കോന്നി: കൊവിഡിന്റെ പശ്ചാത്തലത്തിൽ വിപണി നഷ്ടപ്പെട്ട മാംഗോസ്റ്റിൻ കർഷകരെ സഹായിക്കാൻ കോന്നി ഗ്രാമപഞ്ചായത്ത് ആരംഭിച്ച മാംഗോസ്റ്റിൻ ഫെസ്റ്റ് ഇന്ന് സമാപിക്കും. കോന്നിതാഴം പുളിമൂട്ടിൽ ഫാം ഹൗസിലാണ് ഫെസ്റ്റ്. കർഷകരുടെ കൂട്ടായ്മ രൂപീകരിച്ച് അവർക്ക് നേരിട്ട് വിപണി കണ്ടെത്താൻ ഫെസ്റ്റിലൂടെ സഹായിക്കുകയായാണ് പഞ്ചായത്ത് . കഴിഞ്ഞ 5 ദിവസങ്ങളിലായി നാലുടൺ മാംഗോസ്റ്റിനാണ് വിറ്റത്. കർഷകരിൽ നിന്ന് കിലോയ്ക്ക് 120 രൂപയ്ക്ക് പഴമെടുത്ത ശേഷം 180 രൂപയ്ക്കാണ് വിൽക്കുന്നത്.
ഇടനിലക്കാരായ കച്ചവടക്കാരാണ് കർഷകരിൽ നിന്ന് പഴം വാങ്ങാറുള്ളത്. ഇതിലൂടെ കുറഞ്ഞ വിലയാണ് കിട്ടിക്കൊണ്ടിരുന്നത്. കർഷകരെ സഹായിക്കാൻ പഞ്ചായത്ത് നേരത്തെ മുതൽ പദ്ധതി തുടങ്ങിയിരുന്നു. 'കോന്നി ക്വീൻ' എന്ന പേരിൽ കർഷകരുടെ സൊസൈറ്റി രൂപീകരിച്ച് നേരിട്ട് വിപണനം നടത്താനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ദുരിയാൻ, മൂട്ടിപ്പഴം, കാരംബോള, റമ്പൂട്ടാൻ, ഫിലോസാൻ എന്നിവയും മാംഗോസ്റ്റിൻ, പ്ലാവ്, തെങ്ങ്, തുടങ്ങിയവയുടെ തൈകളും ഫെസ്റ്റിൽ ലഭിക്കും. ഇന്ന് വൈകിട്ട് നാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന സമാപന സമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |