തിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസിലെ സ്വപ്ന സുരേഷ് ഒരാഴ്ചയിലധികമായി ഒളിവിൽ പാർക്കുന്നത് ആരുടെ പിൻബലത്തിലും സംരക്ഷണയിലുമാണെന്ന് ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചശേഷം താനടക്കമുള്ളവർക്ക് പുറത്ത് ഇറങ്ങാനുള്ള സാഹചര്യം പൂർണ്ണമായി നിഷേധിച്ച സർക്കാരാണിത്. നഗരം താഴിട്ട് പൂട്ടിയ സാഹചര്യത്തിൽ സ്വപ്ന സുരേഷ് ഒളിവിൽ പാർക്കണമെങ്കിൽ ഉന്നത ബന്ധങ്ങളും സംരക്ഷണവും അനിവാര്യമാണ്. എല്ലാ തെളിവുകളും അനായാസേന നശിപ്പിക്കാനുള്ള സമയം സർക്കാർ ഉറപ്പുവരുത്തി.
ഒളിവിലിരുന്ന് സ്വപ്ന സുരേഷ് ടി.വി ചാനലുകൾക്ക് ശബ്ദസന്ദേശം നൽകിയത് ഗുരുതര വീഴ്ചയാണ്. എല്ലാ മന്ത്രിമാരുമായും ബന്ധമുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. ഉന്നതരെയെല്ലാം വെള്ള പൂശാനാണ് ഇവർ ശ്രമിക്കുന്നത്. ഐ.ടി സെക്രട്ടറിയെയും സ്പീക്കറെയും അതീവ കരുതലോടെ സംരക്ഷിക്കാനും ശ്രമിക്കുന്നു. രാജ്യാന്തര മാനങ്ങളുള്ള കേസിൽ അന്വേഷിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയാണ് എല്ലാവരെയും വെല്ലുവിളിച്ച് ന്യായീകരണവുമായി രംഗത്തുവന്നത്.
മുഖ്യമന്ത്രി, സ്പീക്കർ, നിരവധി മന്ത്രിമാർ, ഉന്നതപൊലീസുദ്യോഗസ്ഥർ തുടങ്ങിയവരാണ് സംശയത്തിന്റെ നിഴലിലുള്ളത്.അതിനാൽ സർക്കാർ വഴിവിട്ട എല്ലാ നീക്കങ്ങളും നടത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |