തൃശൂർ: ലീഡർ കെ.കരുണാകരന്റെ കല്യാണമുൾപ്പെടെ നിരവധി ചരിത്ര മുഹൂർത്തങ്ങൾ പകർത്തിയ പ്രശസ്ത ഫോട്ടോഗ്രാഫർ മാള വടമ അത്തക്കുടത്ത് വിജയൻ മേനോൻ (85)നിര്യാതനായി. തൃശൂരിലെ മുരളി ഫോട്ടോസിലൂടെ പതിനഞ്ചാം വയസിൽ കാമറ കൈയ്യിലേന്തിയ അദ്ദേഹം ഏഴ് പതിറ്റാണ്ടോളം ഫോട്ടോഗ്രാഫി രംഗത്ത് സജീവമായിരുന്നു. തൃശൂർ, കൊച്ചി എന്നിവിടങ്ങളിലെ പ്രധാനസംഭവങ്ങൾ വിജയന്റെ കാമറ ഒപ്പിയെടുത്തിട്ടുണ്ട്. എറണാകുളത്തെ സന്തോഷ് ട്രോഫി ഗ്രൗണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പൂർണമായും ഒപ്പിയെടുത്തത് ശ്രദ്ധേയമായിരുന്നു.
നെഹ്‌റുവും കുടുംബവും ടി.സി. കൊച്ചുകുട്ടിയമ്മയുടെ വസതിയിൽ താമസിച്ചപ്പോൾ എടുത്ത ഫോട്ടോയിൽ കൈയൊപ്പ് രേഖപ്പെടുത്തിയാണ് നെഹ്‌റു അനുമോദിച്ചത്. 1954ൽ തന്റെ പത്തൊമ്പതാം വയസിലാണ് വിജയൻ മേനോൻ കരുണാകരന്റെ കല്യാണ ഫോട്ടോഗ്രാഫറായത്. ടി പത്മിനി, ഗായിക പി. ലീല തുടങ്ങിയവരുടെ വിവാഹവും കാമറയിലാക്കിയത് വിജയൻ മേനോനായിരുന്നു.
പ്രസ് ജേണലിസ്റ്റ് അവാർഡ്, കഥകളി ക്ലബ്ബിന്റെ സുവർണജൂബിലി പുരസ്‌കാരം, പാറമേക്കാവ് സുവർണ്ണമുദ്ര, തൃശൂർ ഭാഗവസത്ര സമിതി പുരസ്‌കാരം എന്നിവ നേടി. 35 വർഷം മുൻപാണ് തൃശൂരിൽ സ്വന്തം സ്ഥാപനം തുടങ്ങുന്നത്.
ഭാര്യ: നീണ്ടൂർ കമലനിലയത്തിൽ ഓമന. മക്കൾ: രേണുക (കേന്ദ്രീയ വിദ്യാലയം, ഏഴിമല), രാധിക (ധനലക്ഷ്മി ബാങ്ക്, ഒറ്റപ്പാലം), ശിവദാസ് (വിജയ് ഫോട്ടോസ്). മരുമക്കൾ: സതീഷ് ചന്ദ്രൻ (ബിസിനസ്), രാജീവ് (ബജാജ്), ദിവ്യ. സംസ്‌കാരം നടത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |