മുംബയ്: സമ്പദ് രംഗത്ത് ചൈനീസ് ആശ്രയത്വം പരമാവധി കുറയ്ക്കാനുള്ള തന്ത്രങ്ങൾ ഇന്ത്യ ആവിഷ്കരിക്കും. വ്യാപാര, നിക്ഷേപ, വമ്പൻ പദ്ധതി നിർവഹണ രംഗങ്ങളിലെല്ലാം ചൈനീസ് കമ്പനികളെ അകറ്റുകയാണ് ലക്ഷ്യം. ഇതിനായി വിവിധ തലങ്ങളിൽ സമഗ്രമായ നടപടികളാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. ബന്ധപ്പെട്ട മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ഉടനെ ചേരുന്നുണ്ട്.
ചൈനക്കെതിരെ സ്വീകരിക്കാവുന്ന നിലപാടുകൾ
• സർക്കാർ പദ്ധതികളുടെയും വൻകിട പദ്ധതികളുടെയും ടെണ്ടറുകളിൽ ചൈനീസ് കമ്പനികൾക്ക് ഉപരോധം.
• ചൈനീസ് ഫിനിഷ്ഡ് ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി നിരക്ക്.
• ഇന്ത്യയിലേക്കുള്ള ഇറക്കുമതിക്ക് നൽകിയ ഫ്രീ ട്രേഡ് വ്യവസ്ഥകൾ നിയന്ത്രിക്കൽ
• ഇറക്കുമതിക്ക് കർക്കശമായ ഗുണനിലവാര പരിശോധന ഏർപ്പെടുത്തൽ
ഇറക്കുമതി കുറയ്ക്കും
ചൈനയുടെ പ്രധാനപ്പെട്ട വ്യാപാര പങ്കാളിയാണ് ഇന്ത്യ. അവരുടെ കയറ്റുമതിയുടെ പത്ത് ശതമാനവും ഇന്ത്യയിലേക്കാണ്. ഇന്ത്യൻ ഉപഭോക്തൃ വിപണിയിൽ വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളുടെ ആധിപത്യമുണ്ട്. മൊബൈൽഫോൺ, ഇലക്ട്രോണിക്സ് വിപണിയിലും വലിയ പങ്കുണ്ട്. യന്ത്രങ്ങൾ, മരുന്നുകൾ തുടങ്ങിയ മേഖലകളിലും സ്വാധീനമുണ്ട്.
7000 കോടി ഡോളറിന്റെ ചൈനീസ് ഇറക്കുമതി കഴിഞ്ഞ സാമ്പത്തികവർഷം. 5300 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ഇന്ത്യയ്ക്ക് ചൈനയുമായുള്ളത്.
ചൈനീസ് ഇറക്കുമതി പരമാവധി കുറയ്ക്കലിനാണ് മുൻഗണന. പകരം ഇന്ത്യൻ ഉല്പന്നങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കാനും പുതിയ വ്യവസായങ്ങളെ വളർത്താനും സർക്കാർ പദ്ധതികൾ ആവിഷ്കരിക്കും.
വൻകിട പദ്ധതികൾ
ഇന്ത്യയുടെ പല വൻകിട പദ്ധതികളിലും ചൈനീസ് കമ്പനികളുണ്ട്. അന്താരാഷ്ട്ര നിയമങ്ങളെ വെല്ലുവിളിക്കാതെ ഇത്തരം കമ്പനികളെ അകറ്റി നിറുത്താനുള്ള വ്യവസ്ഥകളെക്കുറിച്ച് കേന്ദ്ര നിയമമന്ത്രാലയം പരിഗണിച്ചുവരികയാണ്. ഇന്ത്യൻ കമ്പനികളെ നിയന്ത്രിക്കുന്ന രാജ്യങ്ങളോട് അതേനയം തന്നെ ഇനിമുതൽ ഉണ്ടായേക്കാം.
ഹൈവേ നിർമ്മാണം പോലുള്ള പദ്ധതികളിലാകും ആദ്യം ഇത്തരം നിയന്ത്രണങ്ങൾ വരിക. ഇലക്ട്രോണിക് സാമഗ്രികളുടെ കാര്യത്തിൽ ചൈനീസ് കമ്പനികളുമായുള്ള കരാറുകൾ റദ്ദാക്കാൻ ബി.എസ്.എൻ.എൽ തീരുമാനിച്ചിട്ടുണ്ട്.
സ്വാശ്രയത്വത്തിന് മുൻതൂക്കം
സർവമേഖലകളിലും സ്വാശ്രയത്വത്തിന് മുൻതൂക്കം നൽകാനായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിർഭർ മിഷന് പുതിയ സാഹചര്യത്തിൽ പ്രാധാന്യമേറുകയാണ്. മരുന്നുനിർമ്മാണം, യന്ത്രങ്ങൾ, ഉപഭോക്തൃവസ്തുക്കൾ, ഇലക്ട്രോണിക് ഉല്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കമ്പനികൾക്ക് ഉടനെ പ്രത്യേക പാക്കേജുകളും സൗജന്യങ്ങളുമെല്ലാം നൽകാനിടയുണ്ട്.
ആദ്യനിരോധനങ്ങൾ റോഡ്, ഹൈവേ പദ്ധതികളിൽ. പിന്നാലെ മറ്റ് വൻകിട സർക്കാർ പദ്ധതികളിലേക്ക്.
• സർക്കാർ പുതിയ വ്യവസ്ഥകളുടെ പണിപ്പുരയിൽ
• ചൈനീസ് കമ്പനികളുമായുള്ള കരാറുകളിൽ നിന്ന്
• ബി.എസ്.എൻ.എൽ പിന്മാറി
• 200 കോടിക്ക് താഴെയുള്ള സർക്കാർ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് മാത്രമെന്ന വ്യവസ്ഥകൊണ്ടുവരുന്നു.
• ഇന്ത്യൻ കമ്പനികൾക്ക് ഗുണകരമായ കൂടുതൽ വ്യവസ്ഥകൾ സർക്കാർ പരിഗണനയിൽ
• കുറഞ്ഞ നാൾകൊണ്ട് ഇന്ത്യൻ കമ്പനികളെ ചൈനീസ് കമ്പനികൾക്ക് പകരമായി വളർത്തിക്കൊണ്ടുവരും
• ചൈനീസ് ഉത്പന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തിയേക്കും
• വിദേശ രാജ്യങ്ങളിലെ കമ്പനികൾക്ക് ഗുണകരമായ വ്യാപാര ഉടമ്പടികളിൽ നിന്ന് ഇന്ത്യ പിന്മാറിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |