തിരുവനന്തപുരം: ട്രൂനാറ്റ് പരിശോധന സംബന്ധിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പരാമർശത്തെ ഒരു കാതലായ വിമർശനമായി താൻ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'ഇദ്ദേഹത്തിന് എന്താണ് പറ്റുന്നതെന്ന് എനിക്ക് നിശ്ചയം കിട്ടുന്നില്ലെ'ന്നും നാട് മുഴുവൻ ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയാവുന്നതാണെന്നും വി.മുരളീധരനെ ഉദ്ദേശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
താൻ ഇതേക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും പറയാൻ ഉദ്ദേശിക്കുന്നില്ല. ഈ പറഞ്ഞ കാര്യങ്ങൾക്കെല്ലാം വ്യക്തതയുള്ളതാണ്. ഇന്ത്യൻ സർക്കാരിന് വ്യക്തതയുള്ളതാണ്. അദ്ദേഹത്തിന് എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ടാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിയും. മുഖ്യമന്ത്രി പറഞ്ഞു.
'രോഗികളുടെ എണ്ണത്തിലുള്ള വർദ്ധന ആരെയും ഭീതിപ്പെടുത്തുന്നതാണെന്നും രോഗം സമ്പർക്കവ്യാപനത്തിലേക്ക് കടന്നാൽ അത് കൂടുതൽ രോഗികളിലേക്ക് എത്തും. സമ്പർക്ക വ്യാപനത്തിന്റെ ഭാഗമായി വലിയ തോതിൽ സമൂഹവ്യാപനത്തിലേക്ക് പോയാൽ നമുക്ക് പിടിച്ചാൽ പിടികിട്ടാത്ത മട്ടിലേക്ക് എത്തും. അവിടെയാണ് വലിയ വ്യാപനം വരിക.നമ്മൾ ജാഗ്രത നിലനിർത്തി വ്യാപനം തടയുക എന്നതിനാണ് പ്രാമുഖ്യം കൊടുക്കുക. ചില മനസുകൾ അവരുടെ രീതിക്ക് ചിന്തിക്കുന്നുണ്ടാകും. എന്തിനാണ് അദ്ദേഹം ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്? എത്രയാലോചിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല' മുഖ്യമന്ത്രി പറഞ്ഞു.
വന്ദേഭാരത് മിഷനില്‍ കേരളത്തിനായി പ്രത്യേക മാനദണ്ഡം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞിരുന്നു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും രോഗികള്‍ക്ക് മാത്രമായി പ്രത്യേക വിമാനം ലോകത്തെവിടെയെങ്കിലും ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്നവര്‍ മാത്രമാണോ രോഗവാഹകരെന്നും നാട്ടിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന എല്ലാവരേയും എത്തിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ട്രൂനാറ്റ് പരിശോധനയെ കുറിച്ച് അടിസ്ഥാന വിവരം ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്. ട്രൂനാറ്റ് ഉപ്പേരിയും അച്ചാറും പോലെ കൊടുത്തു വിടാന്‍ സാധിക്കില്ലെന്ന് വി.മുരളീധരന്‍ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |