കൊവിഡ് ഭേദമായ മദ്ധ്യവയസ്കന് വീട്ടും രോഗം
തൊടുപുഴ: രോഗം ഭേദമായ അമ്പത്തേഴുകാരനടക്കം 20 പേർക്ക് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകനും കരുണാപുരം സ്വദേശിനിക്കും സമ്പർക്കത്തിലൂടെയും രോഗം പകർന്നു. രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കും രോഗം ബാധിച്ചിട്ടുണ്ട്. ഒരു ദിവസം ഇത്രയേറെ പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. ആർക്കും രോഗമുക്തിയില്ല. രോഗം ബാധിച്ചവരെല്ലാം നിരീക്ഷണത്തിലിരുന്നവരാണ്. അബുദാബിയിൽ വെച്ച് രോഗം സ്ഥിരീകരിക്കുകയും ഭേദമാകുകയും ചെയ്ത നെടുങ്കണ്ടം സ്വദേശിക്കാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. ജൂൺ 26ന് കൊച്ചിയിലെത്തിയ ഇദ്ദേഹം ടാക്‌സിയിൽ നെടുങ്കണ്ടത്തെ വീട്ടിലെത്തുകയായിരുന്നു.
സമ്പർക്ക രോഗികൾ
കട്ടപ്പന താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസിലെ ഇ.ആർ.ടി സ്റ്റാഫ് നഴ്‌സായ കോട്ടയം സ്വദേശി (34). ഇവർ കൊവിഡ് രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുവരാൻ പോയിട്ടുണ്ട്.
കരുണാപുരം സ്വദേശിനി (46). ജൂൺ 29ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരുടെ രണ്ടാം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടയാളാണ്. ഭർത്താവിനൊപ്പം കരുണാപുരം പോത്തിൻകണ്ടത്ത് നിരീക്ഷണത്തിലായിരുന്നു.
മറ്റ് രോഗികൾ
ഞായറാഴ്ച കമ്പത്ത് നിന്ന് കുമളി ചെക് പോസ്റ്റ് വഴി എത്തിയ നെടുങ്കണ്ടം സ്വദേശി (28). പനിയും ചുമയും ശരീരവേദനയും ഉണ്ടായിരുന്നതിനാൽ അന്ന് തന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
മുംബെയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ അണക്കര സ്വദേശി (23). ജൂലായ് ഒന്നിനാണ് വിമാനത്തിൽ കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സഹോദരനൊപ്പം ടാക്‌സിയിൽ വീട്ടിലെത്തി.
ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ നഴ്‌സായ വണ്ടൻമേട് സ്വദേശിനി (29) ട്രെയിനിൽ ജൂൺ 18നാണ് കൊച്ചിയിൽ എത്തിയത്. രണ്ട് സഹപ്രവർത്തകർക്കൊപ്പം ടാക്‌സിയിൽ വണ്ടൻമേട്ടിലെ വീട്ടിലെത്തി.
തിരുനെൽവേലിയിൽ നിന്ന് വന്ന പീരുമേട് സ്വദേശി (33). ജൂൺ 22ന് നാട്ടിലെത്തി. തിരുവനന്തപുരം വരെ ഒരു ട്രെയിനിലും കോട്ടയം വരെ മറ്റൊരു ട്രെയിനിലുമാണ് സഞ്ചരിച്ചത്. തുടർന്ന് കോട്ടയത്ത് നിന്ന് പൊൻകുന്നത്തേക്കും അവിടെ നിന്ന് മുണ്ടക്കയത്തേക്കും തുടർന്ന് പീരുമേട്ടിലേക്കും കെ.എസ്.ആർ.ടി.സി ബസുകൾ മാറിക്കയറി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
തൂത്തുക്കുടിയിലേക്ക് ഓട്ടം പോയ അയ്യപ്പൻകോവിൽ സ്വദേശിയായ സിമന്റ് ലോറി ഡ്രൈവർ (47). ജൂൺ 27ന് കമ്പംമെട്ട് ചെക്പോസ്റ്റ് വഴി വണ്ടിപ്പെരിയാറിലെത്തുകയും ബൈക്കിൽ വീട്ടിലെത്തുകയുമായിരുന്നു.
വില്ലുപുരത്ത് നിന്ന് എത്തിയ ആറ് വയസുകാരി. കുമളി സ്വദേശിയായ കുട്ടി സഹോദരങ്ങൾക്കൊപ്പം ടാക്‌സിയിൽ ജൂൺ 24ന് വീട്ടിലെത്തി.
മംഗ്ളൂരുവിൽ നിന്ന് വന്ന അയ്യപ്പൻകോവിൽ സ്വദേശിയായ നാൽപ്പെത്തെട്ടുകാരൻ. ജൂൺ 27ന് കൊച്ചി വരെ ട്രെയിനിലെത്തി. തുടർന്ന് കെ.എസ്.ആർ.ടി.സിയിൽ തൊടുപുഴയിലെത്തി. ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
ഹൈദ്രാബാദിൽ നിന്ന് ഞായറാഴ്ച വിമാനത്തിലാണ് അയ്യപ്പൻകോവിൽ സ്വദേശിനി(39) കൊച്ചിയിലെത്തിയത്. കാറുമായെത്തിയ ഭർത്താവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. രോഗലക്ഷണങ്ങളുള്ളതിനാൽ അന്ന് തന്നെ ആശുപത്രിയിലാക്കി.
ദുബായിൽ നിന്ന് ജൂലായ് രണ്ടിന് കോഴിക്കോടെത്തിയ കഞ്ഞിക്കുഴി സ്വദേശി (39). തൊടുപുഴയിലേക്ക് കെ.എസ്.ആർ.ടി.സിയിലും തുടർന്ന് കാഞ്ചിയാറിലേക്ക് ടാക്‌സിയിലും പോയി.
ജൂൺ 25ന് ഷാർജയിൽ നിന്ന് കൊച്ചിയിൽ എത്തിയ വണ്ടന്മേട് സ്വദേശി(26). കൊച്ചിയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയിൽ വണ്ടന്മേട് വീട്ടിലെത്തി.
ജൂൺ 26ന് ഷാർജയിൽ നിന്ന് കൊച്ചിയിൽ എത്തിയ വണ്ടന്മേട് സ്വദേശി(23). കൊച്ചിയിൽ നിന്ന് സ്വന്തം വണ്ടിയിൽ വണ്ടന്മേട് വീട്ടിലെത്തി.
ജൂൺ 24ന് ദോഹയിൽ നിന്ന് കോഴിക്കോട് എത്തിയ കരുണാപുരം സ്വദേശി (24). കോഴിക്കോട് നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തൊടുപുഴ എത്തി. അവിടെ നിന്ന് ടാക്‌സിയിൽ കരുണാപുരത്തു വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
ജൂൺ 25ന് ഷാർജയിൽ നിന്ന് കൊച്ചിയിൽ എത്തിയ രാജാക്കാട് സ്വദേശി(26). കൊച്ചിയിൽ നിന്ന് സ്വന്തം വണ്ടിയിൽ രാജാക്കാട് എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ജൂൺ 27ന് ദുബായിൽ നിന്ന് കൊച്ചിയിൽ എത്തിയ നെടുങ്കണ്ടം സ്വദേശി (29). കൊച്ചിയിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
ഡൽഹിയിൽ നിന്ന് വിമാനത്തിൽ ജൂൺ 26ന് കൊച്ചിയിൽ എത്തിയ കരിമണ്ണൂർ സ്വദേശിനി (23). കൊച്ചിയിൽ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ്
പശ്ചിമ ബംഗാളിൽ നിന്ന് ബസിൽ അടിമാലിയിൽ വന്ന പശ്ചിമ ബംഗാൾ സ്വദേശികൾ (57, 21 ). ജൂൺ 24ന് 30 പേരടങ്ങുന്ന സംഘമായി വന്ന ഇവർ കൊവിഡ് സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |