ബാഴ്സലോണയോട് തോറ്റ എസ്പാന്യോളിന് ലാ ലിഗ തരംതാഴ്ത്തൽ ഉറപ്പായി
ബാഴ്സലോണ : 26 കൊല്ലക്കാലം കളിച്ച സ്പാനിഷ് ലാ ലിഗയിൽ നിന്ന് അടുത്ത സീസണിൽ മാറിക്കൊടുക്കേണ്ട ദുർവിധി ഏറ്റുവാങ്ങി എസ്പാന്യോൾ. കഴിഞ്ഞ രാത്രി ബാഴ്സലോണയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെയാണ് എസ്പാന്യോളിന് തരംതാഴ്ത്തൽ ഉറപ്പായത്.
രണ്ടാം പകുതിയിൽ ലൂയിസ് സുവാരേസ് നേടിയ ഗോളിനായിരുന്നു ബാഴ്സലോണയുടെ വിജയം.
ബാഴ്സലോണയുടെ തട്ടകമായ ക്യാംപ് നൗവിൽ നടന്ന മത്സരം പത്തുപേരുമായാണ് ഇരു ടീമുകളും പൂർത്തിയാക്കിയത്. 51-ാം മിനിട്ടിൽ നടത്തിയ ഫൗളിന് ബാഴ്സ സ്ട്രൈക്കർ അൻസു ഫത്തിയാണ് ആദ്യം ചുവപ്പുകണ്ട് മടങ്ങിയത്. പിന്നാലെ എസ്പാന്യോൾ താരം പോൾ ലൊസാനോ പിക്വെയെ ഫൗൾ ചെയ്തതിന് ചുവപ്പുകാർഡ് കണ്ടു. ഇതിന് പിന്നാലെ 56-ാം മിനിട്ടിൽ ഗ്രീസ്മാന്റെ പാസിൽ നിന്ന് മെസി തൊടുത്തഷോട്ട് പ്രതിരോധത്തിൽ തട്ടിത്തെറിച്ചത് പിടിച്ചെടുത്തായിരുന്നു സുവാരേസ് സ്കോർ ചെയ്തത്.
ഇൗ വിജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 76 പോയിന്റായ ബാഴ്സലോണ പട്ടികയിൽ റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാംസ്ഥാനത്ത് തുടരുകയാണ്. റയലിന് 34 മത്സരങ്ങളിൽ നിന്ന് 77 പോയിന്റാണുള്ളത്. ബാഴ്സയ്ക്ക് മൂന്നും റയലിന് നാലും മത്സരങ്ങളാണ് ശേഷിക്കുന്നത്. 35 മത്സരങ്ങളിൽ നിന്ന് 24 പോയിന്റ് മാത്രം നേടാനായ എസ്പാന്യോൾ 20 ടീമുകൾ കളിക്കുന്ന ലീഗിൽ അവസാന സ്ഥാനക്കാരാണ്. അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ഇക്കുറി ജയിക്കാൻ കഴിഞ്ഞത്.
1994ന് ശേഷം ആദ്യമായാണ് എസ്പാന്യോൾ ലാ ലിഗയിൽ നിന്ന് തരംതാഴ്ത്തപ്പെടുന്നത്.
195 ഗോളുകളോടെ ലൂയിസ് സുവാരേസ് ബാഴ്സയുടെ ആൾടൈം ലീഡിംഗ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാമതേക്ക് എത്തി.മെസി(630),സീസർ(232) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |