ലാഹോർ : കൊവിഡ് രോഗബാധിതരായ 10 കളിക്കാരെ ഒഴിവാക്കി പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ന് ഇംഗ്ളണ്ട് പര്യടനത്തിന് തിരിക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. രോഗം മാറിയശേഷം ഇവർക്ക് ഇംഗ്ളണ്ടിൽ ടീമിനൊപ്പം ചേരാൻ കഴിയുമെന്നും പി.സി.ബി ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ വാസിം ഖാൻ പറഞ്ഞു.
ഇംഗ്ളണ്ടിലേക്ക് പോകുന്നതിന് മുമ്പ് 29 അംഗ ടീമിനെ കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയപ്പോഴാണ് 10 പേർ പോസിറ്റീവായത്. ഷദാബ് ഖാൻ, ഹാരിസ് റൗഫ്, വഹാബ് റിയാസ്, ഹൈദർ അലി, ഫഖാർ സമാൻ, മുഹമ്മദ് റിസ്‌വാൻ, ഇമ്രാൻ ഖാൻ , മുഹമ്മദ് ഹഫീസ്, മുഹമ്മദ് ഹസ്നൈൻ, ഖാഷിഫ് ഭട്ടി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മുഹമ്മദ് ഹഫീസ് ആദ്യടെസ്റ്റിൽ പോസിറ്റീവായതിന് ശേഷം സ്വന്തം നിലയിൽ ടെസ്റ്റ് നടത്തി നെഗറ്റീവായി കണ്ടെത്തിയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാക് ക്രിക്കറ്റ്ബോർഡ് വീണ്ടും ഹഫീസിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്ന് ടീമിനെ മുഴുവൻ രണ്ടാംവട്ട പരിശോധന നടത്തി.
മൂന്നുവീതം ടെസ്റ്റുകളുടെയും ട്വന്റി 20 കളുടെയും പരമ്പരയ്ക്കാണ് പാകിസ്ഥാൻ ഇംഗ്ളണ്ടിലേക്ക് പോകുന്നത്. ആഗസ്റ്റിലാണ് മത്സരങ്ങൾ തുടങ്ങുന്നത്. എന്നാൽ ഇംഗ്ളണ്ടിലെത്തി രണ്ടാഴ്ച ക്വാറന്റൈനിൽ കഴിഞ്ഞശേഷമേ പരിശീലനം നടത്താനാകൂ.
രണ്ടുലക്ഷത്തോളം കൊവിഡ് കേസുകളാണ് പാകിസ്ഥാനിലുള്ളത്. 4000 ത്തിലധികം മരണങ്ങളുമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |