ന്യൂഡൽഹി: റോഡിൽ ബൈക്ക് അഭ്യാസം നടത്തുന്നത് വിലക്കിയ യുവാവിനെ പതിനേഴുകാരൻ കുത്തിക്കൊന്നു. ഡ്രൈവറായി ജോലിനോക്കുന്ന രഘുബീർ നഗർ സ്വദേശി മനീഷ് എന്ന ഇരുപത്തഞ്ചുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ ആഴത്തിലുളള മുപ്പതോളം കുത്തുകളേറ്റിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പതിനേഴുകാരനെയും സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റുചെയ്തു.
അമിതവേഗത്തിലും ശബ്ദത്തിലും ബൈക്കോടിക്കുന്നത് പതിനേഴുകാരന്റെ പതിവാണ്. പ്രദേശവാസികൾ പലതവണ വിലക്കിയെങ്കിലും ഇയാൾ കാര്യമാക്കിയില്ല. കൊല്ലപ്പെട്ട മനീഷും ഇയാളെ നേരത്തേ പലതവണ താക്കീതുചെയ്തിരുന്നു. കഴിഞ്ഞദിവസം വീണ്ടും അമിത വേഗത്തിൽ ബൈക്കോടിച്ചതിന് വീണ്ടും മനീഷ് താക്കീതുചെയ്തു. ഇതിൽ കലിപൂണ്ടായിരുന്നു കൊലപാതകം നടത്തിയത്.
കൂട്ടുകാരെ വിളിച്ചുവരുത്തി മനീഷിനെ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. മനീഷിനൊപ്പം ഉണ്ടായിരുന്നവർ വീട്ടിലേക്കുപോയ തക്കം നോക്കി സംഘംചേർന്ന് ആക്രമിക്കുകയായിരുന്നു. പതിനേഴുകാരനാണ് മനീഷിനെ കുത്തിയത്. സുഹൃത്തുക്കൾ പ്രതിയെ പിടിച്ചുമാറ്റി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ഇയാൾ തിരികെയെത്തി വീണ്ടും കുത്തുന്ന ദൃശ്യങ്ങളും ലഭിച്ചതായി പോലീസ് പറഞ്ഞു.സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ സി സി ടി വി ദൃശ്യത്തിന്റെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |