തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് സാഹചര്യം അതിരൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് മാത്രം ജില്ലയിൽ 129 പേരിലാണ് കൊവിഡ് ബാധ കണ്ടെത്തിയത്. ഇതിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നതെന്ന വസ്തുതയും ആശങ്ക വർദ്ധിപ്പിക്കുന്നു. തീരദേശ പ്രദേശമായ പൂന്തുറയിൽ സ്ഥിതി ഇപ്പോഴും അതിരൂക്ഷമായി തന്നെ തുടരുകയാണ്.
തിരുവനന്തപുരത്ത് അഞ്ച് ക്ളസ്‌റ്ററുകളാണുളളതെന്നും ഒരു പ്രത്യേക പ്രദേശത്ത് അൻപതിലധികം രോഗികൾ ഉണ്ടാകുമ്പോഴാണ് ക്ളസ്‌റ്ററുകളാകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
തിരുവനന്തപുരം നഗരത്തിലെ മൂന്ന് വാർഡുകൾ ലാർജ് കമ്മ്യൂണിറ്റി ക്ളസ്‌റ്ററുകളാണ്. 129 പേർ ജില്ലയിൽ രോഗം ബാധിച്ചതിൽ 105 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മറ്റൊരു ലാർജ് കമ്മ്യൂണിറ്റി ക്ളസ്‌റ്റർ പൊന്നാനിയിലാണ്. മുഖ്യമന്ത്രി പറഞ്ഞു.
സമ്പർക്ക രോഗികൾ സംസ്ഥാനത്ത് കൂടുന്നത് അപകടകരമായ സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് മാത്രം 416 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 204 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
രോഗബാധിതരിൽ 123 പേർ വിദേശരാജ്യങ്ങളിൽ നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 51പേരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 112 പേർക്കാണ് രോഗം ഭേദമായത്. നിലവിൽ സംസ്ഥാനത്ത് സമ്പർക്കരോഗികൾ ആകെ 20.64% ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |