ചെന്നൈ: തമിഴ്നാട്ടിലെ കൂഡല്ലൂരിൽ എസ്.ബി.ഐയുടെ പേരിൽ വ്യാജ ബാങ്ക് നടത്തി നിക്ഷേപകരെ കബളിപ്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ മൂന്നുമാസമായി പനുർതിയിൽ പ്രവർത്തിക്കുന്ന
എസ്.ബി.ഐയുടെ ബ്രാഞ്ച് വ്യാജമാണെന്ന് നിക്ഷേപകരും നാട്ടുകാരും അറിയുന്നത് ഇവിടെ പൊലീസ് എത്തിയപ്പോഴാണ്. കേസിൽ കമൽ ബാബു (19), എ. കുമാർ (42), എം. മാണിക്യം (52) എന്നിവരെ പനുർതി പൊലീസ് അറസ്റ്റ് ചെയ്തു.
മുൻ എസ്.ബി.ഐ ജീവനക്കാരന്റെ മകനായ കമൽ ബാബുവാണ് വ്യാജ ബാങ്കിന് പിന്നിൽ. യഥാർത്ഥ ബാങ്കിനു സമാനമായ രീതിയിൽ ചെല്ലാൻ, ലോക്കർ, മറ്റ് ഡോക്യുമെന്റുകൾ, കമ്പ്യൂട്ടറുകൾ എന്നിവ വ്യാജ ബാങ്കിലും സജ്ജീകരിച്ചിരുന്നു. യഥാർത്ഥ ബാങ്കിന്റെ സെറ്റപ്പിലായിരുന്നു പ്രവർത്തനവും. പനുർതി ബസാർ ബ്രാഞ്ചിനെക്കുറിച്ച് എസ്.ബി.ഐ കസ്റ്റമറിൽ ഒരാൾ തന്റെ ബ്രാഞ്ച് മാനേജരോട് ചോദിച്ചപ്പോൾ മാത്രമാണ് ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് എസ്.ബി.ഐ അറിയുന്നത്. സോണൽ ഓഫീസിൽ വിവരം തിരക്കിയപ്പോൾ അങ്ങനെ ഒരു ബ്രാഞ്ചിന് അനുമതി നൽകിയിട്ടില്ലെന്ന് മറുപടി ലഭിച്ചു. തുടർന്ന് കമൽബാബുവിന്റെ ബാങ്കിലെത്തിയ യഥാർത്ഥ ബാങ്ക് ജീവനക്കാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.
ജോലി കൊടുക്കാത്ത ദേഷ്യം
അച്ഛനും അമ്മയും ബാങ്ക് ജീവനക്കാരായതുകൊണ്ടു തന്നെ ബാങ്കിന്റെ പ്രവർത്തനങ്ങൾ കമൽ ബാബുവിന് സുപരിചിതമാണ്. അച്ഛൻ 10 വർഷം മുൻപ് സർവീസിലിരിക്കെ മരിച്ചതോടെ ആശ്രിത നിയമനത്തിനായി കമൽബാബു അപേക്ഷ നൽകി. ഏറെനാൾ കഴിഞ്ഞിട്ടും അപേക്ഷയിൽ നടപടി ആകാത്തതിലുള്ള പ്രതിഷേധമാണ് വ്യാജബാങ്ക് സജ്ജീകരിക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.ബാങ്കിലെ ഒരു ഇടപാടുകാരും ഇവർക്കെതിരെ പരാതിയുമായി എത്തിയിട്ടില്ല. ആരെയും വഞ്ചിക്കുകയല്ല ലക്ഷ്യമിട്ടതെന്നും ബാങ്കിൽ ജോലി ചെയ്യുകയെന്ന ആഗ്രഹം സാദ്ധ്യമാക്കുകയായിരുന്നു ഇതിനു പിന്നിലത്തെ ലക്ഷ്യമെന്നുമാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |