കൊവിഡിനെ പേടിച്ച് ലോകം വീട്ടിലടച്ചിരിക്കുമ്പോൾ രാജ്യതലസ്ഥാനത്ത് അതേ രോഗവുമായി മുഖാമുഖമുള്ള യുദ്ധത്തിലാണ് മുഹമ്മദ് ചാന്ദ് എന്ന പത്താംക്ലാസുകാരൻ. കൊവിഡ് മൃതദേഹങ്ങൾ ചുമന്ന് സംസ്കരിക്കുന്ന ജോലിചെയ്യാൻ പേടിയില്ലേ...എന്ന ചോദ്യത്തിന് മുന്നിൽ വൈറസിനെയല്ല പട്ടിണിയെയല്ലേ പേടിക്കേണ്ടതെന്ന മറുചോദ്യവുമായി അവൻ തലയുയർത്തി നിൽക്കുന്നു. കൈയിലൊരു നാണയത്തുട്ടുപോലുമെടുക്കാനില്ലാത്ത ആയിരക്കണക്കിന് മുഖങ്ങളുടെ പ്രതിനിധിയായ ചാന്ദിന്റെ ഇരുട്ടിലും വെളിച്ചം പരത്തുന്ന ജീവിതത്തിലേക്ക്....
വൈറസിനെ നമുക്ക് അതിജീവിക്കാം, പക്ഷേ വിശപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാനാകും? കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കാത്ത്, ഡൽഹിയിലെ കൊവിഡ് ആശുപത്രിയായ ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയ്ക്ക് മുന്നിൽ നിൽക്കുന്ന പത്താം ക്ലാസുകാരന്റെ ചോദ്യമാണിത്. കലാപം നടന്ന വടക്ക് കിഴക്കൻ ഡൽഹിയിലെ സീലംപൂർ സ്വദേശി മുഹമ്മദ് ചാന്ദിന്റെ ചോദ്യം എല്ലാവരോടുമായാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ശ്മശാനത്തിലും ഖബറിസ്ഥാനിലുമെത്തിക്കുന്ന ജോലിയാണവന്. സംസ്കാരത്തിന് കൂടെയുണ്ടാവുകയും വേണം. ചുരുക്കി പറഞ്ഞാൽ 'മൃതദേഹം ചുമക്കുന്നവൻ!" മാസശമ്പളം 17,000 രൂപ.
തുടക്കത്തിലെ അവന്റെ ചോദ്യത്തിന്റെ പൊരുൾ പിടികിട്ടി കാണുമല്ലോ! താനടക്കമുള്ള ഏഴുവയറിന് ലോക്ക് ഡൗണിട്ട അതേ കൊവിഡ് തന്നെ, ഇതാ ഇപ്പോൾ കുടുംബത്തിന് അന്നം നൽകുന്നുവെന്ന സത്യം ഒരൽപ്പം പരിഹാസത്തോടെയും അതിലേറെ ഗൗരവത്തോടെയും പങ്കുവയ്ക്കുകയാണ് തലയുയർത്തിപ്പിടിച്ച് മുഹമ്മദ് ചാന്ദ്. കൊവിഡിനെ പേടിച്ച് ലോകം വീട്ടിലടച്ചിരിക്കുമ്പോൾ, പലായനം നടത്തുമ്പോൾ, ഇങ്ങ് രാജ്യതലസ്ഥാനത്ത് കൊവിഡിനോട് ദിവസവും യുദ്ധം ചെയ്യുകയാണ് ഈ പത്താം ക്ലാസുകാരൻ. അതും കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾക്കൊപ്പം യാതൊരു പേടിയുമില്ലാതെ, അല്ലെങ്കിൽ ഉള്ളിലുള്ള കാര്യങ്ങളൊന്നും പുറത്തുകാണിക്കാതെ. രോഗം പകരാനുള്ള സാദ്ധ്യത നൂറിൽ നൂറ് ശതമാനമെന്ന് ചുരുക്കം. ദാരിദ്ര്യവും വിശപ്പും കൂടപ്പിറപ്പായിരുന്നുവെങ്കിലും കൊവിഡും ലോക്ക് ഡൗണും എരിതീയിലേക്ക് എണ്ണ പകരുന്നതായിരുന്നു. വീട്ടുവാടക, വാപ്പയുടേയും ഉമ്മയുടേയും ചികിത്സ, വീട്ടുചെലവ് ഇങ്ങനെ പ്രതിസന്ധികൾ ഓരോന്നായി ജീവിതത്തോട് അനുനിമിഷം കലഹിക്കാനെത്തിയപ്പോൾ മരണത്തെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും ചിന്തിക്കാൻ തന്നെ കഠിനാദ്ധ്വാനിയായ ഈ കൗമാരക്കാരൻ പാടേ മറന്നുപോയി.
പട്ടിണിയാൽ തുന്നിക്കൂട്ടിയ ജീവിതം
കിഴക്കൻ ഡൽഹിയിലെ പുരാനാ സിലംപൂരിൽ കാന്തിനഗർ സ്വദേശിയായ മൊമീനിന്റെയും ഹനീസയുടെയും അഞ്ച് മക്കളിൽ രണ്ടാമനാണ് മുഹമ്മദ് ചാന്ദ്. വാടകവീടുകളിൽ നിന്ന് വാടകവീടുകളിലേക്ക് പലായനം ചെയ്യുന്ന ജീവിതമാണ്. അവിടെ തങ്ങളുടെ വിലാസത്തിന് പ്രസക്തിയൊന്നുമില്ലെന്ന് ചാന്ദ് നിലപാട് വ്യക്തമാക്കുന്നു. പിതാവ് മൊമീൻ ഡൽഹിയിലെ കൃഷ്ണനഗറിലെ ചുമട്ടുതൊഴിലാളിയായിരുന്നു. മൂന്നു വർഷത്തിന് മുൻപ് ചുമടെടുക്കുന്നതിനിടെ വീണു. പിന്നെ രണ്ടുവർഷത്തോളം കിടന്ന കിടപ്പിലായി. തൈറോയ്ഡും വൃക്കരോഗവുമായി ഉമ്മയും ചികിത്സയിലായി. അതോടെ മൂത്ത സഹോദരൻ സാക്കീത് പഠനം നിർത്തി പിതാവിന്റെ വഴിയെ നടന്നു. മുഹമ്മദ് ചാന്ദും സഹോദരിമാരായ റഫിയ, മുസ്കാൻ, സദഫ് എന്നിവർ സ്കൂൾ വിദ്യാർത്ഥികളായും ജീവിതം തുടർന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന കലാപം മുതൽ വീട്ടിലേക്ക് എത്തുന്ന വരുമാനം ഏതാണ്ട് കിട്ടിയാലായി എന്ന നിലയിലായി. മാർച്ച് 23ന് ലോക്ക്ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ വീട്ടിലെ അടുക്കള പൂട്ടി എന്നു തന്നെ പറയാം. പലദിവസങ്ങളിലും ഭക്ഷണം ഒരു നേരമാക്കി കുടുംബം ദിവസങ്ങൾ തള്ളിനീക്കി. '''പട്ടിണിയാണെന്ന് പറഞ്ഞാലല്ലേ പുറത്ത് അറിയൂ..."" എന്ന വാക്കുകളാൽ ഹനീസ മക്കളെ സമാധാനിപ്പിച്ചു. കൊവിഡ് രോഗികളല്ലാതെ, അത്യാവശ്യക്കാരല്ലാത്ത ആരും തന്നെ ആശുപത്രികളിലെത്തേണ്ടെന്ന് കൂടിയായതോടെ സർക്കാർ ആശുപത്രിയിൽ നിന്നുള്ള സൗജന്യ മരുന്നുകളടക്കം എല്ലാം നിന്നു. എന്നിട്ടും ജീവിതം തുടർന്നു. എന്നാൽ വാടക ചോദിച്ചു വീട്ടുടമ വീടു കയറി ഇറങ്ങാൻ തുടങ്ങിയതോടെ ദാരിദ്ര്യം തെരുവിലിറങ്ങി.
തീക്കളിക്ക് ഞാനില്ല
മേയ് അവസാനത്തോടെ ആകെ സമ്പാദ്യമായ ആധാർ കാർഡ് പണയത്തിൽ വച്ച് കുറച്ച് പണം സംഘടിപ്പിച്ച് തരാമോയെന്ന് ചോദിച്ച് സുഹൃത്തിനെ സമീപിച്ചപ്പോഴാണ് ലോക് നായക് ജയ്പ്രകാശ് നാരായൺ ആശുപത്രിയിലെ 'സ്പെഷ്യൽ വേക്കൻസിയെ"ക്കുറിച്ച് ചാന്ദ് അറിയുന്നത്. ആശുപത്രികളിൽ നിന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ ശേഖരിച്ച് ഡൽഹിയിലെ ഖബറിസ്ഥാനിലും ശ്മശാനങ്ങളിലും എത്തിക്കണം. അവ സംസ്കരിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യണം. മാസമാദ്യം അഞ്ചക്ക ശമ്പളം. വീട്ടിൽ ദിവസ വേതനക്കാരെ മാത്രം കണ്ട് ശീലിച്ച ചാന്ദ് മറിച്ചൊന്ന് ചിന്തിക്കാൻ നിൽക്കാതെ നേരെ ആശുപത്രിയിലെത്തി. മൃതദേഹം സംസ്കരിക്കാൻ കരാറെടുത്തയാളിനെ കണ്ട് ജോലി ആവശ്യപ്പെട്ടു. ''ചെറിയ പയ്യനല്ലേ നീ! കൊവിഡ് ബാധിച്ച് ചത്തു പോകും"" എന്ന കരാറുകാരന്റെ ഉപദേശമൊന്നും ചാന്ദിനെ തിരിച്ചയക്കാൻ മതിയാകുന്നതായിരുന്നില്ല. ഇതോടെ ജോലിയും ഉറച്ചു. വീട്ടിലെത്തി ഉമ്മയോടാണ് ആദ്യം കാര്യം പറഞ്ഞത്. പൊന്നുമോനെ നെഞ്ചോട് ചേർത്തു പിടിച്ച് പോകരുതെന്ന് ഉമ്മ വിലക്കി. പിറ്റേന്ന് പുലരുവോളം അവർ കരഞ്ഞു. മരണത്തിലേക്ക് മകനെ കുടുംബം തള്ളി വിടുകയാണല്ലോ എന്ന സങ്കടമായിരുന്നു അവരുടെ ഉള്ളിൽ. മകന്റെ കാലുപിടിക്കാനും ഉമ്മ തയ്യാറായെങ്കിലും ചാന്ദ് പിൻമാറാൻ തയ്യാറായിരുന്നില്ല. ഒപ്പം 'വരുന്നോ" എന്ന് ചേട്ടനും ജോലി വാഗ്ദാനം ചെയ്തു. എന്നാൽ തീക്കളിക്ക് താനില്ലെന്നായിരുന്നു ചേട്ടൻ സാക്കീതിന്റെ മറുപടി.
ദിവസം മുപ്പതിലേറെ മൃതദേഹങ്ങൾ
ജോലിക്ക് തയ്യാറെടുത്ത് അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രിയിലെത്തി. കരാറുകാരൻ ഡ്രെസിംഗ് റൂമിലേക്ക് വിളിച്ച് കൊണ്ടുപോയി കൊവിഡിൽ നിന്ന് സുരക്ഷ ലഭിക്കാനുള്ള വസ്ത്രമായ പി.പി.ഇ. കിറ്റ് നൽകി. സംഗതി ഗംഭീരം. കൈയും കാലും അടക്കം ശരീരം മറഞ്ഞിരിക്കും. പോരാത്തതിന് മുഖം മറയ്ക്കാൻ ഫേസ് ഷീൽഡും. ഇനിയെന്തിന് കൊവിഡിനെ പേടിക്കണമെന്ന ചിന്തയിൽ സ്റ്റൈലായി പുറത്തിറങ്ങി. മൃതദേഹത്തിനായി കാത്തിരുന്നു.ആദ്യ വില്ലൻ ചൂടായി അനുഭവപ്പെട്ടു തുടങ്ങി. ആശുപത്രിയ്ക്കുള്ളിൽ എ.സി. റൂമിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരെപ്പോലും ചൂടിൽ അഗ്നിപരീക്ഷ നടത്തുന്ന പി.പി.ഇ കിറ്റും ധരിച്ച് ഉത്തരേന്ത്യയിലെ കൊടും ചൂടിൽ വെയിലത്ത് ഇറങ്ങി നിന്ന ചാന്ദിനെ സൂര്യൻ വട്ടം ചുറ്റിച്ചു. വാടി തളർന്നുപോയിരുന്നു ആ കുഞ്ഞുമേനി. ഇതിനൊന്നും തന്നെ തോൽപ്പിക്കാനികില്ലെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ച് അവൻ ഒരു ഗ്ലാസ് വെള്ളത്തിന്റെ സഹായത്തോടെ പോരാട്ടത്തിനായി എഴുന്നേറ്റ് നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആദ്യമൃതദേഹം എത്തി. ജീവിതത്തിലാദ്യമായി മൃതദേഹം കാണുകയാണ്. പേടിയും അങ്കലാപ്പും. 'പിടിക്കെടാ " എന്ന കൂടെയുള്ള ജോലിക്കാരന്റെ ആജ്ഞയിൽ കണ്ണും പൂട്ടി മൃതദേഹത്തെ വാരിയെടുത്ത് ആംബുലൻസിൽ കിടത്തി. ശേഷം വണ്ടിക്കുള്ളിൽ കയറി പഞ്ചാബിബാഗിലെ ശ്മശാനത്തിലേക്ക്. ആദ്യമൊക്കെ പത്തിൽ താഴെ മൃതദേഹങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്ന് ചാന്ദ് പറയുന്നു. എന്നാൽ ഇപ്പോൾ 35 മുതൽ 40 വരെ മൃതദേഹങ്ങൾ വിവിധയിടങ്ങളിൽ എത്തിക്കണം. ''ദിവസവും എൺപതിനടുത്ത് ആളുകൾ മരിക്കുന്നുണ്ടല്ലോ. അതുകൊണ്ട് ജോലി കൂടുതലാണ്. എങ്കിലും പുണ്യപ്രവൃത്തിയാണ് ചെയ്യുന്നത് എന്ന ധൈര്യമുണ്ട്. മരിച്ചശേഷം സ്വന്തം ബന്ധുക്കൾക്കുപോലും ഒരുനോക്ക് കാണാൻ കഴിയാത്തവർക്ക് അന്ത്യകർമങ്ങൾ അർപ്പിക്കുന്നത് പുണ്യമല്ലാതെ മറ്റെന്താണ്."" പ്രായം കടക്കുന്ന പക്വതയോടെ ചാന്ദ് പറയുന്നു.
ദൈവമല്ലാതെ മറ്റാരാണ് കൂട്ട്
ആരും സഹായിക്കാനില്ലെന്ന തോന്നൽ ശക്തമാവുമ്പോഴാണ് ദൈവം കൂട്ടുനിൽക്കുമെന്ന ബലം ജീവിതത്തിന് മുതൽകൂട്ടാകുന്നത്. ചാന്ദിന്റെ കാര്യത്തിലും മറിച്ചല്ല. ''മറ്റാർക്ക് അറിയില്ലെങ്കിലും ദൈവത്തിന് എന്റെ കഷ്ടപ്പാടുകൾ അറിയാം, ദൈവം എന്റെ കൂടെയുണ്ട്, ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി എട്ട് മണി വരെയാണ് ജോലി. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് നന്നായി പ്രാർത്ഥിക്കും. ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ നന്നായി കുളിച്ച് വസ്ത്രമൊക്കെ മാറ്റി വൃത്തിയാകും.""ചാന്ദ് പറയുന്നു. ചാന്ദിന്റെ ആത്മവിശ്വാസത്തിനൊന്നും ഉമ്മ ഹനീസയുടെ ആധിയകറ്റാൻ ആയിട്ടില്ല. ''ഇവൻ കുഞ്ഞാണ്. ഒന്നും അറിയില്ല. എന്നാൽ വീട്ടിലെ ദാരിദ്ര്യം ഓർക്കുമ്പോൾ തടയാനുമാകില്ല."" എന്നും ജോലി കഴിഞ്ഞ് തിരിച്ചെത്തിയാൽ വീട്ടുകാർക്ക് കൊവിഡ് ബോധവത്കരണ ക്ലാസ് നൽകലാണ് തന്റെ പ്രധാന ജോലിയെന്ന് ചാന്ദ് പറയുന്നു.
പഠിക്കുന്നത് പത്താം ക്ലാസിലാണെങ്കിലും ചാന്ദിന് പതിനെട്ടു വയസ് പ്രായമുണ്ട്. പഠിക്കാൻ മിടുക്കനല്ലാത്തതല്ല, മറിച്ച് രോഗം വില്ലനായെത്തിയാണ് ചാന്ദിന്റെ മൂന്ന് വർഷം കവർന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഉമ്മയുടെ വൃക്കരോഗത്തിന്റെ ചെറിയ ചില ലക്ഷണങ്ങൾ ചാന്ദിലും കണ്ടെത്തി. മൂത്രത്തിൽ കല്ലായിരുന്നു തുടക്കം. എട്ടാം ക്ലാസിലെത്തിയതോടെ ഓപ്പറേഷൻ ചെയ്തു. പിന്നെ മൂന്ന് വർഷത്തോളം യൂറിൻ ബാഗായിരുന്നു സന്തത സഹചാരി. കൂട്ടുകാരൊക്കെ പഠിച്ച് മുന്നേറി. എന്നാൽ അസുഖം മാറി തിരികെ സ്കൂളിലെത്തി തന്നെക്കാൾ മൂന്ന് വയസ് ഇളപ്പമുള്ളവർക്കൊപ്പം പഠനം തുടർന്നു. ആദ്യമൊക്കെ 'അമ്മാവൻ" എന്ന് വിളിച്ച് പിള്ളേർ കളിയാക്കുമായിരുന്നുവെന്ന് ചാന്ദ് പറയുന്നു. സങ്കടം തോന്നിയോ അപ്പോൾ എന്ന ചോദ്യത്തിന് ''എനിക്ക് വയ്യാത്തത് കൊണ്ടല്ലേ സ്കൂളിൽ പോകാത്തത്. ഈ കളിയാക്കുന്നവർക്ക് അത് അറിയില്ലല്ലോ."" എന്ന് സ്വതസിദ്ധമായ തന്റെ ശൈലിയിൽ ചാന്ദ് പറയുന്നു.
കലാപവും കൊവിഡും കൂടി പത്താം ക്ലാസ് പരീക്ഷയും മുടക്കി. ഇക്കൊല്ലം പരീക്ഷയെഴുതാതെ പ്ലസ് വണ്ണിലേക്ക് പ്രവേശനം നേടുന്ന സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കൊപ്പം ചാന്ദുമുണ്ട്. ഡോക്ടറാകണമെന്നാണ് ചാന്ദിന്റെ ആഗ്രഹം. ജോലി ചെയ്ത് പഠിക്കുമെന്ന് ആത്മവിശ്വാസത്തിന്റെ പര്യായമായ ചാന്ദ് പറയുമ്പോൾ അതിലൊട്ടും അതിശയോക്തി തോന്നുകയുമില്ല. ഓൺലൈൻ ക്ലാസുകൾ ജോലിക്കിടയിലും കേട്ട് പഠിച്ച് മുന്നേറുന്നതിനിടെ പ്രതിസന്ധി കള്ളന്റെ രൂപത്തിൽ വീണ്ടുമെത്തി. ഫോണുമായി മടങ്ങി. അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ പുതിയ ഫോൺ വാങ്ങി പഠനം തുടരുമെന്നും ചാന്ദ് പറയുന്നു. കൊവിഡ് മൃതദേഹങ്ങളുമായുള്ള ജോലി, നന്നായി ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെയെന്ന് ചാന്ദിനെ ആശംസിക്കാൻ പോലും ആകില്ല. ലോകത്തെ തന്നെ മുൾമുനയിൽ നിറുത്തിയിരിക്കുന്ന കൊവിഡെന്ന രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണോ അതോ കടുത്ത ദാരിദ്ര്യത്തിന്റെ ഉപ്പുരസമാണോ ചാന്ദിനെ നയിക്കുന്നതെന്ന് നിശ്ചയവുമില്ല. ചാന്ദിനെപ്പോലെ നൂറ് കണക്കിന് ആരോഗ്യപ്രവർത്തകരും കരാറുകാരും കൊവിഡിനോട് നേരിട്ട് യുദ്ധം ചെയ്യുന്നുണ്ട് ലോകത്താകെ. അസാദ്ധ്യമെന്ന് വിധിയെഴുതിയ പ്രതിബന്ധങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ടവർ മാനുഷിക പരിമിതികൾ തരണം ചെയ്തിട്ടുള്ളവരാണെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്. അത്തരത്തിലൊരാളാണ് ചാന്ദ്. കൊവിഡ് ബാധിതരുടെ മൃതദേഹങ്ങളുമായി ശ്മശാനങ്ങൾ തേടിയുള്ള അവന്റെ യാത്ര തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |