തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് ദർശനത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണം തുടരും. എത്രനാൾ നിയന്ത്രണം വേണമെന്ന കാര്യത്തിൽ നാളത്തെ ദേവസ്വം ബോർഡ് യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നാളെ വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഇപ്പോഴത്തെ സാഹചര്യത്തിൽ നാളെ കഴിഞ്ഞാലും ഭക്തർക്ക് പ്രവേശനമുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
സംസ്ഥാനത്ത് തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗ വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് ബോർഡ് ഭക്തർക്ക് പ്രവേശനം അനുവദിക്കാനുളള തീരുമാനം നീട്ടിയത്. എന്നാൽ നിത്യപൂജയും ആചാരമനുസരിച്ചുള്ള ചടങ്ങുകളും ക്ഷേത്രത്തിൽ മുടങ്ങില്ല.
കൊവിഡ് വ്യാപനം കണക്കിലെടുത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം ഉണ്ടാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുന്നത് പ്രായോഗികമല്ലാത്തതിനെ തുടർന്നാണ് ക്ഷേത്രങ്ങളിലെ ബലിതർപ്പണം ഒഴിവാക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് എടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |