തിരുവനന്തപുരം: താൻ സസ്പെൻഡ് ചെയ്ത കേരള സർവകലാശാല രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാർ ഓഫീസിൽ കയറുന്നത് വിലക്കി വി.സി ഡോ.മോഹനൻ കുന്നുമ്മൽ. ഓഫീസിലെത്തി ഫയൽനോക്കുന്ന സാഹചര്യത്തിലാണിത്. ലംഘിച്ചാൽ അതിക്രമിച്ചു കടക്കലായി കണക്കാക്കി നടപടിയെടുക്കുമെന്നാണ് നോട്ടീസ്.
നോട്ടീസിന് പിന്നാലെ ഡോ.അനിൽകുമാർ ചികിത്സാ ആവശ്യത്തിന് ദീർഘകാല അവധിക്ക് അപേക്ഷിച്ചെങ്കിലും വി.സി തള്ളി. സസ്പെൻഷനിലായതിനാൽ അവധിക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടി. രജിസ്ട്രാറുടെ ചുമതല പരീക്ഷാ കൺട്രോളർക്കോ കാര്യവട്ടം ക്യാമ്പസിലെ ജോയിന്റ് ഡയറക്ടർക്കോ നൽകണമെന്ന് ഡോ.അനിൽകുമാറിന്റെ അവധിക്കത്തിലുണ്ടായിരുന്നു.
അവധിയപേക്ഷ നിരസിച്ചതിനുപിന്നാലെ, സിൻഡിക്കേറ്റ് സസ്പെൻഷൻ റദ്ദാക്കിയതാണെന്ന് വി.സിക്ക് ഡോ.അനിൽകുമാർ ഇ-മെയിലയച്ചു. സസ്പെൻഷൻ പരിശോധിക്കേണ്ടത് സിൻഡിക്കേറ്റാണ്. ഹൈക്കോടതിയും ഉചിതമായ ഫോറം പരിശോധിക്കാനാണ് നിർദേശിച്ചതെന്നും ഇ-മെയിലിൽ ചൂണ്ടിക്കാട്ടി.
റഷ്യയിൽ നിന്ന് തിരിച്ചെത്തിയ ഡോ.മോഹനൻ കുന്നുമ്മൽ ഇന്നലെ ഡോ. സിസാ തോമസിൽ നിന്ന് ചുമതല ഏറ്റെടുത്തു. രജിസ്ട്രാറുടെ ചുമതല ഡോ.മിനി കാപ്പന് നൽകി വി.സി ഉത്തരവിറക്കിയിരുന്നു. എന്നാൽ, അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിറങ്ങാത്തതിനാൽ ചുമതലയേൽക്കാനായിരുന്നില്ല. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാവും.
ഗവർണർക്കെതിരെ ചൊവ്വാഴ്ച എസ്.എഫ്.ഐ നടത്തിയ സമരത്തിനിടെയുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ വി.സിർ എൻജിനിയറിംഗ് വിഭാഗത്തോട് നിർദ്ദേശിച്ചു. പ്രതിഷേധക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കും. കേസെടുക്കണമെന്ന് ഡി.ജി.പിക്ക് കത്ത് നൽകിയിരുന്നു.
മിനിട്ട്സ് അംഗീകരിച്ചത്
സിൻഡിക്കേറ്റംഗം
സിൻഡിക്കേറ്റിന്റെ അധികാരപ്രകാരമുപയോഗിച്ച് രജിസ്ട്രാറെ തിരിച്ചെടുക്കുന്നെന്ന സമാന്തര യോഗത്തിന്റെ മിനിട്ട്സിൽ വി.സിക്ക്പകരം ഒപ്പിട്ടത് സിൻഡിക്കേറ്റംഗമായ പി.എം.രാധാമണി. അംഗീകരിച്ചത് രജിസ്ട്രാറുടെ ചുമതലയുണ്ടായിരുന്ന സീനിയർ ജോയിന്റ് രജിസ്ട്രാർ പി.ഹരികുമാർ
വി.സിയുടെ അറിവില്ലാതെയാണ് ഒപ്പിട്ടത്. സിൻഡിക്കേറ്റ് യോഗം സിസാ തോമസ് പിരിച്ചുവിട്ടതാണെങ്കിലും, ഇറങ്ങിപ്പോയെന്നാണ് മിനിട്ട്സിലുള്ളത്. അനിൽകുമാറിന് ചുമതല കൈമാറാൻ ഹരികുമാറിനെ ചുമതലപ്പെടുത്തി, അന്വേഷണസമിതിയെയും നിയോഗിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |