അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദര ജില്ലയിലെ, മഹാദേവ്പുര ഗ്രാമത്തിലെ അമ്പത്തിനാലുകാരിയെ കൊലപ്പെടുത്തിയ മുതലയെ വഡോദര വനംവകുപ്പ് പിടികൂടി. 36 മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിലാണ് ദേവ് നദിയിൽ നിന്ന് 13 അടി നീളമുള്ള മുതലയെ പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം.
വെള്ളിയാഴ്ച തുണികഴുകാനെത്തിയ അമ്പത്തിനാലുകാരിയെ മുതല ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. സ്ത്രീയെ രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുതലയുമായുള്ള ദീർഘനേരത്തെ പോരാട്ടത്തിന് ശേഷമാണ് അധികൃതർ സ്ത്രീയുടെ മൃതദേഹം നദിയിൽ നിന്ന് പുറത്തെടുത്തത്.
ഈ വർഷം തുടങ്ങിയതിന് ശേഷമുള്ള മുതലയുടെ മൂന്നാമത്തെ ആക്രമണമാണിത്.മേയ് മാസത്തിൽ ഇതേ മുതല മറ്റൊരു സ്ത്രീയെ സമാനമായ രീതിയിൽ ഒരു കിലോമീറ്ററോളം വലിച്ചിഴച്ചിരുന്നു.ഏഴ് വർഷത്തിലേറെയായി മുതല നദിയിലുണ്ടെന്നും, ഏഴ് പേരെ മാരകമായി ഉപദ്രവിച്ചതായും നാട്ടുകാർ പറയുന്നു. സ്ത്രീയുടെ മൃതദേഹം കിട്ടിയതിന് തൊട്ടുപിന്നാലെ വനംവകുപ്പ് മുതലയെ പിടികൂടാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |