ആലപ്പുഴ: കരിമണൽഖനനത്തിനെതിരെ തോട്ടപ്പള്ളിയിലും വലിയഴീക്കലും പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. തോട്ടപ്പള്ളിയിൽ നിരോധനാജ്ഞ നിലനിൽക്കെയാണ് വി.എം.സുധീരൻ ഇന്നലെ സത്യാഗ്രഹം നടത്തിയത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളും തീരദേശവാസികളും സമരത്തിന് ഐക്യദാർഢ്യവുമയി തോട്ടപ്പള്ളിയിലെത്തി. 29-ാം ദിവസത്തെ സത്യാഗ്രഹിയായി പന്തലിൽ എത്തിയ സുധീരനെ തോട്ടപ്പള്ളി കായംകുളം പുരയിടം വീട്ടിലെ 85കാരി രാധാമണി ഷാൾ അണിയിച്ച് സ്വീകരിച്ചു.
പതിനേഴ് വർഷത്തിന് ശേഷമാണ് സുധീരൻ കരിമണൽഖനനത്തിനെതിരെ പ്രത്യക്ഷ സമരവുമായി എത്തുന്നത്. 500ൽലധികം പൊലീസുകാരെയാണ് സമരസ്ഥലത്ത് വിന്യസിച്ചത്. 2003 ജൂൺ 16ന് ജില്ലയിൽ കരിമണൽ ഖനനത്തിനെതിരെ നടന്ന മനുഷ്യക്കോട്ടയിൽ തന്നോടൊപ്പം അണിനിരന്ന സി.പി.എം നേതാക്കൾ ഇന്ന് കരിമണൽ ഖനന അനുകൂല നിലപാടുള്ളവരായി മാറിയത് വിരോധാഭാസമാണെന്ന് സുധീരൻ പറഞ്ഞു. രാവിലെ 10ന് ആരംഭിച്ച സത്യാഗ്രഹം വൈകിട്ട് അഞ്ചിന് സമാപിച്ചു.
കായംകുളം മത്സ്യബന്ധന തുറമുഖത്തിന്റെ ആഴം വർദ്ധിപ്പിക്കലിന്റെ മറവിൽ കരിമണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് ആറാട്ടുപുഴ സൗത്ത്-നോർത്ത് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ സമരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളാണ് സത്യാഗ്രഹം നടത്തിയത്. വലിയഴീക്കൽ കരിമണൽ ഖനനം അനുവദിക്കില്ലിന്നും
സ്‌പൈറൽ യൂണിറ്റ് പൊളിച്ചുമാറ്റിയില്ലെങ്കിൽ പൊട്ടിച്ചു കളയുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ത വഹിച്ചു. എം.മുരളി, അഡ്വ. ബി.ബാബുപ്രസാദ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി.ഡി.സി.സി വൈസ് പ്രസിഡന്റ് ജോൺതോമസ്, മണ്ഡലം പ്രസിഡന്റുമാരായ ജി.എസ്.സജീവൻ, രാജേഷ്‌കുട്ടൻ, ഡി.സി.സി സെക്രട്ടറിമാരായ ഡി.കാശിനാഥൻ,മുഞ്ഞിനാട്ട് രാമചന്ദ്രൻ,അഡ്വ. ഷുക്കൂർ, യൂത്ത്‌കോൺഗ്രസ് മുൻജില്ലാപ്രസിഡന്റ് ദീപു,കാർത്തികപ്പള്ളി,ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്.വിനോദ്കുമാർ,ആർ.ഹരികുമാർ, ജില്ലാപഞ്ചായത്തംഗങ്ങളായ ബബിതാജയൻ,ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷംസുദ്ദീൻ കായിപ്പുറം,രഞ്ജിത്ത്ചിങ്ങോലി,ശാരിപൊടിയൻ,വൈസ് പ്രസിഡന്റ്കെ.വൈ.അബ്ദുൽറഷീദ്,തുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളനം വി.ടി.ബലറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശരത്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഹരി കൃഷ്ണൻ,ഡി.സി.സി അംഗങ്ങൾ ബിജുജയ ദേവ്,പി.ആർ..ശശിധരൻ,കെ.രാജീവൻ,പി.കെ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |