കോട്ടയം: കേരള കോൺഗ്രസിനെ ഇടതുമുന്നണിയേലേക്ക് കൊണ്ടുവരാനുള്ള നിലപാടിൽ ഉറച്ച് സി.പി.എം. എൽ.ഡി.എഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന് കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് സി.പി.എം ആവശ്യപ്പെട്ടതായാണ് സൂചന. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഉടൻ തീരുമാനമെടുക്കണമെന്നാണ് സി.പി.എം നിലപാട്. ഇതേ തുടർന്ന് ഇടതുമുന്നണിയോടുള്ള നിലപാട് വ്യക്തമാക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുകൂട്ടാൻ കേരള കോൺഗ്രസ് തീരുമാനമെടുത്തു. ഈ മാസം എട്ടിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനാണ് തീരുമാനം.
ജോസ് വിഭാഗവുമായുള്ള ബന്ധത്തെ എതിർക്കുന്ന സി.പി.ഐയുടെ നിലപാട് വകവയ്ക്കാതെയാണ് സി.പി.എമ്മിന്റെ തീരുമാനം. സി.പി.ഐക്ക് പിന്നാലെ ജോസ് കെ മാണിയുള്ള സഹകരണത്തെ എതിർത്ത് ജനമതാദൾ എസും രംഗത്തെത്തിയിട്ടുണ്ട്. ജോസിന്റെ മുന്നണി പ്രവേശനത്തെ സ്വാഗതം ചെയ്യുന്ന എൻ.സി.പിയാകട്ടെ പാലാ സീറ്റ് വിട്ടു കൊടുതക്കാനാവില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
കേരളാ കോൺഗ്രസ് ബഹുജന പിന്തുണയുള്ള പാർട്ടിയാണെന്നും ജോസ് വിഭാഗമില്ലാത്ത യു.ഡി.എഫ് കൂടുതൽ ദുർബലമാകുമെന്നുമെന്നുമുള്ള പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ തുടക്കത്തിൽ തന്നെ ജോസ് വിഭാഗത്തിന് അനുകൂല നിലപാടെന്ന സൂചന നൽകിയിരുന്നു. എന്നാൽ അവർ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിലാകും തീരുമാനമെന്നും ഇടതു മുന്നണിയിൽ ചർച്ച ചെയ്ത ശേഷം മാത്രമാകും അന്തിമ തീരുമാനം എന്നുമായിരുന്നു കോടിയേരി പിന്നീട് പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |