ഗൗതം അദാനിക്കും ഗ്രൂപ്പ് കമ്പനികൾക്കുമെതിരായ നടപടികൾ അവസാനിപ്പിച്ചു
കൊച്ചി: അമേരിക്കൻ ഷോർട്ട് സെല്ലിംഗ് ഗ്രൂപ്പായ ഹിണ്ടൻബെർഗ് ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞ് ഓഹരി വിപണിയിലെ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യ(സെബി) ഗൗതം അദാനിക്കും ഗ്രൂപ്പ് കമ്പനികൾക്കുമെതിരായ നിയമ നടപടികൾ അവസാനിപ്പിച്ചു. അമേരിക്കൻ ഏജൻസിയുടെ ഗവേഷണ റിപ്പോർട്ടിലെ വിവരങ്ങൾ കെട്ടുകഥയാണെന്നും സെബി വ്യക്തമാക്കി. അക്കൗണ്ടുകളിൽ തിരിമറി നടത്തിയെന്നും ഓഹരി വില കൃത്രിമമായി ഉയർത്തിയെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി സ്‌പെഷ്യൽ ഇക്കണോമിക് സോൺ എന്നിവയ്ക്കെതിരെ ഹിണ്ടൻബെർഗ് ഉയർത്തിയത്. ഈ കമ്പനികൾക്കൊപ്പം ഗ്രൂപ്പ് ചെയർമാനായ ഗൗതം അദാനി, ബന്ധുവായ രാജേഷ് അദാനി തുടങ്ങിയവർക്കെതിരെയും സെബി അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഹിണ്ടൻബെർഗിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും നിയമലംഘനങ്ങൾ വിശദ അന്വേഷണത്തിൽ കണ്ടെത്താനായില്ലെന്നും സെബി സർക്കുലറിൽ വ്യക്തമാക്കി.
വ്യാജ ആരോപണത്തിൽ നഷ്‌ടമായത് 10,000 കോടി ഡോളർ
കണക്കുകളിൽ തിരിമറി നടത്തിയും പണം വഴിമാറ്റി ചെലവഴിച്ചും ഓഹരി വിലയിൽ അദാനി ഗ്രൂപ്പ് കമ്പനികൾ കള്ളക്കളി നടത്തിയെന്ന് ആരോപിച്ച് 2023 ജനുവരിയിലാണ് ഹിണ്ടൻബെർഗ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ഇതോടെ അദാനി കമ്പനികളുടെ ഓഹരികളിലുണ്ടായ കനത്ത തകർച്ചയിൽ ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽ 10,000 കോടി ഡോളറിന്റെ ഇടിവ് നേരിട്ടിരുന്നു. സുപ്രീം കോടതി നിർദേശിച്ചതനുസരിച്ചാണ് സെബി ആരോപണങ്ങൾ അന്വേഷിച്ചത്.
നിക്ഷേപകർക്കുണ്ടായ നഷ്‌ടത്തിൽ ദുഖമെന്ന് ഗൗതം അദാനി
ഹിണ്ടൻബെർഗിന്റെ വ്യാജ ആരോപണങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം നേരിട്ട ചെറുകിട നിക്ഷേപകരെ ഓർത്താണ് ദുഖമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. സത്യം എല്ലാക്കാലവും വിജയിക്കും. അദാനി ഗ്രൂപ്പ് പിന്തുടരുന്ന നൈതിക മൂല്യങ്ങൾ അരക്കിട്ടുറപ്പിക്കുന്നതാണ് സെബിയുടെ ഉത്തരവ്. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായി, സുതാര്യതയും വിശ്വാസ്യതയുമാണ് അദാനി ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുന്നതെന്നും ഗൗതം അദാനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |