ചെന്നൈ : തൂത്തുക്കുടിയിലെ ഇരട്ട കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനെതിരെ കൊലപാതകത്തിന് കേസ് ചുമത്തി അറസ്‌റ്റ് ചെയ‌്തു. സബ് ഇൻസ്പെക്ടർ രഘു ഗണേഷിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ജൂൺ 19നാണ് മൊബൈൽ ഫോൺ കട അനുവദിച്ച സമയത്തിൽ 15 മിനിറ്റിലധികം തുറന്നുവച്ചെന്ന് ആരോപിച്ച് ജയരാജ് ( 59 ), മകൻ ബെനിക്സ് ( 31) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിൽ വച്ച് ഇരുവരും അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയമായിരുന്നു. ആന്തരികാവയവങ്ങളിൽ രക്തസ്രാവമുണ്ടാവുകയും ഇരുവരുടെയും നില അതീവ ഗുരുതരമാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ലോക്ക്ഡൗണിൽ അനുവദിച്ച സമയം കഴിഞ്ഞും കട തുറന്നതിന് കഴിഞ്ഞ 19നാണ് സാത്താൻകുളം സ്വദേശി ജയരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛനെത്തിരക്കി സ്റ്റേഷനിലെത്തിയ ബെന്നിക്സിനെയും തടഞ്ഞുവച്ചു. പൊലീസിനെ ആക്രമിച്ചുവെന്നാരോപിച്ച് ഇരുവരെയും കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ചെന്നാണ് ആരോപണം. ഇത് പൊലീസുകാരും ശരിവച്ചു.
'സ്റ്റേഷനിലെത്തിച്ച സമയത്ത് ഇരുവരുടെയും ശരീരത്തിൽ പരിക്കില്ലായിരുന്നു. രഹസ്യഭാഗങ്ങളിൽ കമ്പികൊണ്ടു മർദ്ദിച്ചതിനെ തുടർന്ന് ബെന്നിക്സിന്റെ പിൻഭാഗം തകർന്നിരുന്നു. ജയിലിലേക്കുള്ള യാത്രയ്ക്കിടെ രക്തസ്രാവം നിലക്കാത്തിനെ തുടർന്ന് പലവട്ടം ഉടുമുണ്ട് മാറ്റിയതും' പൊലീസുകാർ സമ്മതിച്ചു. ജയിൽ രേഖകളിലും ബെന്നിക്സിന്റെ കാലുകൾ, ഇടുപ്പ് എന്നിവിടങ്ങളിൽ പരിക്കും മുഖത്ത് വീക്കവുമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരുവരെയും കാണാതെയാണ് സാത്താൻകുളം മജിസ്‌ട്രേറ്റ് ഡി. ശരവണൻ റിമാൻഡ് റിപ്പോർട്ട് ഒപ്പിട്ടതെന്നും വ്യക്തമായി. വീടിന്റെ ബാൽക്കണിയിൽ നിന്നാണ് ജഡ്‌ജി നോക്കിയത്. റിമാൻഡ് ചെയ്യുമ്പോൾ പാലിക്കേണ്ട സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾ ലംഘിച്ച മജിസ്‌ട്രേറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് വിരമിച്ച ജഡ്ജിമാർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ശരീരത്തിൽ പരിക്കുണ്ടായിട്ടും ചികിത്സ നൽകാതെ ജയിൽ അധികൃതരും ഗുരതര വീഴ്ച വരുത്തി. 22ാം തിയതി ജയിലിൽ എത്തിച്ച് മണിക്കൂറുകൾക്കം ഇരുവരും മരിക്കുകയായിരുന്നു.
കസ്റ്റഡി മരണത്തിൽ സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെ സംഭവത്തിൽ മദ്രാസ് ഹൈക്കോടതി കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |