത്തുടർന്നാണ് ജനവാസകേന്ദ്രത്തിനടുത്ത വനത്തിലിറങ്ങിയ കടുവയെ കൂടുവച്ച് പിടികൂടാൻ ഉത്തരവായത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് വനത്തിൽ വിറക് ശേഖരിക്കാൻപോയ ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിനെ കടുവ കൊന്ന് തിന്നിരുന്നു.
ശിവകുമാറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരവും ആശ്രിതന് ജോലിയും നൽകുമെന്നും കടുവയെ പിടികൂടാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും വനപാലകരടക്കം ഉറപ്പ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് സംഘർഷാവസ്ഥ ഇല്ലാതായത്. എന്നാൽ വ്യാഴാഴ്ച കടുവയെ കൂട് വച്ച് പിടികൂടാൻ നടപടി ഉണ്ടാവാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
അഞ്ച് ലക്ഷം രൂപ നൽകി
പുൽപ്പള്ളി: കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിന്റെ കുടുംബത്തിന് വനംവകുപ്പ് ആശ്വാസ ധനസഹായത്തിന്റെ ആദ്യഘട്ടമായി അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയാണ് വീട്ടിലെത്തി തുക കൈമാറിയത്. സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്കുമാർ, ചെതലയം റെയിഞ്ച് ഓഫീസർ ശശിധരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |