ചെന്നൈ : തൂത്തുക്കുടി സാത്താൻകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസുകാർക്കെതിരെ രൂക്ഷ പ്രതികരണവുമായി നടൻ രജനീകാന്ത് രംഗത്തെത്തി. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
''അച്ഛനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിനെ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പൊലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതിയെക്കുറിച്ചറിഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. പ്രതികൾക്ക് കഠിന ശിക്ഷ നൽകണം. അവർ ഒരിക്കലും രക്ഷപ്പെടരുത്''- രജനികാന്ത് ആവശ്യപ്പെട്ടു.
മരവ്യാപാരിയും മൊബൈൽ കടയുടമയുമായ ജയരാജ്, മകൻ മുപ്പത്തൊന്നുകാരനായ ബെന്നിക്സ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ അതി ക്രൂരമായി കൊല്ലപ്പെട്ടത്. ജൂൺ 19നായിരുന്നു സംഭവങ്ങളുടെ തുടക്കം. ലോക്ക്ഡൗൺ നിയന്ത്രണങ്ങളെത്തുടർന്ന് കടകൾ പ്രവർത്തിക്കാൻ നിശ്ചിത സമയം അനുവദിച്ചിരുന്നു. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്നുപറഞ്ഞ് ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെക്കുറിച്ച് തിരക്കാനായി സ്റ്റേഷനിലെത്തിയ മകൻ ബെന്നിക്സ് അച്ഛനെ പൊലീസുകാർ ക്രൂരമായി മർദ്ദിക്കുന്നതാണ് കണ്ടത്. അസഭ്യം വിളിച്ചു എന്നുപറഞ്ഞ് ബെനിക്സിനെയും പൊലീസ് അപ്പോൾത്തന്നെ കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇരുവരെയും മണിക്കൂറുകളോളം ക്രൂരമായി മർദ്ദിച്ചു. പ്രത്യേക പൊലീസ് സംഘമായിരുന്നു മർദ്ദനത്തിനും ഉരുട്ടലിനും നേതൃത്വം നൽകിയത്. ഇരുമ്പുകമ്പികൊണ്ട് മലദ്വാരത്തിൽ കുത്തുകയും ചെയ്തു. ക്രൂരപീഡനങ്ങളേറ്റ് ഇരുവരുടെയും ആന്തരാവയവങ്ങൾക്ക് ക്ഷതമേറ്റു. ആശുപത്രിയിൽ ചികിത്സയിലിക്കെയാണ് ഇരുവരും മരിച്ചത്.
ഈ സ്റ്റേഷനിൽ ഒരു ആട്ടോഡ്രൈവറും പൊലീസ് മർദ്ദനത്തെത്തുടർന്ന് മരിച്ചിരുന്നു. അച്ഛനെയും മകനെയും മർദ്ദിച്ച പൊലീസുകാർ തന്നെയാണ് ആട്ടോഡ്രൈവറെ മർദ്ദിക്കുന്നതിനും നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |