മലപ്പുറം: കൊവിഡ് പരിശോധന ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ സ്രവ സാമ്പിളുകൾ എടുക്കുന്നതിന് കൂടുതൽ കേന്ദ്രങ്ങളിൽ സജ്ജീകരണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന അറിയിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മലപ്പുറം, കൊണ്ടോട്ടി, പൊന്നാനി താലൂക്ക് ആശുപത്രികൾ (പൊന്നാനി ടി.ബി.ക്ലിനിക്ക്) എന്നിവിടങ്ങളിലാണ് സ്രവ സാമ്പിളുകൾ എടുക്കുന്നതിന് പുതുതായി സൗകര്യമൊരുക്കിയിട്ടുള്ളത്.
പുതിയ കേന്ദ്രങ്ങളിലേക്ക് നോഡൽ ഓഫീസർമാരെയും ജീവനക്കാരെയും നിയോഗിക്കുകയും സാമ്പിളുകൾ എടുക്കുന്നതിനുള്ള ഉപകരണങ്ങൾ ലഭ്യമാക്കുകയും ചെയ്തു. മുഴുവൻ ജീവനക്കാർക്കും ആവശ്യമായ പരിശീലനം നൽകി. 15 ആരോഗ്യ ബ്ലോക്കുകളുടെയും കീഴിലുള്ള ഒരു ആശുപത്രി വീതം സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് എടുക്കുന്നതിനാവശ്യമായ സൗകര്യവും ഒരുക്കി വരികയാണെന്ന് ഡി.എം.ഒ അറിയിച്ചു. കാളികാവ് സഫ ആശുപത്രി, മുട്ടിപ്പാലം സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും സ്രവസാമ്പിളുകൾ പരിശോധനയ്ക്കായി എടുക്കുന്നുണ്ട്.
അനിവാര്യം
നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ്, തിരൂർ, നിലമ്പൂർ ജില്ലാ ആശുപത്രികൾ, തിരൂരങ്ങാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് സാമ്പിളുകൾ എടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരുന്നത്. നിരീക്ഷണത്തിലുള്ളവരുടെയും പരിശോധന ആവശ്യമുള്ളവരുടെയും എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആശുപത്രികളിൽ സൗകര്യമൊരുക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |