കൊച്ചി: സഹകരണ സ്ഥാപനങ്ങളുടെ ഉത്പ്പന്ന കയറ്റുമതിയിലെ വളർച്ച സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് മികച്ച നേട്ടമാകുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. അങ്കമാലിയിൽ സഹകരണ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ വ്യാപാരത്തിലൂടെയും മികച്ച ഉത്‌പ്പന്നങ്ങൾ ലഭ്യമാക്കാൻ സഹകരണ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നു.
സഹകരണ മേഖലയിലെ കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിച്ചതിലൂടെ വലിയ മാറ്റങ്ങളുണ്ടായി. ഈ രംഗത്തെ പുതിയ മാറ്റങ്ങളും നിയമങ്ങളും മനസിലാക്കി സഹകാരികൾ മുന്നേറണം. ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ പരിശ്രമിക്കുന്നതിന്റെ ഫലമായാണ് സഹകരണ പ്രസ്ഥാനം മുന്നേറുന്നതെന്ന് മന്ത്രി പറഞ്ഞു.
സഹകരണ മേഖലയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റിനുള്ള റോബോർട്ട് ഓവൻ അവാർഡ് സഹകാരി പി.എ ഉമറിന് സമ്മാനിച്ചു. മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ ബാങ്കുകൾക്കുള്ള കോ - ഓപ്പ് ഡേ അവാർഡ് കണ്ണൂർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സർവീസ് സഹകരണ ബാങ്കിനും കൊല്ലം ജില്ല സഹകരണ ആശുപത്രി സർവീസ് സഹകരണ ബാങ്കിനും ലഭിച്ചു. മികച്ച സംഘങ്ങൾക്കുള്ള വകുപ്പിന്റെ അവാർഡും വിതരണം ചെയ്തു.
റോജി എം ജോൺ എം.എൽ.എ, ബെന്നി ബെഹനാൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, എം.എം മോനായി, കൺസ്യൂമർഫെഡ് ചെയർമാൻ പി.എം ഇസ്മയിൽ, സഹകരണ സംഘം രജിസ്ട്രാർ ഡി. സജിത്ത് ബാബു, സഹകരണ സംഘം അഡിഷണൽ രജിസ്ട്രാർ എം. സജീർ, സഹകരണ ഓഡിറ്റ് ഡയറക്ടർ എം.എസ് ഷെറിൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |