ന്യൂഡൽഹി: 2018-19 കാലത്ത് രാജ്യത്ത് നടത്തിയ സെന്‍സസ് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചു.
കടുവകളുടെ എണ്ണം രേഖപ്പെടുത്താനായി നടത്തിയ സെന്‍സസാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്.ക്യാമറകള്‍ ഉപയോഗിച്ച് നടത്തിയ ഏറ്റവും വലിയ വന്യജീവി സര്‍വേ എന്ന റെക്കോഡാണ് സെന്‍സസ് കൈവരിച്ചത്.രാജ്യത്തെ കടുവ സെന്‍സസിന്റെ നാലാം പതിപ്പായിരുന്നു 2018-19 സമയത്ത് നടത്തിയത്.ശേഖരിച്ച ഡാറ്റയുടെയും, ഉപയോഗിച്ച ഉപകരണങ്ങളുടെയും വിവരം വെച്ച് ലോകത്ത് നടന്ന ഏറ്റവും സമഗ്രമായ വന്യജീവി സര്‍വേ എന്നാണ് ഗിന്നസ് അധികൃതര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
മോഷന്‍ സെന്‍സര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറ ട്രാപ്പുകള്‍ രാജ്യത്തെ 141 സ്ഥലങ്ങളിലെ 46,848 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധിയിലാണ് സ്ഥാപിച്ചത്.സെന്‍സസിന് വേണ്ടിയാണ് ഇത് സ്ഥാപിച്ചത്.ക്യാമറ ട്രാപ്പുകളുടെ എണ്ണം 26,838 ആണ്.34,858,623 ചിത്രങ്ങളാണ് ഈ ക്യാമറ ട്രാപ്പുകള്‍ ഉപയോഗിച്ച് പകർത്തിയത്.ഇതില്‍ 76,651 ചിത്രങ്ങള്‍ കടുവയുടെയും, 51,777 ചിത്രങ്ങള്‍ പുലികളുടെതുമാണ്. ബാക്കി ചിത്രങ്ങൾ മറ്റു ജീവികളുടേതാണ്.ചിത്രങ്ങളില്‍ നിന്നും വനംവകുപ്പ് കുട്ടി കടുവകള്‍ അടക്കം 2,461 കടുകവകളെ തിരിച്ചറിഞ്ഞിട്ടുണ്ട്.അവയുടെ ശരീരത്തിലെ സ്ട്രിപ്പുകളുടെ വ്യത്യാസം വച്ചാണ് തിരിച്ചറിഞ്ഞത്.ക്യാമറ ട്രാപ്പിന് പുറമേ കടുവകളുടെ എണ്ണം അറിയാന്‍ അവയുടെ കാലടികളുടെ പരിശോധനയും നടന്നിരുന്നു.ഇത്തരത്തില്‍ 522,996 കിലോമീറ്റര്‍ ചുറ്റളവില്‍ കടുവകളുടെ 317,958 കാല്‍പ്പാടുകള്‍ പരിശോധിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ മൂന്ന് ഘട്ടമായി പരിശോധിച്ചാണ് അന്തിമ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.ഇന്ത്യയില്‍ കടുവകളുടെ എണ്ണം വര്‍ദ്ധിച്ചതായി ആയിരുന്നു റിപ്പോര്‍ട്ട്. 2014 ലെ സര്‍വേയില്‍ കണ്ടെത്തിയത് 2,226 കടുവകളെയാണ്. 2018 ലെ ഗിന്നസ് റെക്കോഡ് സര്‍വേയില്‍ ഇത് 2927 ആയി ഉയര്‍ന്നിട്ടുണ്ട്.ഇന്ത്യയിലെ കടുവകളില്‍ ഭൂരിഭാഗവും മധ്യപ്രദേശ്, കര്‍ണ്ണാടക, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ്. ഇവിടെ മാത്രം 1492 കടുവകള്‍ ഉണ്ടെന്നാണ് കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |