മേപ്പാടി: മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന പച്ചക്കാട് പുത്തുമല വനത്തിൽ മൃഗവേട്ടയ്ക്കായി ഇറങ്ങിയ ആറംഗ സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. അഞ്ചു പേർ രക്ഷപ്പെട്ടു. ഇവരെ വൈകാതെ പിടികൂടുമെന്ന് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. ബാബുരാജ് പറഞ്ഞു.
താമരശ്ശേരി കട്ടിപ്പാറ സ്വദേശിയായ പുറായിൽ വീട്ടിൽ അബുവിന്റെ മകൻ ഷഫീഖാണ് ( 37) അറസ്റ്റിലായത്. കളളത്തോക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
കാട്ടിൽ നിന്ന് മൃഗങ്ങളുടെ ഇറച്ചി ശേഖരിച്ച് വിൽക്കുന്ന താമരശ്ശേരി കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ പ്രധാന കണ്ണികളാണ് പ്രതികളെന്ന് കരുതുന്നു. ഷഫീഖിനെ കൂടാതെ മേപ്പാടി നെല്ലിമുണ്ട സ്വദേശികളായ അബു താഹിർ, കണ്ടാലറിയാവുന്ന മറ്റൊരാൾ, താമരശ്ശേരി സ്വദേശികളായ മുജീബ്, സുബൈർ, അഷ്‌റഫ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. രാത്രികാല പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്.
ലോക്ക് ഡൗൺ ഇളവ് മുതലെടുത്താണ് പ്രതികൾ അന്യജില്ലയിൽ നിന്നു വയനാട്ടിലെത്തി പ്രദേശവാസികളുടെ സഹായത്തോടെ വേട്ടയ്ക്കിറങ്ങിയത്. പിടിയിലായ ഷഫീഖ് നേരത്തെ താമരശ്ശേരി റേഞ്ചിലെ വേട്ടക്കേസ്സിൽ പ്രതിയാണ്. രക്ഷപ്പെട്ടവരിൽ അബു താഹിർ 2018ൽ മേപ്പാടി റേഞ്ചിൽ സമാന കേസ്സിൽ പ്രതിയായിരുന്നു.
വനപാലക സംഘത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി.ബി.മനോജ് കുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ വി.മനോജ്, ശിവരാമൻ, ജയദേവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ഷിഹാബ്, സാജൻ ഡേവിസ്, മിഥുൻ എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |