ന്യൂഡൽഹി: ഒരു വർഷം പിന്നിട്ട കേന്ദ്ര മന്ത്രിസഭയിൽ അടുത്തമാസം അഴിച്ചുപണി നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നതായി സൂചന. ഇപ്പോൾ മന്ത്രിസഭയിലുള്ള ചില നേതാക്കൾക്ക് പാർട്ടി ചുമതലകൾ നൽകിയ ശേഷം സാങ്കേതിക വിജ്ഞാനമുള്ള ചിലരെ ഉൾപ്പെടുത്തും.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയും മുതിർന്ന ആർ.എസ്.എസ് നേതാക്കളും തമ്മിൽ നടന്ന കൂടിക്കാഴ്‌ചയാണ് മന്ത്രിസഭാ വികസന ചർച്ചകൾക്ക് വഴിതുറന്നത്. ആർ.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബെലെ, കൃഷ്‌ണഗോപാൽ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്‌ച. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും പങ്കെടുത്തിരുന്നു.
കാബിനറ്റിൽ ചെറിയ തോതിൽ അഴിച്ചു പണി നടത്തുമെന്ന സൂചനയാണ് പ്രധാനമന്ത്രി നൽകിയത്. ചില സഹമന്ത്രിമാർക്ക് പാർട്ടി ചുമതല നൽകിയ ശേഷം, വകുപ്പുകളിൽ ശേഷിയുള്ള പുതുമുഖങ്ങളെ കൊണ്ടുവരാനാണ് ആലോചന. കോൺഗ്രസിൽ നിന്നെത്തി രാജ്യസഭാംഗമായ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. അതേ സമയം, മദ്ധ്യപ്രദേശിൽ സിന്ധ്യയുടെ ആളുകൾക്ക് കൂട്ടത്തോടെ മന്ത്രിസ്ഥാനം നൽകിയത് പാർട്ടിക്കുള്ലിൽ കനത്ത എതിർപ്പ് സൃഷ്‌ടിച്ച സാഹചര്യവും മോദിക്ക് പരിഗണിക്കേണ്ടി വരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |