തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം താളം തെറ്റിയതോടെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പ്രകാരം മുൻഗണനാവിഭാഗക്കാർക്ക് ഈ മാസം വിതരണം ചെയ്യേണ്ട അരിയും കടലയും ഭൂരിഭാഗം റേഷൻ കടകളിലും എത്തിയില്ല. പദ്ധതി പ്രകാരം ആളൊന്നിന് അഞ്ച് കിലോഗ്രാം വീതം അരിയും കാർഡ് ഒന്നിന് ഒരു കിലോഗ്രാം കടലയും സൗജന്യമായി ലഭിക്കേണ്ടതാണ്. കഴിഞ്ഞ രണ്ട് മാസവും ഈ പദ്ധതിയിൽ അരി വിതരണം നടന്നിരുന്നു. കോട്ടയത്തും വയനാട്ടിലും എ.എ.വൈ വിഭാഗക്കാർക്കുള്ള അരിയും ഗോതമ്പും പോലും ഇതുവരെ റേഷൻ കടകളിൽ ലഭ്യമാക്കിയിട്ടില്ല. മണ്ണെണ്ണ ആകെ ആവശ്യമുള്ളതിന്റെ 70% മാണ് വിതരണത്തിനെത്തിച്ചത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പരാതികൾ ഡയറക്ടറേറ്റിൽ ലഭിക്കുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. വിതരണ തീയതിയും നീട്ടിവച്ചിട്ടില്ല. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആൾകേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും സർക്കാരിനോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |