
ചേർത്തല: എസ്.എൻ.ഡി.പി യോഗം-എൻ.എസ്.എസ് ഐക്യം കാലത്തിന്റെ നീതിയെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 21ന് ആലപ്പുഴയിൽ ചേരുന്ന യോഗം നേതാക്കളുടെ സംഗമം എൻ.എസ്.എസുമായുള്ള ഐക്യം ചർച്ച ചെയ്യും. ഒരു സമുദായത്തിന്റെയും അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുക്കാനല്ല ശ്രമിക്കുന്നത്. ഹിന്ദു വിഭാഗങ്ങൾ ഭിന്നിച്ചു നിൽക്കുന്നത് അനുയോജ്യമല്ല. ക്രൈസ്തവർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അവരുമായി ചർച്ച ചെയ്തിരുന്നു. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യമെന്നത് യോഗം പണ്ടു തൊട്ടേ ഉയർത്തിയ വാദമാണ്.
യോഗത്തെ എൻ.എസ്.എസുമായി തെറ്റിച്ചത് ലീഗാണ്. അവർ തന്നെ വർഗീയവാദിയാക്കി. സംവരണത്തിനായി ലീഗ് നേതൃത്വം യോഗത്തെ മുൻനിറുത്തി സമരങ്ങൾ ചെയ്തു. സംവരണമെന്നു പറഞ്ഞ് തന്നെ കൊണ്ടു പോകുകയായിരുന്നു. എന്നാൽ,ഭരണം ലഭിച്ചിട്ടും യോഗത്തിന് ഒന്നും ലഭിച്ചില്ല. യു.ഡി.എഫാണ് ചതിച്ചതെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല. തന്റെ മലപ്പുറം പരാമർശം വളച്ചൊടിച്ചു. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാൻ ശ്രമിച്ചു. താൻ മുസ്ലിം വിരോധിയല്ല. മുസ്ലിം സമുദായത്തെ സഹോദര തുല്യം സ്നേഹിക്കുന്നു. ലീഗിലെ വർഗീയതയെയാണ് എതിർക്കുന്നത്. യോഗവും എൻ.എസ്.എസും ഒന്നിച്ചാൽ സുനാമി വരുമോ?അതാർക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് ആലോചിച്ചിട്ടില്ല. താനും എൻ.എസ്.എസ് നേതൃത്വവും ഫോണിൽ പോലും ചർച്ച നടത്തിയിട്ടില്ല.
സതീശൻ ഇന്നലെ
പൂത്ത തകര
ഇന്നലെ പൂത്ത തകരയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെന്ന് വെള്ളാപ്പള്ളി. താൻ വർഗീയവാദിയാണെന്ന് ഈ മാന്യൻ മാത്രമാണ് പറഞ്ഞത്. സതീശനെ പരസ്യമായി താക്കീത് ചെയ്താണ് കാന്തപുരം സംസാരിച്ചത്. തന്റെ കുടുംബത്തിൽ പണ്ടേ കാറും സമ്പത്തുമുണ്ട്. സതീശൻ ജനിക്കും മുമ്പ് തന്റെ അച്ഛൻ തന്റെ സഹോദരിക്ക് ഇംഗ്ലണ്ടിൽ നിന്നാണ് കാർ വാങ്ങിക്കൊടുത്തത്. രാഷ്ട്രീയത്തിൽ വരുന്നതിനു മുമ്പ് ഇയാൾക്ക് എന്തുണ്ടായിരുന്നു. ഇയാൾ തന്നെ നിരന്തരം വേട്ടയാടുകയാണ്. ഈഴവർക്കെതിരെയാണ് സംസാരിക്കുന്നത്. ഈ മാന്യന്റെ ഉപ്പാപ്പൻ വിചാരിച്ചാലും യോഗത്തെ തകർക്കാനാവില്ല. പിളർത്താൻ ശ്രമിച്ചവരെല്ലാം സ്വയം നശിച്ചിട്ടേയുള്ളൂ. ലീഗിന്റെ ഗുഡ് ബുക്കിൽ കയറാനാണു സതീശന്റെ ശ്രമം. കെ.സി.വേണുഗോപാലിനോ,രമേശ് ചെന്നിത്തലയ്ക്കോ മുഖ്യമന്ത്രിയാകാൻ അയോഗ്യതയില്ല. എ.കെ.ആന്റണിക്ക് വേണമെങ്കിലും ഇനി മുഖ്യമന്ത്രിയാകാം. അവരാരെങ്കിലും താൻ വർഗീയവാദിയാണെന്ന് പറഞ്ഞാൽ അംഗീകരിക്കാം. സതീശൻ യോഗ്യത അഭിനയിക്കുകയാണ്. താൻ കോൺഗ്രസിനും യു.ഡി.എഫിനും എതിരല്ല. കൂടുതൽ സീറ്റുകളാണ് ലീഗ് ആവശ്യപ്പെടുന്നത്. ലീഗിനനുസരിച്ചു തുള്ളിക്കളിക്കുന്ന നിലയിലേക്കു കോൺഗ്രസ് എത്തിയില്ലേ. യഥാർത്ഥ വർഗീയവാദികളെ കൂടെ നിറുത്തിയിട്ട് തങ്ങളെ വർഗീയവാദിയാക്കുകയാണ്. കോൺഗ്രസിന് കേരളത്തിൽ പ്രസക്തിയില്ലാതെ പോയതിന് താനല്ല കാരണക്കാരൻ. മൂന്നാമതും ഇടതു ഭരണത്തിനാണ് സാദ്ധ്യത. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം കണ്ട് തുള്ളുന്നവരുണ്ട്. യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |