തിരുവനന്തപുരം: അയൽവാസികളുമായുളള വഴക്കിനെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച ദമ്പതികളിൽ ഭാര്യയുടെ നില ഗുരുതരം. വെഞ്ഞാറമൂട് വെള്ളിമണ്ണടി പുലയർ കുന്ന് സ്വദേശി സദാശിവൻ ആചാരിയും(70) ഭാര്യ സരോജിനിയുമാണ്(65) ആത്മഹത്യാശ്രമം നടത്തി ആശുപത്രിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇവരും അയൽവാസിയുമായി ഇന്നലെ പകലുണ്ടായ വഴക്കാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മക്കളില്ലാത്ത ദമ്പതികൾ തനിച്ചാണ് താമസം.തൊഴിലുറപ്പ് ജോലിയും മറ്റും ചെയ്ത് ജീവിക്കുന്ന ഇവരും അയൽവാസിയുമായി ഇന്നലെ വഴക്കും ഉന്തുംതള്ളുമുണ്ടായി.തുടർന്ന് രാത്രി ഇരുവരും വാഴയ്ക്ക് ഉപയോഗിക്കുന്നകീടനാശിനി കുടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഇവരെ പുറത്ത് കാണാതിരുന്നതിനാൽ സമീപവാസികൾ മൊബൈൽഫോണിൽ വിളിച്ചുനോക്കിയെങ്കിലും ഫോണെടുത്തില്ല.സംശയം തോന്നിയ നാട്ടുകാർ വീട്ടിൽ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്.
വിവരമറിഞ്ഞെത്തിയ പഞ്ചായത്തംഗം അജിത്തും നാട്ടുകാരും ചേർന്ന് ഇരുവരെയും പൊലീസ് സഹായത്തോടെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. സദാശിവൻ ആചാരി അപകടനില തരണം ചെയ്തിട്ടുണ്ട്. കീടനാശിനി അമിതമായി ഉള്ളിൽചെന്ന സരോജിനിയെ ഗുരുതരാവാസ്ഥയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. വിവരം അറിഞ്ഞ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |