തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാന ജില്ലയിൽ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തലസ്ഥാന നഗരത്തിൽ രോഗബാധിതരെ കണ്ടെത്താൻ ആന്റിജൻ പരിശോധന നടത്തും. നഗരത്തിൽ ഗുരുതരമായ സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. സമൂഹ വ്യാപന ഭീഷണി ശക്തമാണെന്നും ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേയ് മൂന്ന് വരെ 13 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. എന്നാൽ മേയ് നാലു മുതൽ ഇതുവരെ 277 പേർക്ക് രോഗം സ്ഥിരീകരിച്ചു. 61 പേർക്ക് സമ്പർക്കത്തിലുടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. പലതിന്റെയും ഉറവിടം കണ്ടത്താനായിട്ടില്ല.
ട്രിപ്പിൾ ലോക്ക് ഡൗണിൽപ്പെട്ട് ഭക്ഷണത്തിന് ബുദ്ധിമുട്ടുകൾ അറിയിച്ചവർക്ക് ഭക്ഷണമെത്തിക്കാൻ ഓൺലൈൻ വിതരണക്കാർക്കും സന്നദ്ധ സംഘടനകൾക്കും അനുവാദം നൽകി. അടിയന്തരസാഹചര്യം നേരിടുന്ന രോഗികൾക്കും മറ്റുമായി അത്യാവശ്യം സന്ദർഭങ്ങളിൽ മാത്രമേ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുവാദമുള്ളു. ഇരുകുടുംബത്തിൽ നിന്നും പരമാവധി പത്തുപേർ മാത്രം പങ്കെടുത്തുകൊണ്ടുള്ള വിവാഹങ്ങൾ അനുവദിക്കും. വിവരം ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
പലചരക്ക് കടകൾക്ക് രാവിലെ ഏഴു മുതൽ 11 മണിവരെ പ്രവർത്തിക്കാൻ അനുമതി നൽകി. ജനങ്ങൾക്ക് ഏറ്റവും അടുത്തുള്ള കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. അതിനായി സത്യവാങ്മൂലം കൈയ്യിൽ കരുതണം. പരിസരത്ത് ലഭ്യമല്ലാത്ത മെഡിക്കൽ ആവശ്യങ്ങൾക്കും വളരെ അത്യാവശ്യമായ മറ്റ് ആവശ്യങ്ങൾക്കും പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |