തിരുവനന്തപുരം: പൂന്തുറ പ്രദേശത്ത് സദുദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരെ മോശക്കാരായി ചിത്രീകരിക്കാൻ ഒരു പ്രധാന പത്രം വ്യാജ വാർത്ത നൽകിയത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പൂന്തുറ പ്രദേശം ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായ ഘട്ടത്തിൽ ചില കുത്സിത ശക്തികൾ അഭ്യൂഹങ്ങൾ പരത്തി ജനങ്ങളെ തെരുവിൽ ഇറക്കിയത് നമ്മൾ ഇന്നലെ കണ്ടു. ആ പ്രദേശത്തെ ജനങ്ങളെ ബോധവത്കരിച്ച് മഹാമാരിയിൽ നിന്ന് രക്ഷനേടാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധ പ്രവർത്തകരും അവിടെ ഉണ്ടായിരുന്നു. എന്നാൽ, ഒരു പത്രം ചിത്രം സഹിതം അത് മോശമായി പ്രസിദ്ധീകരിച്ചു.
ആ വ്യാജ ചിത്രത്തിലുള്ളത് ഇടതുപക്ഷ പ്രവർത്തകരായ ബെയ്ലിദാസും ബേബിമാത്യുവും ആണ്. ജനങ്ങൾ തെരുവിൽ ഇറങ്ങിയപ്പോൾ അവരെ സമാധാനിപ്പിക്കാനും പിന്തിരിപ്പിക്കാനും സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്തു. അതിനായി പുരോഹിതന്മാരുടെയും പ്രാദേശിക നേതാക്കളുടെയും സഹായവും തേടി.
അപ്പോൾ അവിടെ നിന്ന് എടുത്ത ദൃശ്യങ്ങളിൽ നിന്ന് പുരോഹിതരെയും പൊലീസിനെയും അടർത്തി മാറ്റി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ജനങ്ങളെ തെരുവിലിറക്കിയത് സർക്കാരിനോട് ചേർന്ന് നിൽക്കുന്നവരാണെന്ന് പ്രചരിപ്പിക്കുന്നത് മാദ്ധ്യമ നൈതികതയല്ല. കൊവിഡ് ഭീതിയിൽ അല്ലാത്തപ്പോൾ പോലും ചെയ്യാൻ പാടില്ലാത്തതാണ്.
തീരദേശത്ത് കൂടുതൽ ശ്രദ്ധകൊടുക്കേണ്ട അവസ്ഥ വന്നത് ആരുടെയും കുറ്റം കൊണ്ടല്ല. ആളുകൾ തമ്മിൽ കൂടുതൽ ഇടപഴകുന്ന അവസ്ഥ അവിടെയുള്ളതു കൊണ്ടാണ്. അത്തരമൊരു അവസ്ഥയിൽ ഏറ്റവും ശ്രദ്ധയോടെയുള്ള ഇടപെടലുകളാണ് ആവശ്യം. ദൈനംദിനം കടലിൽ പോയി ജീവനോപാധി കണ്ടെത്തുന്ന നമ്മുടെ സഹോദരങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾമൂലം വിഷമിക്കുകയാണ്. അവർക്ക് സഹായങ്ങളെല്ലാം നൽകേണ്ട ഘട്ടമാണിത്.
കേരളം മഹാപ്രളയം നേരിട്ടപ്പോൾ എല്ലാം മറന്ന് സ്വയം നമ്മുടെ സൈന്യമായി രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയവരാണ് ഇന്ന് ദുരിതം അനുഭവിക്കുന്നത്. അതുകൊണ്ടുതന്നെയാണ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആവുന്നതെല്ലാം സർക്കാർ ചെയ്യുന്നത്. ഇങ്ങനെയുള്ള ഘട്ടത്തിൽ ആ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയാണ് മാദ്ധ്യമങ്ങളുടെയും എല്ലാ രാഷ്ട്രീയകക്ഷികളുടെയും കടമയെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അവർക്ക് യോജിച്ച പിന്തുണ നൽകിയേ തീരൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |