പത്തനാപുരം : വ്യാജ വാറ്റ് കേന്ദ്രത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തിൽ രണ്ട് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മാങ്കോട് തൊണ്ടിയാമൺ തെക്കേക്കര ചരുവിളവീട്ടിൽ പ്രദീപിന്റെ (40) മരണത്തിലാണ് സുഹൃത്തുക്കളായ പൂങ്കുളഞ്ഞി അനീഷ് ഭവനിൽ അനീഷ് (32), ചിതൽവെട്ടി എസ്.എഫ്.സി.കെ ക്വാട്ടേഴ്സിലെ താമസക്കാരനായ പൊടിയൻ (54) എന്നിവർ പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ 19 നാണ്
ഫാമിംഗ് കോർപ്പറേഷൻ എസ്റ്റേറ്റിലെ വ്യാജവാറ്റ് കേന്ദ്രത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന പ്രദീപ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്. 18ന് രാത്രിയിൽ പ്രദീപിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയ സുഹൃത്തുക്കൾ അപായപ്പെടുത്തിയതാണെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രദീപിന്റെ കുടുംബം റൂറൽ എസ്.പി ഹരിശങ്കറിന് പരാതി നൽകിയിരുന്നു. തുടർന്ന് പുനലൂർ ഡിവൈ.എസ്.പി അനിൽദാസിന്റെ നേത്യത്ത്വത്തിലുള്ള സംഘം അന്വഷണം നടത്തി. പത്തനാപുരം സി.ഐ രാജീവ്. എസ്.ഐമാരായ സുബിൻ തങ്കച്ചൻ, ജയിംസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. തെങ്ങിൽ നിന്ന് കാൽവഴുതി വീണ് ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിലെത്തിക്കാതെ അനീഷും പൊടിയനും മുങ്ങുകയായിരുന്നു. പ്രദീപ് തിരിച്ച് വരാതായതോടെ ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വിച്ച് ഓഫായിരുന്നു. തെരച്ചിലിനൊടുവിൽ പിറ്റേദിവസം രാവിലെ അബോധാവസ്ഥയിലാണ് പ്രദീപിനെ കണ്ടെത്തിയത്. 304-ാം വകുപ്പ് പ്രകാരം മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |