ന്യൂയോർക്ക് : കൊറോണ വൈറസിനെതിരെ യു.എസ് സ്വീകരിച്ചുവരുന്ന പ്രതിരോധ പ്രവർത്തനങ്ങൾ തെറ്റായ ദിശയിലേക്കാണ് പോകുന്നതെന്നും നിലപാടുകൾക്ക് മാറ്റം വരുത്തിയില്ലെങ്കിൽ ദിനംപ്രതി രേഖപ്പെടുത്തുന്ന കേസുകൾ ഇനിയും ഇരട്ടിയാകുമെന്നും പ്രശസ്ത അമേരിക്കൻ സാംക്രമിക രോഗ വിദഗ്ദനായ ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്.
രാജ്യത്ത് ബാറുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ യാതൊരു സാമൂഹ്യ അകലമോ മുൻകരുതലുകളോ പാലിക്കാതെയാണ് ജനങ്ങൾ ഒത്തുകൂടുന്നത്. ഈ സ്ഥിതി തുടരുകയാണെങ്കിൽ ദിനംപ്രതി 100,000 ത്തോളം കൊവിഡ് 19 രോഗികൾ അമേരിക്കയിലുണ്ടാകുമെന്നാണ് ഫൗചി പറയുന്നത്. നിലവിൽ 40,000 ത്തോളം പേർക്കാണ് അമേരിക്കയിൽ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്. രാജ്യത്തെ തെക്ക്, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ ഗണ്യമായി വർദ്ധിച്ചു വരികയാണ്. ആശുപത്രികളിൽ പലതും നിറഞ്ഞു കവിയാറായി. ഫ്ലോറിഡയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട രോഗികളുടെ എണ്ണവും വെന്റിലേറ്ററിന്റെ ഉപയോഗവും കുത്തനെ ഉയർന്നിരിക്കുകയാണ്. ഹൂസ്റ്റണിലെ ആശിപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളുടെ ഏകദേശം 97 ശതമാനവും നിറഞ്ഞ് കഴിഞ്ഞു. താൻ വളരെ ആശങ്കാകുലനാണെന്നും രാജ്യത്തിന്റെ പോക്ക് തെറ്റായ മാർഗത്തിലൂടെയാണെന്നും ഫൗചി ഓർമിപ്പിച്ചു. രാജ്യത്ത് ജീവൻ നഷ്ടമാകാൻ പോകുന്നവരുടെ കണക്ക് വളരെ അസ്വസ്തകൾ സൃഷ്ടിക്കുമെന്നും ഫൗചി മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ യു.എസിൽ രോഗികളുടെ എണ്ണത്തിൽ മുന്നിൽ ന്യൂയോർക്കും തൊട്ടുപിന്നിൽ കാലിഫോർണിയയുമാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാലിഫോർണിയയിലും ടെക്സസിലും രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസം വൈറസ് നിയന്ത്രണത്തിനുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ടെക്സസിൽ ബാറുകൾ അടച്ചു. കാലിഫോർണിയയിൽ മാസ്ക് കർശനമാക്കി. കഴിഞ്ഞ ദിവസം ബാർ, ജിം, തിയേറ്റർ എന്നിവയുടെ പ്രവർത്തനം അരിസോണ സംസ്ഥാനത്തും നിറുത്തി വച്ചിരുന്നു. ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണത്തിൽ 5.6 ശതമാനം വർദ്ധനവുണ്ടായ ഫ്ലോറിഡയിൽ ബാറുകളിൽ ആൽക്കഹോളിന്റെ നിയന്ത്രണം നിരോധിച്ചതും അടുത്തിടെയാണ്. അതേ സമയം, ആദ്യം അമേരിക്കയിലെ ഹോട്ട്സ്പോട്ടുകളായിരുന്ന ന്യൂയോർക്ക്, ന്യൂജേഴ്സി, കണക്ടിക്കട്ട് സംസ്ഥാനങ്ങളിൽ കൊവിഡ് മരണ നിരക്കിൽ കുറവുണ്ടായിട്ടുണ്ട്.
നിലവിൽ യു.എസിൽ 2.6 ദശലക്ഷം പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 126,000 ത്തിലേറെ പേർ മരിച്ചു.
നിരവധി മരുന്നു നിർമാണ കമ്പനികളാണ് അമേരിക്കയിൽ കൊവിഡ് 19നെതിരെയുള്ള വാക്സിൻ വികസിപ്പിച്ചെടുക്കാനുള്ള പോരാട്ടത്തിൽ കൈകോർത്തിട്ടുള്ളത്. അടുത്ത വർഷം ആദ്യത്തോടെ കൊവിഡ് 19 വാക്സിൻ രാജ്യത്ത് ലഭ്യമാകുമെന്ന് ആന്റണി ഫൗചി പറയുന്നു. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ വികസിപ്പിച്ചെടുക്കുന്നതിനാൽ വാക്സിൻ എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്നും ഫൗചി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |