സിഡ്‌നി: മൂന്നാം ടെസ്റ്റിനിടെ തന്റെ കുട്ടികളെ നോക്കാൻ വരാമോയെന്ന ഓസീസ് ക്യാപ്ടൻ ടിം പെയ്ന്റെ ചോദ്യത്തിനുള്ള മറുപടിയെന്നോണം അദ്ദേഹത്തിന്റെ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം നിൽക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി.
ബോക്സിംഗ് ഡേ ടെസ്റ്രിനിടെ പെയ്നും പന്തും തമ്മിലുള്ള വാക്കുകൾ കൊണ്ടുള്ള കളി ഏറെ ശ്രദ്ധ നേടിയിരുന്നു. ധോണി ഏകദിന ടീമിൽ ഇടം നേടിയതിനാൽ പന്തിന് പണിയില്ലാതായെന്നും അതിനാൽ തന്റെ കുട്ടികളെ നോക്കാൻ വീട്ടിലേക്കുവരൂവെന്നുമായിരുന്നു പെയ്ൻ ഇന്ത്യൻ വിക്കറ്ര് കീപ്പറോട് പറഞ്ഞത്.താനും ഭാര്യയും സിനിമയ്ക്ക് പോകുമ്പോൾ കുട്ടികളെ നോക്കാൻ പറ്രുമോയെന്നാണ് പെയ്ൻ ചോദിച്ചത്. തുടർന്ന് പെയ്ൻ ബാറ്രിംഗിനെത്തിയപ്പോൾ ഇയാൾ താത്കാലിക ക്യാപ്ടൻ മാത്രമാണെന്നും വാചകമടിക്കാനല്ലാതെ മറ്രൊന്നും അറിയാൻ പാടില്ലെന്നും പറഞ്ഞ് പന്തും കണക്കിന് കളിയാക്കിയിരുന്നു. ഇതിന്റെ കിടിലൻ ക്ലൈമാക്സ് പോലെയാണ് പെയ്ന്റെ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന പന്തിന്റെ ചിത്രം വൈറലായിരിക്കുന്നത്. പെയ്ന്റെ ഒരു കുട്ടിയെ എടുത്ത് കൊണ്ടാണ് പന്ത് നിൽക്കുന്നത്.
ഇന്ത്യയുടെയും ആസ്ട്രേലിയയുടെയും താരങ്ങൾക്ക് ആസ്ട്രേലിയൻ പ്രധാന മന്ത്രി സ്കോട്ട് മോറിസൺ തന്റെ വസതിയിൽ വിരുന്ന് നൽകിയിരുന്നു. ഇതിനിടെയിലാണ് ഈ ചിത്രം എടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രം പെയ്ന്റെ ഭാര്യ ബോണി പെയ്ൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിൽ ഈ ചിത്രം ട്വീറ്റ് ചെയ്തതോടെ സംഭവം വൈറലാവുകയായിരുന്നു. തികഞ്ഞ സ്‌പോർട്സ്മാൻ സ്പിരിറ്റോടെയുള്ള പന്തിന്റെ പ്രവർത്തിയെ പ്രശംസിച്ച് നിരവധി ആരാധകർ ചിത്രത്തിന് താഴെ കമന്റുകളുമായെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |