തിരുവല്ല: ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന്റെ ബൈക്കുമായി പട്ടാപ്പകൽ മോഷ്ടാവ് കടന്നു.തിരുവല്ല പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ ഹീറോ ഹോണ്ടാ ബൈക്കാണ് മോഷണം പോയത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് നഗരമദ്ധ്യത്തിലെ എസ്.സി.എസ് ജംഗ്‌ഷനിലായിരുന്നു സംഭവം. ബൈക്ക് സമീപത്തെ അടച്ചിട്ട കടമുറിക്ക് മുമ്പിൽ പാർക്ക് ചെയ്തശേഷം പൊലീസുകാരൻ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. തന്റെ ബൈക്കിന്റെ സീറ്റിൽ ഒരു യുവാവ് ഇരിക്കുന്നത് ഇതിനിടെ പൊലീസുകാരൻ കാണുകയും ചെയ്തു. പൊരി വെയിലത്തുള്ള ജോലിക്കിടെ പൊലീസുകാരൻ ദാഹമകറ്റാൻ നാരങ്ങാവെള്ളം കുടിക്കാൻ പോയ തക്കംനോക്കി ബൈക്കിന്റെ പെട്രോൾ ടാങ്ക് ബാഗിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. നാരങ്ങാ വെള്ളം കുടിച്ച് തിരികെയെത്തിയപ്പോൾ ബൈക്ക് കണ്ടില്ല. ഇതേതുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടർന്ന് എസ്.സി.എസ് ജംഗ്ഷനിൽ ഉൾപ്പെടെയുള്ള സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും സമീപത്തെ ബാറിൽ യുവാവ് ബൈക്കുമായി എത്തുന്ന ദൃശ്യവും ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |