കാൺപൂർ: കാൺപൂരിൽ എട്ടു പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ പൊലീസുകാരന്റെ മൊഴി പുറത്തുവന്നു. ഈ കേസിൽ ആദ്യമായാണ് ഓപ്പറേഷനിൽ പങ്കെടുത്ത ആളുടെ മൊഴി പുറത്ത് വരുന്നത്. തങ്ങൾക്കു നേരെ തുരുതുരാ വെടി ഉതിർക്കുകയായിരുന്നുവെന്നും സ്ഥല പരിചയമില്ലാത്തതിനാൽ തിരിച്ചടിക്കൽ ഫലപ്രദമായില്ലെന്നും വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിത്തൂർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറായ കൗശലേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ബിത്തൂർ, ശിവഗർ, ചൗബേപൂർ സ്റ്റേഷനുകളിൽ നിന്നായി മൂന്ന് ടീം പൊലീസാണ് വികാസ് ദുബെയെ പിടികൂടാനായി ബിക്രുവിലേക്ക് പോയത്. വ്യാഴാഴ്ച അർദ്ധരാത്രി 12.30നാണ് ഞങ്ങൾ ബിക്രുവിലെത്തിയത്. അവിടെ നിന്ന് വാഹനം നിറുത്തി 150 മീറ്റർ നടന്നപ്പോഴേക്ക് ഒരു ജെ.സി.ബി കണ്ടു. അത് കടന്നതും എവിടെ നിന്നൊക്കയോ വെടി ഞങ്ങൾക്കു നേരെ പാഞ്ഞുവന്നു. വീടിന്റെ മുകളിൽ നിന്നാണ് വെടിയെത്തിയതെന്ന് ആദ്യം മനസിലായി. സ്ഥലത്തിന്റെ പരിചയക്കുറവും ഇരുട്ടും തിരിച്ചടിയായി. വികാസ് ദുബെയെക്കുറിച്ചും അയാളുടെ വീടിരിക്കുന്ന സ്ഥലത്തെക്കുറിച്ചും അറിവുള്ള ചൗബേപൂരിലെ ചില പൊലീസുകാർ തങ്ങൾക്ക് ഒരു പിന്തുണയും നൽകിയില്ല. വെടി കൊണ്ട ഞങ്ങൾ ഒളിക്കാൻ മറ തേടി ഓടി. ഇതിനിടെ പലരും വെടിയേറ്റു വീഴുന്നത് കാണാമായിരുന്നു. പരിക്കേറ്റ കോൺസ്റ്റബിൾമാരായ അജയ് കശ്യപിനെയും അജയ് സിംഗിനെയും സംരക്ഷിക്കേണ്ട ചുമതല കൂടി വന്നുവെന്നും ആശുപത്രി കിടക്കയിൽ കിടന്ന് കൗശലേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
മൂന്നു പേരെ സസ്പെൻഡ് ചെയ്തു
കാൺപൂർ എൻകൗണ്ടർ കേസിൽ അലംഭാവം കാട്ടിയെന്നാരോപിച്ച് മൂന്ന് പൊലീസുകാരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചൗബേപൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ കുൻവർപാൽ, കൃഷ്ണകുമാർ ശർമ്മ, കോൺസ്റ്റബിൾ രാജീവ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പ്രതിഫലത്തുക വീണ്ടും ഉയർത്തി
കൊലപാതകത്തിന്റെ സൂത്രധാരനും മുഖ്യപ്രതിയുമായ വികാസ് ദുബയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ഒരു ലക്ഷത്തിൽ നിന്ന് രണ്ടര ലക്ഷമായി ഉയർത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |