
സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിനുള്ള കേരള ടീമിന്റെ പരിശീലന ക്യാമ്പ് സജീവം
തിരുവനന്തപുരം : ഈ മാസം 21ന് അസാമിൽ തുടങ്ങുന്ന സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിനുള്ള കേരള ടീമിന്റെ പരിശീലനക്യാമ്പ് കണ്ണൂരിൽ സജീവമായി തുടരുന്നു. കഴിഞ്ഞ മാസം ആറിന് തുടങ്ങിയ ക്യാമ്പിലേക്ക് സൂപ്പർ ലീഗ് കേരള കഴിഞ്ഞ് താരങ്ങളുമെത്തിയതോടെ 35 പേരോളമായി. അഞ്ചുതാരങ്ങൾകൂടി ഇന്നും നാളെയുമായി ടീമിനൊപ്പം ചേരുന്നുണ്ട്.
കഴിഞ്ഞ ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം നേടിത്തന്ന ചീഫ് കോച്ചും എസ്.എൽ.കെയിൽ കണ്ണൂർ വാരിയേഴ്സിനെയും ജേതാക്കളാക്കിയ അസിസ്റ്റന്റ് കോച്ചുമായ വയനാടുകാരൻ ഷഫീഖ് ഹസനാണ് സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ചീഫ് കോച്ച്.മുൻ സന്തോഷ് ട്രോഫി താരവും കോവളം എഫ്.സി ഫുട്ബാൾ ക്ളബിന്റെ സ്ഥാപക പരിശീലകനുമായ എബിൻ റോസാണ് സഹ പരിശീലകൻ. കേരളത്തിന്റെ മുൻകാല സൂപ്പർ ഗോളി കെ.ടി ചാക്കോ ഗോൾ കീപ്പിംഗ് കോച്ചായും കൂടെയുണ്ട്. ടീം വർക്കിലൂടെ കളിക്കാരിൽ നിന്ന് മികച്ച പ്രകടനം ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് തങ്ങളെന്ന് ഷഫീഖ് ഹസൻ കേരള കൗമുദിയോട് പറഞ്ഞു.
അസമിലെ അരുണാചൽ അതിർത്തിയോട് ചേർന്ന ഹൈ ആൾട്ടിറ്റ്യൂഡ് മേഖലയിലാണ് ഇക്കുറി ടൂർണമെന്റ് നടക്കുന്നത്. കളിക്കാർക്ക് ആ സാഹചര്യങ്ങൾ പരിചയപ്പെടാനായി അടുത്ത ആഴ്ചമുതൽ ക്യാമ്പ് വയനാട്ടിലേക്ക് മാറ്റും. അടുത്തയാഴ്ചയോടെ 22 അംഗ ടീമിനെയും പ്രഖ്യാപിക്കാനാകും.
12 ടീമുകളുടെ പോരാട്ടം
12 ടീമുകൾ രണ്ടുഗ്രൂപ്പുകളായി തിരിഞ്ഞാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും നാലുടീമുകൾ വീതം ക്വാർട്ടർ ഫൈനലിലേക്കെത്തും. ഫെബ്രുവരി രണ്ട് ,മൂന്ന് തീയതികളിലാണ് ക്വാർട്ടർ ഫൈനലുകൾ. ഫെബ്രുവരി അഞ്ചിന് സെമിഫൈനലുകളും എട്ടിന് ഫൈനലും നടക്കും.
സർവീസസ്, പഞ്ചാബ്,ഒഡിഷ,സർവീസസ്,മേഘാലയ എന്നിവർകൂടി അടങ്ങുന്ന ബി ഗ്രൂപ്പിലാണ് കേരളം. 22ന് പഞ്ചാബുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പുകളാണ് കേരളം. ഫൈനലിൽ ബംഗാളിനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോൽക്കുകയായിരുന്നു. ബംഗാളും കേരളവും ഇക്കുറി വ്യത്യസ്ത ഗ്രൂപ്പുകളിലാണ്.
ഗ്രൂപ്പ് എ
പശ്ചിമ ബംഗാൾ, അസാം,തമിഴ്നാട്,ഉത്തരാഖണ്ഡ്,നാഗാലാൻഡ്,രാജസ്ഥാൻ.
ഗ്രൂപ്പ് ബി
സർവീസസ്, പഞ്ചാബ്,ഒഡിഷ,സർവീസസ്,മേഘാലയ
കേരളത്തിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ
ജനുവരി 22
Vs പഞ്ചാബ്
ജനുവരി 24
Vs റെയിൽവേയ്സ്
ജനുവരി 26
Vs ഒഡിഷ
ജനുവരി 29
Vs മേഘാലയ
ജനുവരി 31
Vs സർവീസസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |