വികാസ് ദുബേ... ഈ പേരുകേട്ടാൽ പൊലീസുകാരുടെ പോലും മുട്ടിടിക്കും. ഇന്നുപുലർച്ച കാൺപൂരിൽ റെയ്ഡിനിടെ ഡി വൈ എസ് പി ഉൾപ്പെടെ എട്ടു പൊലീസുകാർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതും ദുബേയുടെ ക്രിമിനൽ ബുദ്ധിതന്നെ.
കണ്ടാൽ ഒരു മാന്യൻ. ചിരിച്ച മുഖം. കാെടും ക്രിമിനലാണെന്ന് ആർക്കും സംശയം തോന്നില്ല. പക്ഷേ, ഇടഞ്ഞാൽ ജീവനെടുത്തേ പിന്മാറൂ.. എതിരാളി ആരായാലും പ്രശ്നമേ അല്ല. അതാണ് ദുബേ.
ചെറുപ്പകാലം മുതൽ പിടിച്ചുപറിയും മോഷണവും അടിയും വെട്ടും കുത്തുമായി നടന്ന ദുബേയെ രാഷ്ട്രീയക്കാരുൾപ്പെടെയുള്ള പലരും ഉപയോഗപ്പെടുത്തി. ഈ ബന്ധങ്ങൾ തന്റെ സാമാജ്യം വളർത്താൻ അയാൾ സമർത്ഥമായി ഉപയോഗിച്ചു. വളരെപ്പെട്ടെന്ന് സംസ്ഥാനത്തെ കുപ്രസിദ്ധ ക്രിമിനലായി. അധികം വൈകാതെ ഈ കുപ്രസിദ്ധി മറ്റുസംസ്ഥാനങ്ങളിലേക്കും എത്തി. എന്തിനും പോന്ന സംഘമായിരുന്നു പ്രധാന ശക്തി. ദുബേ മനസിൽ കണക്കുകൂട്ടുന്നതിനെക്കാൾ വെടിപ്പായി സംഘാംഗങ്ങൾ കാര്യങ്ങൾ ചെയ്യും. ഇവരെ ഉപയോഗിച്ച് കൊളളയും കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലും തുടർക്കഥയാക്കി. കൊളളയിലൂടെ കോടികൾ സമ്പാദിച്ചു. ഷിവിലി ഡോണ്‍ എന്നാണ് ദുബേ അറിയപ്പെടുന്നത്. കൊലപാതകങ്ങൾ ഉൾപ്പെടെ 52 ക്രിമിനൽ കേസുകളാണ് ഇയാളുടെ പേരിലുളളത്. സംസ്ഥാനത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടി നേതാക്കളുമായും അടുത്ത ബന്ധമാണ് ഇയാൾക്കുളളത്.
തന്റെ സംഘാംഗങ്ങൾക്ക് ആവശ്യമുളളതെല്ലാം ദുബേ നൽകും. ഓപ്പറേഷനിടെ സംഘത്തിലെ ആർക്കെങ്കിലും ആപത്തുപിണഞ്ഞാൽ തുടർന്ന് അവരുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് ദുബേ നേരിട്ടാണ്. ഒന്നിനും ഒരുമുട്ടും വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. ഈ ആശ്രിത വാത്സല്യം തന്നെയാണ് ദുബേയുടെ സംഘത്തിൽ അംഗങ്ങളാവാൻ യുവാക്കൾ ക്യൂ നിൽക്കുന്നതിന് കാരണവും. താത്പര്യപ്പെട്ടെത്തുന്ന എല്ലാവരെയും സംഘത്തിൽ ഉൾപ്പെടുത്താറില്ല. തടിമിടുക്കും മനോബലവും കാണിക്കുന്നതിനൊപ്പം ഒറ്റുകാരനല്ലെന്ന് വിശ്വസിപ്പിക്കുകയും വേണം. മറ്റെന്തും ദുബേ ക്ഷമിക്കും. പക്ഷേ, ഒറ്റുന്നത് ക്ഷമിക്കില്ല. ഇതിന് വലിയ വില കൊടുക്കേണ്ടി വരും. ഒരുപക്ഷേ, സ്വന്തം ജീവൻ തന്നെ. അതിനാൽ കൂടെ നിന്ന് ഒറ്റാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല.
ഏതിരാളികൾ ആരായിരുന്നാലും ദുബേയ്ക്ക് അതൊരു പ്രശ്നമേ അല്ല. 2001-ല്‍ ശിവ്‌ലി പൊലീസ് സ്റ്റേഷനിൽ പൊലീസുകാരുടെ കൺമുന്നിൽ വച്ചാണ് മുന്‍മന്ത്രി സന്തോഷ് ശുക്ലയെ ദുബേയും സംഘവും കൊലപ്പെടുത്തിയത്. പിന്തുടർന്നെത്തി വെടിവച്ചുകൊല്ലുകയായിരുന്നു. സംഭവം കണ്ട് അന്തിച്ചുനിൽക്കാനേ പൊലീസിനായുളളൂ. ഈകൊലയുമായി ബന്ധപ്പെട്ട് പൊലീസിനുമുന്നിൽ കീഴടങ്ങിയെങ്കിലും തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കുകയായിരുന്നു. ഹൈസ്‌കൂള്‍ അദ്ധ്യാപകനായി വിരമിച്ച സിദ്ദേശ്വര്‍ പാണ്ഡെ എന്നയാളെ കാണ്‍പൂരില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ ദുബേയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ശിക്ഷപ്പെട്ട ഇയാൾ എങ്ങനെ പുറത്തിറങ്ങി എന്നത് വ്യക്തമല്ല.
പൊലീസുകാരുടെ പക്കൽപ്പോലും ഇല്ളാത്ത ആയുധങ്ങൾ ദുബേയുടെ സംഘത്തിന്റെ കൈയിലുണ്ടാവും. ലാത്തിയും പഴയ തോക്കുമായി എത്തുന്ന പൊലീസുകാർക്ക് ഈ സംഘത്തിനുമുന്നിൽ പലപ്പോഴും പിടിച്ചുനിൽക്കാനാവില്ല. ഇന്നുണ്ടായ ആക്രമണത്തിൽ എട്ടുപൊലീസുകാർക്ക് ജീവൻ നഷ്ടമായതുതന്നെ ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണം.
അണുവിട തെറ്റാത്ത ആസൂത്രണമാണ് ദുബേയുടെ പ്രത്യേകത. തനിക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും നീക്കമുണ്ടായാൽ ആ നിമിഷം അത് ദുബേ അറിയും. പൊലീസിലെ ചാരന്മാരാണ് ഇതിനുപിന്നിൽ. ഇതിന് തക്കതായ പ്രതിഫലം അവരുടെ പോക്കറ്റുകളിൽ കൃത്യമായി എത്തിയിരിക്കും. ഇന്ന് വെളുപ്പിന് നടത്തിയ പൊലീസ് നടപടിയെക്കുറിച്ചും സംഘത്തിന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ഇതിനനുസരിച്ചായിരുന്നു സംഘം ആക്രമണം പ്ളാൻചെയ്തത്.
എല്ലാം കണക്കുകൂട്ടിയതുപോലെ കൃത്യമായി നടന്നു. പൊലീസ് സംഘത്തെ തടയാൻ റോഡിന് കുറുകെ ഒരു ജെ സി ബി നിറുത്തിയിട്ടിരുന്നു. മുന്നോട്ടുപോകാനാവാത്തതിനാൽ പതിനഞ്ചുപേരടങ്ങുന്ന പൊലീസ് സംഘം വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി. അടുത്ത നിമിഷം പൊലീസുകാർക്കുനേരെ തുരുതുരെ വെടിയുണ്ടകൾ ചീറിപ്പാഞ്ഞെത്തി. എന്താണ് സംഭവിക്കുന്നതെന്ന് പൊലീസുകാർക്ക് ഒരു പിടിയും കിട്ടിയില്ല. അതുമനസിലാക്കിയപ്പോൾ തങ്ങളുടെ നിരവധി സഹപ്രവർത്തകരുടെ ജീവൻ നഷ്ടമായിരുന്നു.
ജെ സി ബി നിറുത്തിയിട്ടിരുന്ന സ്ഥലത്തിന് സമീപത്തെ ഉയർന്ന കെട്ടിടങ്ങൾക്ക് മുകളിലാണ് ദുബേയുടെ സംഘം നിലയുറപ്പിച്ചിരുന്നത്. പൊലീസിന്റെ ഭാഗത്ത് കനത്ത ആൾനാശമുണ്ടാക്കാൻ കഴിഞ്ഞതും ഇതിനാൽ തന്നെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |