തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തെ കുറിച്ച് പ്രതികരിക്കാനില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞല്ലോയെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം. നിപ രാജകുമാരി എന്നു പേരെടുത്ത ശേഷം കൊവിഡ് റാണിയാകാനാണ് മന്ത്രി കെ.കെ ശൈലജ ശ്രമിക്കുന്നതെന്ന കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന വിവാദമായിരുന്നു.
നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ക്രെഡിറ്റ് അവകാശപ്പെടുന്നെങ്കിലും ഗസ്റ്റ് ആർട്ടിസ്റ്റിനെ പോലെയാണ് മന്ത്രി അന്ന് കോഴിക്കോട്ട് ക്യാമ്പ് ചെയ്തത്. ഇപ്പോൾ കൊവിഡ് റാണിയെന്ന പേര് നേടാനുള്ള ശ്രമത്തിലാണ്. നിപ രാജകുമാരിയെന്ന പേരിൽ ആ പദവിക്കുവേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ നടത്തുന്നത്. പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത് എന്നായിരുന്നു മുല്ലപ്പള്ളിയുടെ ആരോപണം.
മുഖ്യമന്ത്രിയടക്കമുള്ള ഇടത് നേതാക്കൾ മുല്ലപ്പള്ളിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം താൻ ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പ്രസ്താവന വളച്ചൊടിക്കുകയുമായിരുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ വിശദീകരണം. താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |