ന്യൂഡൽഹി: എയർ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് മുന്നോടിയായുള്ള, താത്പര്യപത്രം സമർപ്പിക്കാനുള്ള അന്തിമതീയതി കേന്ദ്രസർക്കാർ രണ്ടുമാസത്തേക്ക് കൂടി നീട്ടി. ആഗസ്‌റ്റ് 31 ആണ് പുതിയ തീയതി. ഇതു മൂന്നാംവട്ടമാണ് കാലാവധി നീട്ടുന്നത്. കഴിഞ്ഞ ജനുവരി 27നാണ് എയർ ഇന്ത്യയെ വിറ്രൊഴിയാനുള്ള നടപടികൾക്ക് കേന്ദ്രം തുടക്കമിട്ടത്. ആ മാസം തന്നെ താത്പര്യം ക്ഷണിച്ചു.
മാർച്ച് 17 ആണ് അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്. തുടർന്നത് ഏപ്രിൽ 30ലേക്കും പിന്നീട് ജൂൺ 30ലേക്കും നീട്ടുകയായിരുന്നു. കൊവിഡും ലോക്ക്ഡൗണും വ്യോമയാന മേഖലയിൽ സൃഷ്‌ടിച്ച സമ്പദ് പ്രതിസന്ധി വിട്ടൊഴിഞ്ഞിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് തീയതി വീണ്ടും നീട്ടിയത്. ഒട്ടേറെ നിക്ഷേപക സ്ഥാപനങ്ങളിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ചാണ് തീയതി നീട്ടിയതെന്ന് ഡിപ്പാർട്ട്‌മെന്റ് ഫോർ പബ്ളിക് അസറ്ര് മനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി. യോഗ്യരായ നിക്ഷേപകർക്ക് (ക്യൂ.ഐ.ബി) സെപ്‌തംബർ 14വരെ താത്പര്യപത്രം സമർപ്പിക്കാൻ സമയമുണ്ട്.
പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിൽ കേന്ദ്രത്തിനുള്ള 52.98 ശതമാനം ഓഹരികളും വിറ്റൊഴിയുന്നതിന്റെ ഭാഗമായുള്ള താത്പര്യപത്രം നൽകാനുള്ള തീയതിയും നീട്ടിയിട്ടുണ്ട്. മേയ് രണ്ട് ആയിരുന്നു ആദ്യ തീയതി. പിന്നീടിത് ജൂൺ 13ലേക്കും തുടർന്ന് ജൂലായ് 31ലേക്കുമാണ് നീട്ടിയത്. എയർ ഇന്ത്യയുടെ 76 ശതമാനം ഓഹരികൾ വിറ്റഴിക്കാൻ 2018ൽ കേന്ദ്രം നടത്തിയ ശ്രമം വാങ്ങാനാളില്ലാത്തതിനാൽ പരാജയപ്പെട്ടിരുന്നു. സർക്കാരിനൊപ്പം എയർ ഇന്ത്യയെ നയിക്കാൻ താത്പര്യമില്ലെന്ന് നിക്ഷേപകലോകം വ്യക്തമാക്കിയിരുന്നു. തുടർന്നാണ്, 100 ശതമാനം ഓഹരികളും വിറ്രൊഴിയാൻ ഈവർഷം തീരുമാനിച്ചത്.
സ്വകാര്യച്ചിറകിലേക്ക്
₹60,074 കോടി
കഴിഞ്ഞവർഷം മാർച്ച് 31 പ്രകാരമുള്ള കണക്കനുസരിച്ച് 60,074 കോടി രൂപയാണ് എയർ ഇന്ത്യയുടെ കടബാദ്ധ്യത. സർക്കാരിന്റെ സാമ്പത്തിക സഹായത്താലാണ് ഇപ്പോൾ പ്രവർത്തനം. എയർ ഇന്ത്യ കൂടുതൽ ബാദ്ധ്യതയാകുന്നത് ഒഴിവാക്കാനാണ് 100 ശതമാനം ഓഹരികളും സർക്കാർ വിറ്റൊഴിയുന്നത്.
₹23,286 കോടി
എയർ ഇന്ത്യയുടെ കടഭാരത്തിൽ 23,286.5 കോടി രൂപ, ഓഹരികൾ സ്വന്തമാക്കുന്ന നിക്ഷേപകർ വഹിക്കേണ്ടി വരും. ബാക്കി ബാദ്ധ്യത സർക്കാർ സജ്ജമാക്കിയ എയർ ഇന്ത്യ അസറ്ര് ഹോൾഡിംഗ്‌സ് ലിമിറ്റഡ് എന്ന എസ്.പി.വിക്ക് കൈമാറും.
₹2.10 ലക്ഷം കോടി
പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പുവർഷം 2.10 ലക്ഷം കോടി രൂപ നേടുകയാണ് കേന്ദ്രലക്ഷ്യം. എൽ.ഐ.സിയുടെ ഓഹരി വില്പനയും (ഐ.പി.ഒ) സർക്കാരിന്റെ പട്ടികയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |