ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഉത്‌പന്നങ്ങൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നടത്തുന്നത് സജീവമായ നീക്കങ്ങൾ. ആദ്യഘട്ടത്തിൽ, ചൈനയിൽ നിന്നുള്ള നിലവാരം തീരെക്കുറഞ്ഞതും അവശ്യേതരവുമായ ഉത്‌പന്നങ്ങളുടെ ഇറക്കുമതി പൂർണമായി നിറുത്തലാക്കാനുള്ള ചർച്ചകൾ വ്യവസായ-വാണിജ്യ ലോകവുമായി ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഒഫ് ഇൻഡസ്‌ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി) ആരംഭിച്ചു.
ചൈനീസ് ഉത്‌പന്നങ്ങൾക്ക് ബദൽ മറ്റു രാജ്യങ്ങളിൽ നിന്നോ ഇന്ത്യയിൽ നിന്ന് തന്നെയോ കണ്ടെത്തണമെന്ന ആവശ്യമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ബദൽ ഇറക്കുമതിക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് സർക്കാർ പരിഗണിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയാണ് ചൈനയ്ക്ക് ബദലായി പ്രധാനമായും ഇന്ത്യ ഉദ്ദേശിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറയ്ക്കുക മാത്രമല്ല, ചൈനയുമായുള്ള വ്യാപാരക്കമ്മി വെട്ടിത്താഴ്‌ത്തുകയും കേന്ദ്രത്തിന്റെ ലക്ഷ്യമാണ്.
ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) അഞ്ചുവർഷത്തെ താഴ്‌ചയിൽ എത്തിയെങ്കിലും ഇപ്പോഴും ഉയർന്ന നിലയിൽ തന്നെയാണ്. 4,870 കോടി ഡോളറാണ് കഴിഞ്ഞവർഷത്തെ കമ്മി. 2018-19ൽ ഇത് 5,360 കോടി ഡോളറായിരുന്നു. കഴിഞ്ഞവർഷം 8,200 കോടി ഡോളറിന്റെ വ്യാപാരമാണ് ചൈനയുമായി നടന്നത്. ഇതിൽ 6,530 കോടി ഡോളറും ചൈനയിൽ നിന്നുള്ള ഇറക്കുമതി ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |