തിരുവനന്തപുരം: മുഖ്യമന്ത്രി ബഹുരാഷ്ട്ര കമ്പനിയുടെ വക്താവായി മാറിയത് തന്നെ അതിശയിപ്പിച്ചുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഇന്നലെ പറഞ്ഞ വാദങ്ങളൊന്നും നിലനിൽക്കുന്നതല്ല. അദ്ദേഹം പറഞ്ഞതൊക്കെ പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ മറുപടി പൊതുസമൂഹത്തെ കബളിപ്പിക്കുന്നതാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.
പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് പല വ്യാജ പേരുകൾ സ്വീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് പ്രൈസ് വാട്ടർ ഹൗസ് ഇന്ത്യ എന്ന വ്യാജപേര് ബഹുരാഷ്ട്ര കമ്പനി സ്വീകരിച്ചിരിക്കുന്നത്. സെബി നിരോധിച്ച കമ്പനിക്ക് തന്നെയാണ് സംസ്ഥാന സർക്കാർ കരാർ നൽകിയത്. മുഖ്യമന്ത്രിയുടെ വാദങ്ങൾ നിലനിൽക്കില്ല. സെബിയുടെ ഉത്തരവ് വായിച്ച് നോക്കാതെയാണ് നിരോധനം വേറെ കമ്പനിക്കെന്ന് മുഖ്യമന്ത്രി പറഞ്ഞത്. എല്ലാ കാര്യങ്ങളും പഠിച്ചിട്ടാണ് താൻ ഈ വാദങ്ങൾ ഉന്നയിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കമ്പനിക്കെതിരെ സ്വീകരിച്ച നടപടി ഫലപ്രദമാകാൻ നെറ്റ് വർക്ക് നിരോധിക്കണമെന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. ക്യാബിനറ്റിൽ പോലും ചർച്ച ചെയാതെയാണ് കമ്പനിക്ക് സർക്കാർ കരാർ നൽകിയിരിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിന്താശക്തിയേയും അറിവിനേയും ചോദ്യം ചെയ്യുകയാണ്. പദ്ധതി സുതാര്യമായി നടത്താമെന്നിരിക്കെ സ്വിറ്റ്‌സർലാൻഡ് കമ്പനിയെ വഴിവിട്ട് സഹായിക്കാനാണ് മുഖ്യമന്ത്രി ഇതൊക്കെ ചെയ്‌തത്. അദ്ദേഹത്തിന്റെ സ്വിറ്റ്സർലാൻഡ് സന്ദർശനം ഇതിനോടൊപ്പം കൂട്ടിവായിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
നിക്സി എം.പാനൽ ചെയ്‌ത കമ്പനിക്കാണ് സർക്കാർ കരാർ നൽകിയത്. പരിശോധന ഇല്ലാതെ കരാർ നൽകാൻ കഴിയില്ല. മുൻ ചീഫ് സെക്രട്ടറിയും ധനകാര്യസെക്രട്ടറിയും കരാറിനെ എതിർത്തു. ധനമന്ത്രിയുടെ അറിവോടെയാണ് ധനകാര്യ സെക്രട്ടറി ഇതിനെ എതിർത്തത്. കമ്പനിയുമായുള്ള ധാരണപത്രത്തിന് ഏകപക്ഷീയമായ നീക്കമുണ്ടായി. പറഞ്ഞ വാദങ്ങൾ തെറ്റാണെന്ന് പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. ഗതാഗത സെക്രട്ടറി വിളിച്ച യോഗത്തിൽ സ്വിറ്റസർലാൻഡ് കമ്പനിയായ ഹെസിലെ പ്രതിനിധികൾ പങ്കെടുത്തിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഇത് അഴിമതിയല്ല തീവെട്ടികൊള്ളയാണ്. ഗതാഗതമന്ത്രി ഇക്കാര്യം അറിഞ്ഞിട്ട് പോലുമില്ല. ആരാണ് ഹെസിനെ തിരഞ്ഞെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. കൺസൾട്ടൻസിയെ കോൺട്രാക്ട് കരാറാക്കി മാറ്റിയ ചരിത്രം മുഖ്യമന്ത്രിക്കുണ്ട്. ബസുകളുടെ വില എന്തിനാണ് മുൻകൂട്ടി നിശ്ചിയിച്ചതെന്ന് വ്യക്തമാക്കണം. പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിയോട് മുഖ്യമന്ത്രിക്ക് എന്താണ് ഇത്ര താത്പര്യമെന്ന് അറിയില്ല. കമ്പനിക്ക് കരാർ നൽകാൻ പ്രത്യേക താത്പര്യമെടുത്തത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
ബന്ധുനിയമനം, മാർക്ക് ദാനം, ബ്രൂവറി-ഡിസ്‌റ്റിലറി വിവാദം, സ്പ്രിൻക്ലർ അഴിമതി, ബെവ്കോ ആപ്പ് അഴിമതി എല്ലാം പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളാണ്. ഇതെല്ലാം സത്യമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടു. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് പ്രതിപക്ഷ ആരോപണങ്ങൾ ക്ലച്ച് പിടിക്കുന്നില്ലെന്നാണ്. ആന്റണിയുടെ കാലത്ത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ കമ്പനിക്ക് കരാർ നൽകിയപ്പോൾ സെബിയുടെ നിരോധനം ഇല്ലായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |