തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ കാര്യങ്ങളെല്ലാം ഒരു സംഘം ഐ.എ.എസ് ഉദ്യോഗസ്ഥർ മാത്രം തീരുമാനിക്കുന്ന സ്ഥിതിയായതോടെ, പ്രതിരോധത്തിന് ശക്തമായ അടിത്തറ പാകിയ ആരോഗ്യവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി) ഇരുട്ടിലായി . സംസ്ഥാനത്ത് പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം വീണ്ടും നൂറ് കടക്കുകയും,പുറത്ത് നിന്ന് പതിനായിരങ്ങൾ നാട്ടിലെത്താനിരിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ ഗുരുതര സ്ഥിതി ..
കേന്ദ്രത്തിൽ നിന്ന് കൊവിഡ് മുന്നറിയിപ്പ് ലഭിച്ചതോടെ, ജനുവരി 24ന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ 24
മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിരുന്നു. ഇതോടൊപ്പം, ആരോഗ്യമന്ത്രിയുടെ മേൽനോട്ടത്തിൽ ഡയറക്ടർ മുതൽ താഴോട്ട് ഇരുപതോളം വിദഗ്ധ ഡോക്ടർമാരെ കോർത്തിണക്കിയാണ് ആർ.ആർ.ടി രൂപീകരിച്ചത്. മാർച്ച് മാസം വരെ ടീം കാര്യക്ഷമമായി പ്രവർത്തിച്ചു. താഴെത്തട്ടിലുള്ള പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങൾക്ക് ആർ.ആർ.ടിയിലെ ഡോക്ടർമാർ രാപ്പകലില്ലാതെ പണിയെടുത്ത് പ്ലാൻ തയ്യാറാക്കുകയും പ്രവർത്തനം തുടങ്ങുകയും ചെയ്തിരുന്നു. വുഹാനിൽ നിന്നെത്തിയ വിദ്യാർത്ഥികളിൽ രോഗം സ്ഥിരീകരിച്ചപ്പോഴും തുടർന്ന് ഇറ്റലിയിൽ നിന്നെത്തിയ മൂന്നംഗ കുടുംബത്തിന് വൈറസ് ബാധിച്ചപ്പോഴും രോഗവ്യപനം ചെറുത്തത് ഈ ടീമിന്റെ നേതൃത്വത്തിലാണ്.എന്നാൽ, കൊവിഡ് ഭീഷണി ശക്തമായപ്പോൾ ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് വിവിധ ചുമതലകൾ നൽകി രംഗത്തിറക്കിയതോടെ സ്ഥിതി മാറി..ടീമിലെ ആരോഗ്യവകുപ്പ് ഡയറക്ടർ മുതൽ താഴെത്തട്ടിലുള്ള ഡോക്ടർമാർ വരെ ഇപ്പോൾ പല വിവരങ്ങളും അറിയുന്നത് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ്
ആർ.ആർ.ടി
ചെയ്തിരുന്നത്
*ദിവസേന രാവിലെ 10.30ന് യോഗം ചേർന്ന് സ്ഥിതി വിലയിരുത്തും.ഡി.എം.ഒമാരിൽ നിന്ന് റിപ്പോർട്ട് വാങ്ങും.
*രോഗബാധ സ്ഥിരീകരിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ബന്ധപ്പെടും.
*നിരീക്ഷണ മാർഗനിർദേശം നൽകും.ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ വിന്യസിക്കും
*വൈകിട്ട് യോഗം ചേർന്ന് ആരോഗ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.
ഡോക്ടർമാരും
ഉദ്യോഗസ്ഥരും രണ്ടു തട്ടിൽ
ആർ.ആർ.ടി അംഗമായിരുന്ന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജൻ ഖൊബ്രഗഡെ ഐ.എ.എസുകാരുടെ വരവോടെ നിലപാട് മാറ്റിയതായി പറയുന്നു. ഡോക്ടർമാരുടെ അഭിപ്രായങ്ങൾ തള്ളിക്കളയൽ പതിവായി. കൊവിഡ് പ്രതിരോധത്തിനായി സർക്കാർ നിയോഗിച്ച ഉന്നതതലസമിതിയിലെ ഡോക്ടർമാരും ഐ.എ.എസുകാരുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധത്തിലാണ്. സമിതി മുന്നോട്ടുവയ്ക്കുന്ന പ്രായോഗിക നിർദേശങ്ങൾ അവഗണിക്കുന്നുവെന്നാണ് പരാതി. കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിലെ ഡോക്ടർമാരും വിരമിച്ചവരും ഉൾപ്പെടുന്നതാണ് സമിതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |